Quantcast

സജി ചെറിയാന്‍, എച്ച്. സലാം തുടങ്ങിയ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ സിപിഎം കൈയ്യടക്കി; ഇവര്‍ കാരണമാണ് ഞാന്‍ പാര്‍ട്ടി വിട്ടത്: ജി. സുധാകരൻ

ആലപ്പുഴയിലെ ജനങ്ങളിൽ നിന്ന് പൂർണമായി ഒറ്റപ്പെട്ട വ്യക്തിയാണ് ജില്ലാ സെക്രട്ടറി ആർ. നാസർ എന്നും സുധാകരൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-07-12 12:29:13

Published:

12 July 2026 4:39 PM IST

സജി ചെറിയാന്‍, എച്ച്. സലാം തുടങ്ങിയ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ സിപിഎം കൈയ്യടക്കി; ഇവര്‍ കാരണമാണ് ഞാന്‍ പാര്‍ട്ടി വിട്ടത്: ജി. സുധാകരൻ
X

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനുമെതിരെ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ജില്ലാ സെക്രട്ടറി ആർ. നാസർ ജനങ്ങളിൽ നിന്ന് നൂറുശതമാനവും ഒറ്റപ്പെട്ട നേതാവാണെന്നും, തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടികളുടെ വ്യാപ്തിയും കാരണങ്ങളും തിരിച്ചറിയാനുള്ള ബൗദ്ധികമായ കഴിവോ കായികക്ഷമതയോ നിലവിലെ ജില്ലാ നേതൃത്വത്തിന് ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. പൊളിറ്റിക്കൽ ക്രിമിനലുകൾ പാർട്ടി നേതൃത്വം കയ്യടക്കിയത് കൊണ്ടാണ് താൻ സജീവ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോയതെന്നും ജി. സുധാകരൻ പറഞ്ഞു.

ആലപ്പുഴയിലെ ജനങ്ങളിൽ നിന്ന് പൂർണമായി ഒറ്റപ്പെട്ട വ്യക്തിയാണ് ജില്ലാ സെക്രട്ടറി ആർ. നാസർ എന്ന് സുധാകരൻ കുറ്റപ്പെടുത്തി. അദ്ദേഹം നയിക്കുന്ന കമ്മിറ്റിക്കും ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജനബന്ധം എന്താണെന്ന് വിലയിരുത്താനോ, അത് തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കാനോ ഉള്ള ബൗദ്ധിക ശേഷിയോ കായികക്ഷമതയോ ജില്ലാ സെക്രട്ടറിക്കോ ഒപ്പമുള്ള സംഘത്തിനോ ഇല്ല. സ്വന്തം പാർട്ടിയെ കൂടുതൽ കുഴിയിലാക്കാതെ നോക്കാനെങ്കിലും ജില്ലാ സെക്രട്ടറി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാൻ, എച്ച്. സലാം, തുടങ്ങിയ പൊളിറ്റിക്കൽ ക്രിമിനലുകളും പ്രതികളുമാണ് ഇപ്പോൾ പാർട്ടി നേതൃത്വത്തിലുള്ളതെന്ന് ജി. സുധാകരൻ തുറന്നടിച്ചു. തങ്ങളൊക്കെ പ്രവർത്തിച്ചു വളർത്തിയ സിപിഎം അല്ല ഇപ്പോഴുള്ളത്; കമ്യൂണിസം നഷ്ടപ്പെട്ട പാർട്ടിക്ക് ഇപ്പോൾ പേരുമാത്രമാണ് അവശേഷിക്കുന്നത്. കഞ്ചാവ് കച്ചവടക്കാരുടെയും അഴിമതിക്കാരുടെയും പാർട്ടിയായി സിപിഎം അധഃപതിച്ചു കഴിഞ്ഞു. അതിന്റെ തലപ്പത്താണ് ഇപ്പോൾ ആർ. നാസർ ഇരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിൽ സിപിഎമ്മിനുണ്ടായ വൻ തകർച്ച അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു സുധാകരന്റെ വിമർശനം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ പാർട്ടിയെ തോൽപ്പിച്ചു. മുൻപ് ജില്ലയിലെ ഒമ്പത് നിയമസഭാ സീറ്റുകളിൽ എട്ടും എൽഡിഎഫിന്റെ കൈവശമായിരുന്നു; എന്നാൽ ഇപ്പോഴത് മൂന്ന് സീറ്റായി ചുരുങ്ങി. തദ്ദേശ സ്ഥാപനങ്ങളിലും സമാനമായ തകർച്ചയാണ് നേരിട്ടത്. ആലപ്പുഴ നഗരസഭയിൽ രണ്ടര വർഷം വീതം ചെയർപേഴ്‌സൺ സ്ഥാനം പങ്കിട്ടെടുക്കുന്ന അവസ്ഥയുണ്ടായിട്ടും നഗരസഭാ ഭരണം നഷ്ടപ്പെട്ടു. മുൻപ് ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 11 എണ്ണവും സിപിഎം ഭരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകൾ മാത്രമാണ് അവശേഷിക്കുന്നത്. സിപിഎം ഒരിക്കലും തോൽക്കാതിരുന്ന കൈനകരി പഞ്ചായത്ത് അടക്കം ജില്ലയിലെ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലെയും ഭരണം പാർട്ടിക്ക് നഷ്ടപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS :

Next Story