Quantcast

'മൂന്ന് പേർ മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തു'; വിമാനത്തിലെ പ്രതിഷേധത്തിൽ ഇൻഡിഗോയുടെ റിപ്പോർട്ട് പുറത്ത്

മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നയാൾ ഇവരെ തടഞ്ഞെന്നും റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    2022-06-16 04:28:40.0

Published:

16 Jun 2022 4:25 AM GMT

മൂന്ന് പേർ മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തു; വിമാനത്തിലെ പ്രതിഷേധത്തിൽ ഇൻഡിഗോയുടെ റിപ്പോർട്ട് പുറത്ത്
X

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ റിപ്പോർട്ട് പുറത്ത്. മൂന്നു പേർ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്നും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നയാൾ ഇവരെ തടഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പേര് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധമുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നത് വിമാനത്തിന് അകത്താണ് എന്നുള്ള വിശദീകരണമാണ് വിമാനക്കമ്പനി നൽകുന്നത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ മൂന്നാമത്തെ പ്രതിക്കായുള്ള ലുക്കൗട്ട് നോട്ടീസും പൊലീസ് പുറത്തിറക്കും.

മുഖ്യമന്ത്രിയെ വിമാനത്തിൽവച്ച് വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും വിവരങ്ങൾ ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ ഗൂഢാലോചന ഉൾപ്പടെ പുറത്തുകൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദേശം. വിമാനത്തിൽ ഇവർക്കൊപ്പം യാത്ര ചെയ്തവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. ഇതിനിടെ കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. ജൂഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ആയിരുന്നു നിലവിൽ കേസ് പരിഗണിച്ചിരുന്നത്.

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനുവാണ് സർക്കാറിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. വിമാനത്തിൽവച്ച് മുഖ്യമന്ത്രിയെ വധിക്കാനായിരുന്നു ശ്രമമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഏറ്റവും കുറവ് സുരക്ഷ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് പ്രതികൾ വിമാനം തെരഞ്ഞെടുത്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതി 13 കേസുകളിൽ പ്രതിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

TAGS :

Next Story