രാഷ്ട്രപതി ഭരണം അവസാനിക്കുന്നു; മണിപ്പൂരിൽ യുംനം ഖേംചന്ദ് പുതിയ മുഖ്യമന്ത്രിയാകും
സംസ്ഥാനത്തെ 20 ബിജെപി എംഎൽഎമാർ ദില്ലിയിൽ എത്തിയിരുന്നു

ഇംഫാൽ: മണിപ്പൂരിലെ രാഷ്ട്രപതിഭരണം അവസാനിപ്പിച്ച് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ബിജെപി. പ്രസിഡന്റ് ഭരണത്തിന്റെ കാലാവധി പൂർത്തിയാകാനിരിക്കെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ യുംനം ഖേംചന്ദിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
സംസ്ഥാനത്തെ 20 ബിജെപി എംഎൽഎമാർ ദില്ലിയിൽ എത്തിയിരുന്നു. ഇന്നലെയാണ് ബിജെപി നേതാക്കൾ ദില്ലിയിലെത്തിയത്. സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് എംഎൽഎമാർ എത്തിയതെന്ന അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു. ഈ മാസം 12-നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 13നാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ്ങിന്റെ രാജിയെ തുടർന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമസഭാ സമ്മേളനം ചേരാനുള്ള സമയപരിധിയും ഇന്നലെ അവസാനിച്ചിരുന്നു. തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
മണിപ്പൂർ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ബിരേൻ സിങ്ങിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയോട് അതൃപ്തിയുള്ള ബിജെപി എംഎൽഎമാരും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന റിപ്പോർട്ട് വന്നതോടെയാണ് ബിരേൻ സിങ് പടിയിറങ്ങിയത്.
Adjust Story Font
16

