'വേദന സഹിക്കാൻ പഠിക്കൂ, എന്റെ ഭാര്യയെ കണ്ടില്ലേ...?'; ആർത്തവ അവധി നിഷേധിച്ച് മാനേജർ; ജോലി രാജിവച്ച് യുവതി
ഓരോരുത്തരിലും ആർത്തവ വേദനയും അത് സഹിക്കാനുള്ള കഴിവും വ്യത്യാസപ്പെട്ടിരിക്കുമെന്ന് യുവതി പറഞ്ഞെങ്കിലും മാനേജർ ഗൗനിച്ചില്ല.

- Updated:
2026-02-05 17:14:03.0

ന്യൂഡൽഹി: ആർത്തവ അവധി ചോദിച്ച ജീവനക്കാരിയോട് വേദന സഹിക്കാൻ പഠിക്കൂ എന്ന് മാനേജർ. പിന്നാലെ ജോലി രാജിവച്ച് യുവതി. മാനേജറുടെ നിരുത്തരവാദപരവും സ്ത്രീവിരുദ്ധവുമായ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു രാജി. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെയാണ് യുവതി താൻ നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഇന്ത്യൻ വർക്ക്പ്ലേസ് ഫോറം എന്ന അക്കൗണ്ടിലൂടെയാണ് യുവതി ഇക്കാര്യം അറിയിച്ചത്.
ആർത്തവ വേദനയെ അവഗണിച്ച മാനേജർ, അതിനെ തന്റെ ഭാര്യയുടെ അവസ്ഥയുമായി താരതമ്യം ചെയ്തെന്നും യുവതിയുടെ പോസ്റ്റിൽ പറയുന്നു. തന്റെ ഭാര്യക്കും ആർത്തവമുണ്ടാവാറുണ്ടെന്നും എന്നാൽ അവൾ ജോലി ചെയ്യാറുണ്ടല്ലോയെന്നുമായിരുന്നു മാനേജറുടെ വാദം. എന്നാൽ ഓരോരുത്തരിലും ആർത്തവ വേദനയും അത് സഹിക്കാനുള്ള കഴിവും വ്യത്യാസപ്പെട്ടിരിക്കുമെന്ന് യുവതി പറഞ്ഞതോടെയാണ്, 'വേദന സഹിക്കാൻ പഠിക്കൂ' എന്ന് മാനേജറുടെ മറുപടി നൽകിയത്. അതേസമയം, യുവതിയുടെ പേരോ സ്ഥലമോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
യുവതിയുടെ കുറിപ്പ് ഇങ്ങനെ: 'ആർത്തവ വേദന അസഹനീയമാവുന്ന സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് മാസമായി ഞാൻ ഓരോ സിക്ക് ലീവ് വീതം എടുക്കാറുണ്ട്. ഒരു ദിവസം മാനേജർ എന്നെ അയാളുടെ ഓഫീസിലേക്ക് വിളിക്കുകയും ലീവിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. ലീവിന്റെ കാര്യകാരണങ്ങൾ ഇ-മെയിലിൽ വിശദമായി പറഞ്ഞിട്ടുണ്ടെന്ന് ഞാൻ മറുപടി നൽകി. എന്നാൽ, തന്റെ ഭാര്യക്കും ആർത്തവം ഉണ്ടാകാറുണ്ടെന്നും അവൾ ജോലി ചെയ്യാറുണ്ടല്ലോ എന്നുമായിരുന്നു അയാളുടെ മറുപടി'.
'ഓരോ സ്ത്രീകളുടെയും ആർത്തവ വേദനയും അത് സഹിക്കാനുള്ള അവരുടെ കഴിവും വ്യത്യസ്തമാണെന്ന് ഞാൻ പറഞ്ഞു. വേദന മൂലം എനിക്ക് തലകറക്കമുണ്ടാവുന്ന അവസ്ഥയെത്തിയതോടെയാണ് ഞാൻ ലീവെടുത്തതെന്നും പറഞ്ഞു. എന്നാൽ, വേദന സഹിക്കാൻ പഠിക്കൂ, അതിൽ കുറച്ചുകൂടി സഹിഷ്ണുത കാണിക്കൂ എന്നായിരുന്നു മാനേജർ പറഞ്ഞത്. നിങ്ങളെന്താ കളിയാക്കുകയാണോ എന്ന് ഞാൻ ചോദിച്ചു'- യുവതി വിശദമാക്കി.
സംഭവത്തിൽ യുവതിയെ അനുകൂലിച്ചും മാനേജറെ വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ആർത്തവ വേദനയെ മാനിക്കാതെയുള്ള പരാമർശം അംഗീകരിക്കാനാവില്ലെന്നും വേദന ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കാമെന്നും മാനേജർമാർ ജീവനക്കാരുടെ അനുഭവങ്ങൾ താരതമ്യം ചെയ്യുകയോ തള്ളിക്കളയുകയോ ചെയ്യരുതെന്നും നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
Adjust Story Font
16
