'യുപിയില്‍ ഏജൻസികളെ വാടകയ്‌ക്കെടുത്ത് ബിജെപി ഫോം 7 ദുരുപയോഗം ചെയ്യുന്നു': അഖിലേഷ് യാദവ്
''സമാജ്‌വാദി പാർട്ടി പരമ്പരാഗതമായി വിജയിക്കാറുള്ള ബൂത്തുകളിലാണ് ഈ ഏജൻസികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്''

- Published:
9 Feb 2026 2:45 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ എസ്ഐആറിനെ ബിജെപി വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് സമാജ് വാദി പാർട്ടി(എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്.
വോട്ടർ പട്ടികയിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാന്‍ സർക്കാർ ചില പ്രൊഫഷണൽ ഏജൻസികളെ വാടകയ്‌ക്കെടുത്തതായും ഡല്‍ഹിയിലിരുന്ന് പോലും ഏജന്‍സി ഉദ്യോഗസ്ഥർ പണിയെടുത്ത് ബിജെപിക്ക് അനുകൂലമാക്കുന്നതായും അഖിലേഷ് ആരോപിച്ചു.
'സമാജ്‌വാദി പാർട്ടി പരമ്പരാഗതമായി വിജയിക്കാറുള്ള ബൂത്തുകളിലാണ് ഈ ഏജൻസികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടർന്ന് അത്തരം ബൂത്തുകളിലെ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനായി 'ഫോം 7' അപേക്ഷകൾ അയക്കുകയാണ്, ഇത് ജനം തിരിച്ചറിയുകയും പ്രതിഷേധം നടക്കുകയും ചെയ്യുന്നുണ്ട്'- അഖിലേഷ് യാദവ് പറഞ്ഞു.
മാധ്യമ റിപ്പോർട്ടുകൾ, വിവിധ യൂട്യൂബ് ചാനലുകൾ, ഗ്രൗണ്ടിൽ നിന്നുള്ള മാധ്യമപ്രവർത്തകർ എന്നിവരിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തനിക്ക് ലഭിച്ചതെന്ന് എസ്പി അധ്യക്ഷൻ വെളിപ്പെടുത്തി. മാധ്യമപ്രവർത്തകർക്കും ഡിജിറ്റൽ മീഡിയയുമായി ബന്ധപ്പെട്ടവർക്കും നന്ദി പറഞ്ഞ അദ്ദേഹം, തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളെക്കുറിച്ച് പല റിപ്പോർട്ടർമാരും ഉത്തരവാദിത്തത്തോടെ വാർത്തകൾ നൽകുകയും ജനങ്ങളെ വിവരങ്ങൾ അറിയിക്കുകയും ചെയ്തുവെന്നും വ്യക്തമാക്കി.
'എസ്ഐആർ രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളെ ഇതിനകം സ്വാധീനിച്ചിട്ടുണ്ട്. ബിഹാർ തെരഞ്ഞെടുപ്പിൽ എസ്ഐആറിലൂടെയാണ് ബിജെപി വിജയം നേടിയത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലും സമാന ശ്രമങ്ങൾ നടക്കുന്നു. നിഷ്പക്ഷത പാലിക്കാനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനുണ്ട്'- അഖിലേഷ് യാദവ് വ്യക്തമാക്കി. ഫോം 7 ആസൂത്രിതമായി ദുരുപയോഗം ചെയ്യുന്നത് ഉടനടി നിർത്തണമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യാദവ് ആവശ്യപ്പെട്ടു
Adjust Story Font
16
