Quantcast

മോൻസൻ മാവുങ്കൽ കേസ്: കെ. സുധാകരൻ രണ്ടാം പ്രതി; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

മോൻസനുമായി കെ. സുധാകരൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

MediaOne Logo

Web Desk

  • Updated:

    2023-06-12 14:35:06.0

Published:

12 Jun 2023 11:58 AM GMT

K Sudhakaran 2nd Accused in Monson Maungkal Case crime branch will interrogate
X

കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രണ്ടാം പ്രതി. സുധാകരനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. എറണാകുളം അഡീഷനൽ സിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.

മോൻസനുമായി കെ. സുധാകരൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 25 ലക്ഷം രൂപയിൽ 10 ലക്ഷം കെ. സുധാകരൻ കൈപ്പറ്റിയെന്നാണ് ക്രൈംബ്രാഞ്ച് ക​ണ്ടെത്തൽ. ഇതിന്റെ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം പറയുന്നു.

കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. മറ്റന്നാൾ കളമശേരി ഓഫീസിൽ ഹാജരാകണം എന്നാണ് നിർദേശം.

നേരത്തെ കെ സുധാകരനെതിരെ പരാതിക്കാർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 25ലക്ഷം രൂപ കൈമാറാൻ മോൻസന്റെ കൊച്ചിയിലെ വീട്ടിലെത്തിയപ്പോൾ അവിടെ കെ. സുധാകരന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്ന് പരാതിക്കാർ പറയുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് 25 ലക്ഷം നൽകിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം തെളിവുശേഖരണം നടത്തിയിരുന്നു. ചിത്രങ്ങളക്കമുള്ളവയാണ് സംഘം ശേഖരിച്ചത്. ഇതിനു പിന്നാലെയാണ് നോട്ടീസ് നൽകുകയും പ്രതി ചേർക്കുകകയും ചെയ്തത്.

ക്രൈംബ്രാഞ്ചിന്റെ കളമശേരി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. കേസന്വേഷണം മന്ദഗതിയിലാണെന്നും കെ.സുധാകരനെ ചോദ്യം ചെയ്യുന്നില്ലെന്നും കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം. കോൺ​ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് ക്രൈംബ്രാഞ്ച് നടപടി. വിഷയത്തിൽ കെ. സുധാകരൻ പ്രതികരിച്ചിട്ടില്ല.

TAGS :

Next Story