തവനൂർ സീറ്റ് മുസ്‌ലിം ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസിൽ അമർഷം
മലപ്പുറത്ത് കോൺഗ്രസിനുള്ള നാല് സീറ്റിൽ ഒന്നും വിട്ടുകൊടുക്കരുതെന്ന് കെപിസിസി നേതൃത്വത്തെ കണ്ട് ആവശ്യപ്പെട്ടതായി ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പി നസ്റുല്ല മീഡിയവണിനോട് പറഞ്ഞു

മലപ്പുറം: മലപ്പുറം ജില്ലയിലെ തവനൂർ സീറ്റ് മുസ്‌ലിം ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസിൽ അമർഷം പുകയുന്നു. മലപ്പുറത്ത് കോൺഗ്രസിനുള്ള നാല് സീറ്റിൽ ഒന്നും ലീഗിന് വിട്ടുകൊടുക്കരുതെന്ന് കെപിസിസി നേതൃത്വത്തെ കണ്ട് ആവശ്യപ്പെട്ടതായി ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പി നസ്റുല്ല മീഡിയവണിനോട് പറഞ്ഞു. ഡിസിസിയുടെ വാട്സ്ആപ്പ് ഗ്രൂപിലും ഇതുമായി ബന്ധപ്പെട്ട് നേതാക്കൾ എതിർപ്പറിയിച്ചു.
കോഴിക്കോട്ടെ തിരുവമ്പാടി സീറ്റ് മുസ്‌ലിം ലീഗിൽ നിന്ന് എറ്റെടുക്കുന്നതിന് പകരമായി മലപ്പുറത്തെ തവനൂർ സീറ്റ് നൽകാമെന്ന കോൺഗ്രസ് ലീഗ് നേതാക്കൾക്കിടയിലെ ധാരണയോട് മലപ്പുറത്തെ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്. മലപ്പുറത്ത് കോൺഗ്രസിന് ആകെയുള്ള നാല് സീറ്റിൽ ഒന്ന് കൂടി ലീഗിന് നൽകുന്നത് അസന്തുലിത്വം ഉണ്ടാക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. ഇക്കാര്യം കെപിസിസി നേതൃത്വത്തെ അറിയിച്ചതായും ഡിസിസി ഭാരവാഹികൾ മീഡിയവണിനോട് പറഞ്ഞു.
'ഈ തെരഞ്ഞെടുപ്പ് ഐക്യ ജനാധിപത്യ മുന്നണിക്ക് അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള തെരഞ്ഞെടുപ്പാണ്. എല്ലാവരുമായും കൂടിയാലോചന നടത്തിയപ്പോൾ തവനൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് പൊതുവികാരം. ' നസ്റുല്ല പറഞ്ഞു.
എന്നാൽ പാർട്ടി സീറ്റ് ഏറ്റെടുത്താൽ വിജയം ഉറപ്പാണെന്നാണ് മുസ്‌ലിം ലീഗ് നേതാക്കളുടെ കണക്കുകൂട്ടൽ. മണ്ഡലത്തിൽ തന്നെയുള്ള സി.പി ബാവ ഹാജിയുടെ പേരും നേതാക്കൾക്ക് മുന്നിലുണ്ട്. മലപ്പുറം ജില്ലയിലെ സ്ഥാനാർഥികളുടെ സാമുദായിക സമവാക്യം ഉൾപ്പെടെ പരിഗണിച്ചാകും തീരുമാനമെന്നാണ് സൂചന.
Adjust Story Font
16

