പ്രണയിച്ച ഡോക്ടർ മറ്റൊരു വിവാഹം ചെയ്തു; ഭാര്യയായ വനിതാ ഡോക്ടർക്ക് എച്ച്ഐവി രക്തം കുത്തിവച്ച് നഴ്സിന്റെ പ്രതികാരം
റോഡപകടം സൃഷ്ടിച്ച ശേഷമായിരുന്നു പ്രതികൾ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവച്ചത്.

- Published:
26 Jan 2026 10:44 AM IST

അമരാവതി: തന്നെ ഉപേക്ഷിച്ചതിന്റെ പകയിൽ ഡോക്ടറുടെ ഭാര്യയുടെ ശരീരത്തിൽ എച്ച്ഐവി പോസിറ്റീവ് രക്തം കുത്തിവച്ച് നഴ്സിന്റെ പ്രതികാരം. ആന്ധ്രാപ്രദേശിലെ കുർണൂലിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറുടെ രക്തത്തിലാണ് യുവതി എച്ച്ഐവി അടങ്ങിയ രക്തം കുത്തിവച്ചത്. സംഭവത്തിൽ നഴ്സ് ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. അദോനിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ബി. ബോയ വസുന്ധര (34), കോങ്ക ജ്യോതി (40), ഇവരുടെ ആൺമക്കൾ എന്നിവരാണ് അറസ്റ്റിലായത്.
പ്രതിയായ നഴ്സുമായി മുമ്പ് പ്രണയത്തിലായിരുന്നു കുത്തിവെപ്പിന് ഇരയായ വനിതാ ഡോക്ടറുടെ ഭർത്താവ്. എന്നാൽ പിന്നീട് ഇദ്ദേഹം മറ്റൊരു വിവാഹം ചെയ്തത് നഴ്സിനെ നിരാശയിലാക്കി. ഇതോടെ, ഡോക്ടറുടെ ഭാര്യയെ അപായപ്പെടുത്താൻ വസുന്ധര പദ്ധതിയിടുകയായിരുന്നു. റോഡപകടം സൃഷ്ടിച്ച ശേഷമായിരുന്നു പ്രതികൾ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവച്ചത്.
ജനുവരി ഒമ്പതിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഉച്ചഭക്ഷണം കഴിക്കാനായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുന്നതിനിടെ, വിനായക് ഘട്ടിലെ കെസി കനാലിന് സമീപമെത്തിയപ്പോൾ വസുന്ധരയടക്കം രണ്ട് പേർ ബൈക്കിലെത്തി ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് വനിതാ ഡോക്ടർക്ക് പരിക്കേൽക്കുകയും സഹായം ചെയ്യാനെന്ന വ്യാജേന പ്രതികൾ ഇവരുടെ അടുത്തെത്തുകയുമായിരുന്നു.
ഡോക്ടറെ ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതിനിടെ എച്ച്ഐവി പോസിറ്റീവായ രക്തം കുത്തിവയ്ക്കുകയും ചെയ്തു. പിന്നാലെ, പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുർണൂൽ സർക്കാർ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെയാണ് എച്ച്ഐവി ബാധിതനായ ഒരാളുടെ രക്ത സാമ്പിൾ വസുന്ധര സംഘടിപ്പിച്ചത്. ഗവേഷണ ആവശ്യത്തിനെന്ന് പറഞ്ഞാണ് ഇവർ രക്ത സാമ്പിൾ വാങ്ങിയത്. പിന്നാലെ അത് തന്റെ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയുമായിരുന്നു.
സംഭവത്തിനിടെ, പ്രതികളെത്തിയ വാഹനത്തിന്റെ നമ്പർ വനിതാ ഡോക്ടർ മനസിലാക്കിയിരുന്നു. ഇത് പൊലീസിനെ അറിയിച്ചു. സംഭവത്തിൽ വനിതാ ഡോക്ടറുടെ ഭർത്താവ് കുർണൂൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. ഈ മാസം 24നാണ് പ്രതികൾ വലയിലായത്. ഭാരതീയ ന്യായ് സംഹിത 126(2), 118(1), 272 -3(5) വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച വനിതാ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണ്.
Adjust Story Font
16
