Quantcast

യെലഹങ്ക ബുൾഡോസർ രാജ്: കേരളത്തിൽ നിന്നുള്ള ഇടപെടൽ വേണ്ടെന്ന് കർണാടക സിപിഎം

കേരള സിപിഎം ഇടപെട്ട് വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്‌നത്തിൽ ശ്രദ്ധതിരിക്കാൻ കാരണമാകുമെന്ന് കർണാടക സിപിഎം കേരള ഘടകത്തെ അറിയിച്ചതായി 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2025-12-29 06:50:45.0

Published:

29 Dec 2025 11:23 AM IST

യെലഹങ്ക ബുൾഡോസർ രാജ്: കേരളത്തിൽ നിന്നുള്ള ഇടപെടൽ വേണ്ടെന്ന് കർണാടക സിപിഎം
X

ബെംഗളൂരു: യെലഹങ്കയിൽ ബുൾഡോസർ ഉപയോഗിച്ച് ആളുകളെ കുടിയൊഴിപ്പിച്ചതിൽ കേരളത്തിൽ നിന്നുള്ള ഇടപെടൽ വേണ്ടെന്ന് കർണാടക സിപിഎം. സംസ്ഥാനത്തെ പാർട്ടിക്ക് വിഷയം സ്വന്തം നിലയിൽ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. കേരള സിപിഎം ഇടപെട്ട് വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്‌നത്തിൽ ശ്രദ്ധതിരിക്കാൻ കാരണമാകുമെന്നും കർണാടക സിപിഎം പാർട്ടിയുടെ കേരള ഘടകത്തെ അറിയിച്ചതായി 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു.

യെലഹങ്ക കുടിയൊഴിപ്പിക്കലിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതോടെ കേരളത്തിൽ ഇത് വലിയ ചർച്ചയായിരുന്നു. ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് കർണാടകയിൽ കോൺഗ്രസ് സർക്കാരും നടപ്പാക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. വസ്തുതകൾ മനസ്സിലാക്കാതെ കർണാടകയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടരുതെന്ന മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ രംഗത്തെത്തി.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ ഇടപെടലാണ് മുഖ്യമന്ത്രി നടത്തുന്നത് എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം. അതേസമയം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കർണാടക മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. അതേസമയം അനധികൃത കുടിയേറ്റം ഒഴിപ്പിക്കുകയാണ് ചെയ്തതെന്നും ഇതിനെ മുസ്‌ലിം വിരുദ്ധ നീക്കമായി ഉയർത്തിക്കാണിക്കുന്നത് ശരിയല്ലെന്നുമാണ് കർണാടക കോൺഗ്രസ് നേതാക്കൾ പറയുന്നത്. സർക്കാർ നടപടിയെ കെ.സി വേണുഗോപാൽ വിമർശിച്ചതിലും കർണാടക നേതാക്കൾക്ക് അതൃപ്തിയുണ്ട്.

കെ.സി വേണുഗോപാൽ കേരളത്തിൽ മുഖ്യമന്ത്രി പദവി ലക്ഷ്യമിടുന്നുണ്ട്. അതിന്റെ ഭാഗമായാണ് പിണറായി വിജയൻ ഉന്നയിച്ച ഒരു വിഷയത്തിൽ അദ്ദേഹം എടുത്തുചാടുന്നത്. ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തര പ്രശ്‌നങ്ങളിൽ എഐസിസി ഇടപെടുന്നത് ശരിയല്ലെന്നും കർണാടക കോൺഗ്രസ് നേതാക്കലെ ഉദ്ധരിച്ച് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം, കെ.ടി ജലീൽ എംഎൽഎ തുടങ്ങിയവരും യെലഹങ്ക സന്ദർശിച്ചിരുന്നു. 150 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തതെന്ന് റഹീം പറഞ്ഞു. ആയിരത്തോളം പേർ കുടിയിറക്കപ്പെട്ടു. ഇരകളിൽ ഭൂരിഭാഗവും മുസ്‌ലിംകളും ദലിതരുമാണെന്നും റഹീം പറഞ്ഞിരുന്നു.

TAGS :

Next Story