Quantcast

കാല് പോയാലും കാര്യം നടക്കണം; ഭിന്നശേഷി സംവരണത്തിൽ എംബിബിഎസ് പ്രവേശനം കിട്ടാൻ കാൽപാദം മുറിച്ചുമാറ്റി യുവാവ്

ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ ചെയ്തെങ്കിലും അധികം താമസിയാതെ പിടിക്കപ്പെട്ടു.

MediaOne Logo
Youth amputates foot seeks disability quota in admission for MBBS
X

AI Image

ലഖ്നൗ: വിവിധ കോഴ്സുകളിൽ പ്രവേശനം കിട്ടാനും പരീക്ഷ ജയിക്കാനും കോപ്പിയടി പയറ്റുന്നവരുണ്ട്. എന്നാൽ പ്രവേശനം കിട്ടാൻ സ്വന്തം കാല് തന്നെ മുറിച്ചുമാറ്റിയാലോ...? അങ്ങനൊക്കെ ആരെങ്കിലും ചെയ്യുമോ എന്ന് ചിന്തിക്കാൻ വരട്ടെ, ഒരാൾ അതും ചെയ്തു... രണ്ട് തവണ പ്രവേശന പരീക്ഷ (നീറ്റ്) എഴുതിയിട്ടും എംബിബിഎസ് സീറ്റ് ലഭിക്കാത്ത യുവാവാണ് ഇത്തരമൊരു വളഞ്ഞവഴി സ്വീകരിച്ചത്.

ഉത്തർപ്രദേശിലെ ജോൻപുർ സ്വദേശി സുരാജ് ഭാസ്കറാണ് കടുംകൈ ചെയ്തത്. കാൽപാദം മുറിച്ചശേഷം ഭിന്നശേഷി സംവരണത്തിൽ പ്രവേശനം നേടാനായിരുന്നു ഇയാളുടെ ശ്രമം. ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ ചെയ്തെങ്കിലും അധികം താമസിയാതെ പിടിക്കപ്പെട്ടു.

ഞായറാഴ്ച രാത്രി അജ്ഞാതർ വീട്ടിൽ കയറി ആക്രമിച്ച് കാൽ വെട്ടിയെന്നും സുരാജ് ബോധരിഹതനായതോടെ അവർ രക്ഷപെട്ടെന്നുമായിരുന്നു സഹോദരൻ ആകാശ് പൊലീസിനെ അറിയിച്ചത്. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണത്തിനിടെ സുരാജിന്റെ മൊഴിയിലും ഫോൺ പരിശോധനയിലും പൊരുത്തക്കേടുകൾ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് 'ഭിന്നശേഷി സർട്ടിഫിക്കറ്റ്' സംഘടിപ്പിച്ച് മെഡിക്കൽ പ്രവേശനം നേടുകയായിരുന്നു ഉദ്ദേശ്യമെന്ന് മനസിലായത്.

സുരാജിന്റെ ഡയറിയിൽ 'ഞാൻ 2026 ൽ എംബിബിഎസ് ഡോക്ടറാകും' എന്ന് എഴുതിവച്ചിരിക്കുന്നതും പൊലീസ് കണ്ടെത്തി. പലതവണ ശ്രമിച്ചിട്ടും ലക്ഷ്യം നേടാനാവാതെ വന്നതിന്റെ മനോവിഷമത്തിലാണ് യുവാവ് ഇത്തരമൊരു വളഞ്ഞവഴി സ്വീകരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

തട്ടിപ്പിലൂടെ പ്രവേശനം നേടാൻ ശ്രമിക്കുകയും കെട്ടിച്ചമച്ച കഥയിലൂടെ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെതിരെ കൂടുതൽ നിയമനടപടികൾ നടന്നുവരികയാണെന്ന് പൊലീസ് പറ‍ഞ്ഞു. ഇയാൾ‌ക്കെതിരെ ഏത് വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് അറിയാൻ നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. അതേസമയം, കാല് മുറിച്ചുമാറ്റിയ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

TAGS :

Next Story