Quantcast

'അഭിനയമാണ് എന്റെ ദൈവം; മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി'; ഇത് കേരളത്തിന്റെ സ്വീകരണമായി കാണുന്നെന്നും മോഹൻലാൽ

'അംഗീകാരങ്ങളെയും വിമർശനങ്ങളേയും സമഭാവത്തോടെ കാണുന്നു. ഞാൻ അഭിനയത്തെ അനായാസമായല്ല കാണുന്നത്'.

MediaOne Logo

Web Desk

  • Updated:

    2025-10-04 14:57:47.0

Published:

4 Oct 2025 6:53 PM IST

Acting is my God and Thanks to the Chief Minister and the government Says Mohanlal
X

Photo|MediaOne

തിരുവനന്തപുരം: അഭിനയമാണ് തന്റെ ദൈവമെന്നും ആദരം നൽകിയ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദിയെന്നും നടൻ മോഹൻലാൽ. ഇത് കേരളത്തിന്റെ സ്വീകരണമായി കണക്കാക്കുന്നു. കാഴ്ചക്കാരൻ ഇല്ലെങ്കിൽ കലാകാരനോ കലാകാരിയോ ഇല്ലെന്നും മോഹൻലാൽ പറഞ്ഞു. ദാദാസാഹെബ് ഫാൽ‌കെ അവാർഡ് നേടിയതിൽ സംസ്ഥാന സർക്കാരിന്റെ ആദരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു താരം.

പുരസ്‌കാരം നേടിയപ്പോൾ ദാദാ സാഹെബ് ഫാൽക്കെയുടെ ജീവിതം തന്റെ മനസിലൂടെ ഒരു തിരശ്ശീലയിലെന്ന പോലെ കടന്നുപോയി. എല്ലാ ഇന്ത്യൻ അഭിനേതാക്കളും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഒപ്പം ജോലി ചെയ്ത പ്രമുഖർ, മടുപ്പില്ലാതെ കണ്ട മലയാളികൾ, ഇത് തന്നെയാണോ എന്റെ തൊഴിൽ എന്ന് ചിന്തിച്ചപ്പോഴൊക്കെ ലാലേട്ടാ എന്ന് വിളിച്ചുണർത്തിയവർ. കരിയറിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. വാനോളം പുകഴ്ത്തലും പാതാളത്തോളം താഴ്ത്തുന്ന പഴിയും വിമർശനങ്ങളും ശകാരങ്ങളും ഉണ്ടായിട്ടുണ്ട്.

'അംഗീകാരങ്ങളെയും വിമർശനങ്ങളേയും സമഭാവത്തോടെ കാണുന്നു. ഞാൻ അഭിനയത്തെ അനായാസമായല്ല കാണുന്നത്. കാണുന്നവർക്ക് ഞാൻ അനായാസമായി അഭിനയിക്കുന്ന പോലെ തോനുന്നുണ്ടെങ്കിലും അത് എനിക്കു തന്നെ അറിയാത്ത ശക്തി ചെയ്യിക്കുന്നതാണ്. പുരസ്കാരം മലയാളികളുടെ സംസ്കാരത്തിന്റെ ഷോകേസിലേക്ക് സമർപ്പിക്കുന്നു. എനിക്ക് സ്വീകരണം നൽകുന്നത് മലയാളികളും അവർ തെരഞ്ഞെടുത്ത സർക്കാരുമാണ്. എന്റെ നാടിന്റെ മണ്ണിൽ സ്വീകരണം ഒരുക്കിയ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നന്ദി'.

'അഭിനയകാലത്തെ ഒരു മഹാനദിയായി സങ്കൽപ്പിച്ചാൽ തീരത്തെ മരച്ചില്ലയിൽ നിന്നും അതിലേക്കു വീണ ഇലയാണ് ഞാൻ. ഒഴുക്കിൽ മുങ്ങിപ്പോകുമ്പോഴൊക്കെ ആ ഇലയെ പ്രതിഭയുടെ കൈയൊപ്പുള്ള കൈകൾ താങ്ങിനിർത്തി വീണ്ടും ഒഴുകൂ എന്ന് പറയുന്നു. നന്ദിയാരോട് ഞാൻ ചൊല്ലേണ്ടൂ... ഇപ്പോഴും ഞാൻ ആ മഹാനദിയുടെ പ്രഭാവത്തിലാണ്. മുങ്ങിപ്പോകുമ്പോഴൊക്കെ ആരൊക്കെയോ താങ്ങിനിർത്തുന്നു. കണ്ടുകണ്ട് മനുഷ്യർക്ക് മടുക്കുന്ന കാലം വരെ എന്നെ ഇരുത്തരുത് എന്നാണ് പ്രാർഥന. മടുപ്പ് മാറ്റുന്നത് വ്യത്യസ്ത കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് എഴുത്തുകാരും പകർത്തുന്നത് ഛായാഗ്രഹകരും ഒരുക്കുന്നത് സംവിധായകരുമാണ്'- മോഹൻലാൽ കൂട്ടിച്ചേർത്തു.

മോഹൻലാലിനെ പോലെ മലയാളിയെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടൻ ഇല്ലെന്നും അദ്ദേഹം നേടിയ പുരസ്കാരം മലയാള സിനിമയുടെ സുവർണ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ജനിച്ചതുകൊണ്ട് മാത്രം ഓസ്കർ കിട്ടാതെ പോയ നടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ മഹാപ്രതിഭകൾക്കൊപ്പം അമൂല്യമായ സിംഹാസനം കരസ്ഥമാക്കിയ ഇതിഹാസ താരമാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മോഹൻലാലിനെ പൊന്നാട അണിയിച്ച മുഖ്യമന്ത്രി സർക്കാരിന്റെ മെമന്റോയും കൈമാറി.



TAGS :

Next Story