' നിങ്ങളുടെ ഡബിൾ എൻജിൻ തമിഴ്‌നാട്ടിൽ ഓടില്ല '; മോദിക്ക് മറുപടിയുമായി സ്റ്റാലിൻ
'ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളേക്കാൾ വികസനത്തിൽ മുന്നിലുള്ളത് ബിജെപി ഇതരപാർട്ടികൾ നയിക്കുന്ന സംസ്ഥാനങ്ങൾ '- എം.കെ സ്റ്റാലിൻ

- Published:
24 Jan 2026 4:02 PM IST

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരട്ട എൻജിൻ സർക്കാർ പ്രയോഗത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നിങ്ങളുടെ ഡബിൾ എൻജിൻ തമിഴ്‌നാട്ടിൽ ഓടില്ലെന്ന് പറഞ്ഞ സ്റ്റാലിൻ ബിജെപി സർക്കാറുകൾ നയിക്കുന്ന സംസ്ഥാനങ്ങളേക്കാൾ വികസനത്തിൽ മുന്നിലുള്ളത് ബിജെപി ഇതരപാർട്ടികൾ നയിക്കുന്ന സംസ്ഥാനങ്ങളാണെന്നും പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ വിവിധ പ്രതിസന്ധികളെ മറികടന്നാണ് തമിഴ്‌നാട്ടിൽ വലിയ വികസനം സാധ്യമായതെന്നും സ്റ്റാലിൻ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.
ബിജെപി ഭരിക്കുന്ന, പ്രധാനമന്ത്രിയുടെ രീതിയിൽ പറഞ്ഞാൽ 'ഡബിൾ എഞ്ചിൻ' സർക്കാറുകളുള്ള സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ എന്നിവയേക്കാൾ വികസനത്തിൽ ഏറെ മുന്നിലാണ് തമിഴ്നാട്, കേരളം, തെലങ്കാന, കർണാടക, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനോട് കേന്ദ്രസർക്കാർ കാണിക്കുന്ന വഞ്ചന എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും ജനങ്ങൾ അത് മറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തോട് കേന്ദ്രം കാണിക്കുന്ന അവഗണന ഉയർത്തിക്കാണിക്കാൻ ചില ചോദ്യങ്ങളും തമിഴ്‌നാട് മുഖ്യമന്ത്രി ഉയർത്തി. സമഗ്രശിക്ഷ പദ്ധതി പ്രകാരം തമിഴ്‌നാടിന് ലഭിക്കാനുള്ള 3458 കോടി രൂപ എപ്പോൾ അനുവദിക്കും ?, മണ്ഡല പുനർനിർണയത്തിന്റെ പേരിൽ തമിഴ്‌നാട്ടിൽ ലോക്‌സഭ സീറ്റുകളുടെ എണ്ണം കുറക്കില്ലെന്ന് ഉറപ്പു നൽകാമോ ? ബിജെപി ഏജന്റിനെ പോലെ പ്രവർത്തിക്കുന്ന ഗവർണറുടെ ഭരണം എപ്പോൾ അവസാനിക്കും ? മധുര, കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതികൾക്ക് എന്നായിരിക്കും അനുമതി ലഭിക്കുകയെന്നും സ്റ്റാലിൻ ചോദിച്ചു.
Adjust Story Font
16
