Quantcast

യുവാവിനെ നഗ്നനാക്കി മർദിച്ച കേസ്; അഞ്ച് പ്രതികൾ കീഴടങ്ങി

മുഖ്യപ്രതി ലക്ഷ്മിപ്രിയയും കേസിലെ എട്ടാം പ്രതി എറണാകുളം സ്വദേശി അമൽ എന്നയാളും നേരത്തെ പിടിയിലായിരുന്നു

MediaOne Logo

Web Desk

  • Published:

    13 April 2023 7:51 AM GMT

young man beaten
X

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച കേസിൽ അഞ്ച് പ്രതികൾ കീഴടങ്ങി. അയിരൂർ പോലീസ് സ്റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്. എട്ട് പ്രതികളുള്ള കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.

മുഖ്യപ്രതി ലക്ഷ്മിപ്രിയയും കേസിലെ എട്ടാം പ്രതി എറണാകുളം സ്വദേശി അമൽ എന്നയാളും നേരത്തെ പിടിയിലായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെയാണ് ലക്ഷ്മിപ്രിയ പിടിയിലായത്. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് അഞ്ച് പ്രതികളും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കഴിഞ്ഞ ദിവസമാണ് വർക്കലയിൽ യുവാവിനെ പെൺസുഹൃത്തും ഗുണ്ടകളും ചേർന്ന് ക്രൂരമായി മർദിച്ചത്. എറണാകുളത്തേക്ക് തട്ടിക്കൊണ്ടുപോയ ശേഷം കെട്ടിയിട്ട് നഗ്നനാക്കിയായിരുന്നു മർദനം. അയിരൂർ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മർദനമേറ്റത്. പലതവണ ആവശ്യപ്പെട്ടിട്ടും പ്രണയബന്ധത്തിൽനിന്ന് പിന്മാറാത്തതിനായിരുന്നു ആക്രമണം.

വർക്കല ചെറുന്നിയൂർ സ്വദേശിയായ ലക്ഷ്മിപ്രിയ എന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാൽ, മറ്റൊരാളുമായി അടുപ്പത്തിലായതുകൊണ്ട് ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് യുവാവിനോട് ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടു. ഇതിന് യുവാവ് വഴങ്ങാത്തത് പ്രതികളെ ചൊടിപ്പിച്ചു. തുടർന്ന് ഏപ്രിൽ അഞ്ചിന് ലക്ഷ്മിപ്രിയ യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ യുവാവിനെ ലക്ഷ്മിപ്രിയ വന്ന കാറിൽ കയറ്റി. തുടർന്നാണ് ഇദ്ദേഹത്തെ പെൺകുട്ടിയടക്കം ഏഴുപേർ ചേർന്ന് മർദിച്ചത്. യുവാവ് ധരിച്ചിരുന്ന മാലയും ഐവാച്ചും കൈയിലുണ്ടായിരുന്ന പണവും സംഘം തട്ടിയെടുത്തു

TAGS :

Next Story