Quantcast

സ്വർണക്കടത്ത് വിവാദം പ്രതിരോധിക്കാൻ നേതൃയോഗം വിളിച്ച് സിപിഎം

ഇടതു മുന്നണി യോഗം 14 ന്

MediaOne Logo

Web Desk

  • Updated:

    2022-06-12 16:39:11.0

Published:

12 Jun 2022 4:37 PM GMT

സ്വർണക്കടത്ത് വിവാദം പ്രതിരോധിക്കാൻ നേതൃയോഗം വിളിച്ച് സിപിഎം
X

തിരുവനന്തപുരം: സ്വർണക്കടത്തു വിവാദം പ്രതിരോധിക്കാൻ നേതൃയോഗം വിളിച്ച് സിപിഎം. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേരും. ഈ മാസം 24 മുതൽ 26 വരെയാണ് നേതൃയോഗങ്ങൾ ചേരുന്നത്. 14നാണ് ഇടതു മുന്നണി യോഗം ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയത്.

കോഴിക്കോട്ടേക്കും മലപ്പുറത്തേക്കുമുള്ള യാത്ര മധ്യേ മുഖ്യമന്ത്രി വ്യാപകമായ കരിങ്കൊടി പ്രതിഷേധമാണ് നേരിട്ടത്. പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ കർശനമാക്കിയിരിക്കുകയാണ് പൊലീസ്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. നാളെ കണ്ണൂരിലെ പൊതു പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഇതിന്റെ പശ്ചാതലത്തിൽ കണ്ണൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് മുതൽ പൊക്കുണ്ട് വരെയാണ് ഗതാഗത നിയന്ത്രണം. ഇതുവഴി വരുന്ന വാഹനങ്ങളെ വഴിതിരിച്ചുവിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാവിലെ ഒമ്പതു മുതൽ 12 വരെയാണ് ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക.

അതേസമയം ആംബുലൻസുകൾക്ക് നിയന്ത്രണം ബാധകമല്ല. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പന്തീരങ്കാവിൽ യുവ മോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. കോട്ടയ്ക്കലിൽ യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തി. കാരപ്പറമ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവർ കറുപ്പ് വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച നിർദേശം പൊലീസാണ് നൽകിയതെന്ന് സംഘാടകർ വ്യക്തമാക്കി. കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. സുരക്ഷ കർശനമാക്കിയ സാഹചര്യത്തിൽ പൊലീസ് സ്വീകരിച്ചതാവാം അത്തരം നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമാക്കി.

TAGS :

Next Story