'എസ്ഐആർ തടയില്ല, തടസമുണ്ടാക്കാൻ അനുവദിക്കില്ല'; ബംഗാൾ സർക്കാരിന്റെ ഹരജിയിൽ സുപ്രിംകോടതി
ബംഗാളിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയപരിധി സുപിംകോടതി ഒരു ആഴ്ച കൂടി നീട്ടുകയും ചെയ്തു.

- Updated:
2026-02-09 12:01:53.0

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിവരുന്ന വോട്ടർ പട്ടിക തീവ്ര പരിഷ്കരണ(എസ്ഐആർ) ത്തിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി. എസ്ഐആർ പ്രക്രിയയ്ക്ക് തടസമുണ്ടാക്കാൻ പാടില്ലെന്ന് സുപ്രിംകോടതി സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു. എസ്ഐആർ ചോദ്യം ചെയ്ത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഉത്തരവ്.
തടസമുണ്ടാക്കുകയല്ല, തടസങ്ങൾ നീക്കാനാണ് തങ്ങളുദ്ദേശിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഏതെങ്കിലും വിധത്തിൽ എസ്ഐആറിൽ തടസമുണ്ടാക്കലോ വൈകിപ്പിക്കലോ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. 'ഞങ്ങൾ തടസങ്ങൾ നീക്കും. എന്നാൽ, എസ്ഐആർ പൂർത്തിയാക്കുന്നതിൽ ഒരു തടസവും ഉണ്ടാക്കില്ല. അക്കാര്യം വ്യക്തമായി പറയുകയാണ്'- ചീഫ് ജസ്റ്റിസ് വിശദമാക്കി.
'എന്തെങ്കിലും ഉത്തരവുകളോ വ്യക്തതയോ ആവശ്യമാണെങ്കിൽ അത് പുറപ്പെടുവിക്കും. എന്നാൽ എസ്‌ഐആർ പ്രക്രിയയ്ക്ക് ഒരു തടസവുമുണ്ടാക്കാൻ അനുവദിക്കില്ല. ഇത് എല്ലാ സംസ്ഥാനങ്ങളും മനസിലാക്കണം'- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.
പുനഃപരിശോധനാ നടപടിക്രമങ്ങൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എൻ.വി അഞ്ജരിയ എന്നിവരുൾപ്പെടുന്ന ബെഞ്ച് നിർദേശിച്ചു. ബംഗാളിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയപരിധി സുപിംകോടതി ഒരു ആഴ്ച കൂടി നീട്ടുകയും ചെയ്തു. സൂക്ഷ്മപരിശോധന പൂർത്തിയാക്കാനാണ് സമയം നീട്ടിയത്. നേരത്തെ ഫെബ്രുവരി 14 ആയിരുന്നു അവസാന തീയതി.
അതേസമയം, എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങളിൽ ബംഗാൾ ഡിജിപിയോട് കോടതി വിശദീകരണം തേടി. മറുപടി സത്യവാങ്മൂലം സമർപ്പിക്കാനാണ് സുപ്രിംകോടതി നിർദേശം. ആക്രമണങ്ങളിൽ നടപടി എടുത്തില്ലെന്ന കമ്മീഷന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി.
മുതിർന്ന അഭിഭാഷകനായ ഡി.എസ് നായ്ഡുവാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായത്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ (ഇആർഒ) നിയമനത്തെക്കുറിച്ച് അദ്ദേഹം ആശങ്ക ഉന്നയിച്ചു. അർധ- ജുഡീഷ്യൽ പ്രവർത്തനങ്ങൾ ചെയ്യുന്ന ഇആർഒകമാർക്ക് മതിയായ വിധിനിർണയ പരിചയം ഉണ്ടായിരിക്കണമെന്നും അദ്ദേഹം വാദിച്ചു.
എസ്‌ഐആർ ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുധനാഴ്ച സുപ്രിംകോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എസ്‌ഐആറിന്റെ പേരിൽ ബംഗാളിനെ ലക്ഷ്യമിടുകയാണെന്ന് മമത ചൂണ്ടിക്കാട്ടിയിരുന്നു. എസ്‌ഐആറിൽ ആധാർ കാർഡ് രേഖയായി പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ മമത, എന്തുകൊണ്ടാണ് അസമിൽ എസ്‌ഐആർ നടപ്പാക്കാത്തതെന്നും ചോദിച്ചിരുന്നു.
തൊഴിൽ സമ്മർദം താങ്ങാനാവാതെ ബിഎൽഒമാർ ഉൾപ്പടെ ആത്മഹത്യ ചെയ്തു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ആണിതെന്നും മമത പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ മമമത ബാനർജി ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകണമെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിരുന്നു. 2025ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മമത ബാനർജി സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രിംകോടതിയിൽ സ്വന്തം കേസ് നേരിട്ട് വാദിക്കുന്ന ആദ്യത്തെ സിറ്റിങ് മുഖ്യമന്ത്രിയായി ഇതോടെ മമത ബാനർജി മാറുകയും ചെയ്തു.
Adjust Story Font
16
