'സുബീന്‍ ഗാര്‍ഗിൻ്റെ ചിത്രത്തിന് ചെ ഗുവേരയുടെ ഛായ'; ചുവര്‍ചിത്രം മായ്ച്ച സംഭവത്തില്‍ ഹിമന്ത ബിശ്വക്കെതിരെ പ്രതിഷേധം
അസമില്‍ ഒരു 'വിപ്ലവകാരിയുടെ' ചിത്രം വരയ്ക്കണമെങ്കില്‍ ചെ ഗുവേരയുടേതിന് പകരം 'ഉള്‍ഫ' നേതാവ് പരേഷ് ബറുവയുടെ ചിത്രം വരയ്ക്കാമെന്ന ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശം വിവാദത്തില്‍

ഗുവാഹതി: അന്തരിച്ച പ്രശസ്ത അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ ചുവര്‍ചിത്രം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഇടപെട്ട് നീക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രതിഷേധം വ്യാപകം. ചിത്രത്തിന് ക്യൂബന്‍ വിപ്ലവ നേതാവ് ചെ ഗുവേരയുമായി സാമ്യമുണ്ടെന്ന് കാട്ടിയാണ് ഹിമന്ത ചിത്രം നീക്കാന്‍ നിര്‍ദേശിച്ചതെന്നാണ് വിമർശനം. ചിത്രം വരച്ച മാര്‍ഷല്‍ ബറുവയ്ക്ക് എസ്എഫ്‌ഐയുമായി ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു. എന്നാല്‍, നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്‌ഐ നീക്കം.
ഗുവാഹത്തിയിലെ ഗണേശ്ഗുരി ഫ്‌ളൈഓവറിന് കീഴില്‍ വരച്ച സുബീന്‍ ഗാര്‍ഗിന്റെ ചുവര്‍ചിത്രമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. സര്‍ക്കാരിന്റെ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ക്കിടെ ചിത്രം ഭാഗികമായി മായ്ക്കുകയായിരുന്നു. ഇത് സർക്കാർ നിർദേശപ്രകാരമാണെന്നാണ് ആരോപണം. പിന്നാലെ, ചിത്രത്തിന് ചെ ഗുവേരയുടെ ഛായയുണ്ടെന്ന് മുഖ്യമന്ത്രി ആരോപിക്കുകയും ചെയ്തു. ചിത്രം വരച്ച മാര്‍ഷല്‍ ബറുവയ്ക്ക് എസ്എഫ്‌ഐ ബന്ധമുണ്ടെന്നും ഹിമന്ത ബിശ്വ ആരോപിച്ചിരുന്നു. അസമിന് ചെഗുവേരയുമായി എന്താണ് ബന്ധം? ക്യൂബ മയക്കുമരുന്ന് കച്ചവടത്തിന്റെ കേന്ദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസമില്‍ ഒരു 'വിപ്ലവകാരിയുടെ' ചിത്രം വരയ്ക്കണമെങ്കില്‍ ചെ ഗുവേരയുടേതിന് പകരം 'ഉള്‍ഫ' നേതാവ് പരേഷ് ബറുവയുടെ ചിത്രം വരയ്ക്കാമെന്ന ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശവും വിവാദമായിട്ടുണ്ട്. എന്നാല്‍ ബറുവയുടെ ആശയങ്ങളെയോ പ്രവര്‍ത്തനങ്ങളെയോ പിന്തുണയ്ക്കുന്നില്ലെന്നും, അദ്ദേഹം ദീര്‍ഘകാലമായി ഒരു ലക്ഷ്യത്തിനായി പോരാടുന്ന വ്യക്തിയാണെന്ന അര്‍ഥത്തിലായിരുന്നു പരാമര്‍ശമെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
അതേസമയം, മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി ചിത്രകാരന്‍ മാര്‍ഷല്‍ ബറുവ രംഗത്തെത്തി. ചെ ഗുവേരയോടുള്ള ആരാധന കൊണ്ടാണ് അങ്ങനെ വരച്ചതെന്നാണ് ചിത്രകാരന്റെ വാദം.
ഇതിന് പിന്നാലെ, പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ചുവര്‍ചിത്രങ്ങള്‍ വരയ്ക്കാന്‍ അനുവദിക്കില്ലെന്നും, അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹിമന്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഭാവിയില്‍ സുബീന്‍ ഗാര്‍ഗിന്റെ ചുവര്‍ചിത്രങ്ങളും ശില്‍പങ്ങളും നിര്‍മിക്കുമ്പോള്‍ എല്ലാവരും ഒരേ മാതൃക പിന്തുടരണമെന്നും, അതിനായി ഗായകന്റെ ഭാര്യ അംഗീകരിച്ച ചിത്രം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗണേശ്ഗുരി ഫ്‌ളൈഓവറിന് കീഴിലെ ചിത്രം ചിത്രകാരന്മാര്‍ തന്നെ മായ്ച്ചതാണെന്നും, സര്‍ക്കാര്‍ അത് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
Adjust Story Font
16

