Quantcast

'ആരെങ്കിലും അറിയാതെ എന്തെങ്കിലും ചെയ്തുപോയിട്ടുണ്ടെങ്കില്‍...'; 'മതം പറഞ്ഞ് വോട്ട്' അനൗണ്‍സ്‌മെൻ്റില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്ന് ടി.പി രാമകൃഷ്ണന്‍

പേരാമ്പ്രയിൽ ഫാത്തിമ തഹിലിയക്ക് വേണ്ടി നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നരീതിയിൽ യുഡിഎഫ് പ്രചാരണം നടത്തുന്നുവെന്ന് എൽഡിഎഫ് നടത്തിയ അനൗൺസ്മെന്റ് വിവാദമായതോടെയാണ് വിശദീകരണം

MediaOne Logo

Web Desk

  • Updated:

    2026-04-02 13:36:41.0

Published:

2 April 2026 6:35 PM IST

If someone has done something will correct it say TP Ramakrishnan
X

കോഴിക്കോട്: പേരാമ്പ്രയിൽ ഫാത്തിമ തഹിലിയക്ക് വേണ്ടി നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നരീതിയിൽ യുഡിഎഫ് പ്രചാരണം നടത്തുന്നുവെന്ന് എൽഡിഎഫ് നടത്തിയ അനൗൺസ്മെന്റ് വിവാദമായതോടെയാണ് വിശദീകരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി രാമകൃഷ്ണന്‍. സംഭവത്തില്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്തുമെന്നും മതം പറഞ്ഞ് വോട്ടു പിടിക്കുന്നത് എല്‍ഡിഎഫ് രീതിയല്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'മതം പറഞ്ഞിട്ടോ ജാതി പറഞ്ഞിട്ടോ വര്‍ഗീയത പറഞ്ഞിട്ടോ വോട്ട് സ്വാധീനിക്കുന്ന രീതിയില്ല. പേരാമ്പ്രയിലെ പരാതിയുടെ പരിശോധനയുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയാറാണ്. ഞങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് തിരുത്തും. ഞങ്ങളുടെ ആരെങ്കിലും അറിയാതെ എന്തെങ്കിലും ചെയ്തുപോയിട്ടുണ്ടെങ്കില്‍ അത് തിരുത്തും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല' -ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയക്ക് വേണ്ടി മതം പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന എല്‍ഡിഎഫിന്റെ അനൗണ്‍സ്‌മെന്റാണ് വിവാദമായത്. മുസ്‍ലിം ലീഗ് നടത്തുന്ന സ്വകാര്യ പ്രചാരണം നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്‍റെ ചിന്നം വിളിയാണ് മുസ്‍ലിം ലീഗ് നടത്തുന്നത്. മത വർഗീയതയുടെ തന്ത്രമാണ് പേരാമ്പ്രയുടെ തെരഞ്ഞെടുപ്പ് ഗോദയിൽ അവർ നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ മുസ്‍ലിം ലീഗിന്‍റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപിക്കേണ്ടതുണ്ട്. നമ്മൾ മനുഷ്യർ ജാതിക്കും മതത്തിനും അപ്പുറത്താണ്. മതസഹോദര്യത്തെ ഊട്ടി വളർത്തേണ്ടവരാണ്. എൽ.ഡി.എഫ് മതരാഷ്ട്രീയത്തിന്‍റെ പക്ഷത്തല്ല, മനുഷ്യപക്ഷത്താണ്. പേരാമ്പ്രയുടെ മണ്ണ് മനുഷ്യപക്ഷത്താണ് എന്ന് തെളിയിക്കാൻ നിങ്ങളുടെ വോട്ടുകൾ ഇടതുപക്ഷത്തിന് രേഖപ്പെടുത്തുക’ -എന്നാണ് ദൃശ്യങ്ങളിലുള്ള, എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ബോർഡ് വെച്ച വാഹനത്തിൽനിന്ന് അനൗൺസ് ചെയ്യുന്നത്. വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഇറക്കിയ 'കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്' സമാനമായ രീതിയില്‍ എല്‍ഡിഎഫ് വ്യാജ നിര്‍മിതിയുണ്ടാക്കുകയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സിപിഎമ്മിന്റെ വര്‍ഗീയ പ്രചാരണം കേരളത്തിന് അപമാനമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു.

TAGS :

Next Story