Quantcast

നിയമസഭാ തെരഞ്ഞെടുപ്പ്: നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നതായി വി. ശിവൻകുട്ടി; വർഗീയതയ്‌ക്കെതിരെ ജനം പ്രതികരിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ

എൽഡിഎഫിന് അനുകൂലമായ ജനമുന്നേറ്റം ഉണ്ടാകുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പ്രത്യാശ പ്രകടിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2026-04-09 05:29:54.0

Published:

9 April 2026 9:55 AM IST

നിയമസഭാ തെരഞ്ഞെടുപ്പ്: നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നതായി വി. ശിവൻകുട്ടി; വർഗീയതയ്‌ക്കെതിരെ ജനം പ്രതികരിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ
X

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ, സംസ്ഥാനത്ത് ഇടതുമുന്നണി ചരിത്രപരമായ മൂന്നാം ഊഴം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ് നേതാക്കൾ. വികസനത്തുടർച്ച ആഗ്രഹിക്കുന്ന ജനങ്ങൾ ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷം നൽകുമെന്നും യുഡിഎഫിനെ ഭരണമേൽപ്പിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രിമാരായ എം.ബി രാജേഷും പി. രാജീവും പ്രതികരിച്ചു. വികസനത്തിന്റെ ഗുണഫലങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞത് ഭരണത്തുടർച്ചയ്ക്ക് വഴിതെളിക്കുമെന്ന് നേതാക്കൾ അവകാശപ്പെട്ടു.

എൽഡിഎഫിന് അനുകൂലമായ ജനമുന്നേറ്റം ഉണ്ടാകുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ കാലയളവിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും സംഭവിച്ച പിഴവുകൾ തിരുത്തി കൂടുതൽ ജനവിശ്വാസം നേടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ലിംഗ പരിഗണന വെച്ചല്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി അത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സഹായിച്ചാൽ മാത്രമേ കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിയൂ എന്നും, വി.ഡി. സതീശൻ വനവാസത്തിന് പോകരുതെന്നാണ് കെ. സുധാകരൻ പോലും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. ഇത്തരം ശ്രമങ്ങൾക്കെതിരെ കേരളത്തിലെ ജനങ്ങൾ ബാലറ്റിലൂടെ ശക്തമായി പ്രതികരിക്കുമെന്നും എൽഡിഎഫ് മികച്ച മുന്നേറ്റം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ വികസനമില്ലെന്ന് പ്രചരിപ്പിച്ചവർ പോലും ഈ സർക്കാർ നിർമിച്ച റോഡുകളിലൂടെ സഞ്ചരിച്ചാണ് പ്രചാരണം നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം പ്രചാരണത്തിന് ഇറങ്ങുന്നവർ പോലും തനിക്ക് വോട്ട് ചെയ്യുമെന്ന് പി.എ. മുഹമ്മദ് റിയാസ്. അൻവർ തുടർച്ചയായി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുകയാണെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും റിയാസ് ആരോപിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെയും പണാധിപത്യത്തിലൂടെയും വോട്ടർമാരെ സ്വാധീനിക്കാനാണ് അൻവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ നിലവിൽ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയത്തിനപ്പുറമുള്ള ജനപിന്തുണ ഇടതുപക്ഷത്തിന് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നേമം മണ്ഡലത്തിൽ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയിൽ ബിജെപി വൻതോതിൽ പണവും മദ്യവും ഒഴുക്കുകയാണെന്ന ഗുരുതര ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി രംഗത്തെത്തി. രാജീവ് ചന്ദ്രശേഖർ നേരിട്ടാണ് പണവും മദ്യവും വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകുന്നതെന്നും ഇത് ജനാധിപത്യ പ്രക്രിയയെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മുഖ്യമന്ത്രിയെ അധിക്ഷേപിച്ച രേവന്ത് റെഡ്ഡിക്കെതിരെയും ശിവൻകുട്ടി പ്രതികരിച്ചു. കോൺഗ്രസിന്റെ സംസ്കാരശൂന്യമായ നിലപാടുകൾക്ക് കേരള ജനത മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ ശൈലികളെ വിമർശിച്ചു. ഉത്തരേന്ത്യൻ മോഡലിൽ ബിജെപി കേരളത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും സാരിയും കിറ്റും പണവും നൽകി വോട്ട് പിടിക്കാനാണ് അവരുടെ നീക്കമെന്നും അവർ ആരോപിച്ചു. ചൂരൽമല ടൗൺഷിപ്പിന്റെ പേരിൽ കോൺഗ്രസ് നടത്തിയ വൻ പിരിവിനെ ചോദ്യം ചെയ്ത എം.വി. ഗോവിന്ദൻ, മെയ് 4ന് ഇടതുപക്ഷം ചരിത്രവിജയം കുറിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

TAGS :

Next Story