പ്രതിപക്ഷ നേതാവുമായി നേരിട്ട് സംവാദത്തിനില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി; സംവാദം തുടങ്ങിയെന്ന് പത്രത്തിൽ ലേഖനം
സംവാദത്തിനായി കാത്തിരിക്കുന്നുവെന്നും വിഷയം മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും വി.ഡി സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവുമായി നേരിട്ടുള്ള സംവാദത്തിനില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി. വി.ഡി സതീശനുമായുള്ള സംവാദം തുടങ്ങിയെന്ന് മാതൃഭൂമി പത്രത്തിൽ ലേഖനം. ഫേസ് ബുക്ക് പോസ്റ്റിലെ വിഷയങ്ങളിൽ തർക്കമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കട്ടെയെന്നും അതിന് ശേഷമാകാം സംവാദമെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു. സംവാദത്തിനായി കാത്തിരിക്കുന്നുവെന്നും വിഷയം മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും വി.ഡി സതീശൻ മീഡിയവൺ തീപാറും മണ്ഡലത്തിൽ പറഞ്ഞു.
‘മരിച്ചവരെ പോക്കറ്റടിച്ചില്ലേ നിങ്ങൾ’ എന്ന തലക്കെട്ടിൽ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. നിയമസഭയില്‍ നേര്‍ക്ക് നേര്‍ സംവാദം നടത്താനുള്ള അവസരം ഒഴിവാക്കിയ പ്രതിപക്ഷത്തിന്റെ ബുദ്ധി ചില്ലറയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സ്വര്‍ണക്കൊള്ളയിലും പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. എസ്പിജി സുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ വസതിയില്‍ സ്വര്‍ണം കട്ടവനും വാങ്ങിയവനും ഇടനിലക്കാരനും ഒത്തുകൂടിയത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. എല്ലാം അറിഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ നിങ്ങളെ നോക്കിയാണ് പാട്ട് പാടിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
അതേസമയം ''സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം'' എന്ന് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
Adjust Story Font
16

