Quantcast

മുഖ്യമന്ത്രിയായി വി.ഡി മതി'; ഓൺലൈൻ പോളുകളിൽ 90 ശതമാനത്തിന്‍റെയും പിന്തുണ സതീശന്

യുഡിഎഫ് നേതൃനിരയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ ആരെ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും സതീശന്റെ പേരാണ് നിർദേശിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-05-09 03:54:13

Published:

9 May 2026 9:10 AM IST

മുഖ്യമന്ത്രിയായി വി.ഡി മതി;  ഓൺലൈൻ പോളുകളിൽ 90 ശതമാനത്തിന്‍റെയും പിന്തുണ സതീശന്
X

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര് എന്ന വിഷയത്തിൽ പ്രമുഖ മലയാളം വാർത്താ ചാനലുകൾ സോഷ്യൽ മീഡിയയിൽ നടത്തിയ അഭിപ്രായ സർവേകളിൽ വി.ഡി. സതീശന് വൻ മുന്നേറ്റം. യുഡിഎഫ് നേതൃനിരയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ ആരെ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും സതീശന്റെ പേരാണ് നിർദേശിക്കുന്നത്.


മീഡിയവൺ, ന്യൂസ് 18, സീ ന്യൂസ്, ന്യൂസ് മലയാളം എന്നിവ സോഷ്യൽ മീഡിയയിൽ (യൂട്യൂബ് കമ്മ്യൂണിറ്റി ടാബ് വഴി) നടത്തിയ വോട്ടെടുപ്പുകളിൽ വൻപിന്തുണയാണ് വി.ഡി. സതീശന് ലഭിക്കുന്നത്. നാല് പ്രധാന പോളുകളിലും വി.ഡി. സതീശൻ 80 ശതമാനത്തിന് മുകളിൽ പിന്തുണ നിലനിർത്തുന്നു. ഏകദേശം 6 ലക്ഷത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയ ഈ പോളുകളിൽ സതീന് വൻ ഭൂരിപക്ഷമാണ്. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെക്കാൾ ബഹുദൂരം മുന്നിലാണ് നിലവിൽ വി. ഡി സതീശൻ. മിക്ക പോളുകളിലും രമേശ് ചെന്നിത്തലയ്ക്ക് 4% മുതൽ 8% വരെയും, കെ.സി. വേണുഗോപാലിന് 5% മുതൽ 9% വരെയുമാണ് വോട്ട് ലഭിച്ചിരിക്കുന്നത്.



മീഡിയവൺ നടത്തിയ സര്‍വേയിൽ ഇതുവരെ 3,27,000ത്തോളം പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. ഏകദേശം 89 ശതമാനം പേരുടെയും പിന്തുണ വി.ഡി സതീശനാണ്. 2,91030 പേരാണ് സതീശന് അനുകൂലമായി വോട്ട് ചെയ്തത്. കെ.സി വേണുഗോപാലിന് 6 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 19,620 പേരാണ് വേണുഗോപാലിന് വോട്ട് ചെയ്തത്. രമേശ് ചെന്നിത്തലക്ക് 4 ശതമാനം വോട്ടുകളും ലഭിച്ചു. അതായത് 13,080 വോട്ടുകൾ.





മീഡിയവൺ യുട്യൂബ് കമ്യൂണിറ്റി ടാബിൽ നടത്തിയ പോൾ ആരംഭിച്ച് 24 മണിക്കൂർ പൂർത്തിയാക്കിയപ്പോഴുള്ള കണക്കാണിത്. പോൾ തുടർന്നു കൊണ്ടിരിക്കുകയാണ്. https://www.youtube.com/post/UgkxA8kxT1D8fcIHRi7ZZijN6C4cxvaBmzkP

ലിങ്കിൽ കയറി ഇനിയും അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കും. പോളിന് താഴെ വന്ന 2000ത്തിലേറെ കമന്‍റുകളിലും വി.ഡി സതീശൻ അനുകൂല തരംഗമാണ് കാണുന്നത്. 'പട നയിച്ചവൻ നാട് ഭരിക്കട്ടെ, യുഡിഎഫിന് 102 സീറ്റ് നേടി കൊടുത്ത പ്രിയ നേതാവ് മുഖ്യമന്ത്രിയാവട്ടെ '- എന്നിങ്ങനെ പോവുന്നു വി.ഡി സതീശന് അനുകൂലമായ കമന്‍റുകൾ.

ന്യൂസ് 18 കേരള, സീ ന്യൂസ് മലയാളം, ന്യൂസ് മലയാളം 24x7 തുടങ്ങിയ ചാനലുകൾ നടത്തിയ സര്‍വേകളിലും സതീശനാണ് മുൻതൂക്കം. ന്യൂസ് മലയാളം 24x7 നടത്തിയ സര്‍വേയിൽ 86 ശതമാനം പേരും വി.ഡി സതീശനെയാണ് പിന്തുണക്കുന്നത്. 9 ശതമാനം വോട്ടുകളാണ് വേണുഗോപാലിന് ലഭിച്ചത്. ആറ് ശതമാനം പേര്‍ രമേശ് ചെന്നിത്തലയെയും പിന്തുണക്കുന്നു. ന്യൂസ് 18 കേരളം നടത്തിയ സര്‍വേയിൽ 90 ശതമാനം വോട്ടുകളും സതീശന് ലഭിച്ചു. ആറ് ശതമാനം പേര്‍ കെ.സി വേണുഗോപാലിനാണ് വോട്ട് ചെയ്തത്. 4 ശതമാനം പേര്‍ നിഷ്പക്ഷരാണ്.

സീ ന്യൂസ് മലയാളം നടത്തിയ സര്‍വേയിലും സതീശനാണ് മുന്നിൽ. 80 ശതമാനം പേര്‍ വി.ഡിയെയും 8 ശതമാനം ചെന്നിത്തലയെയും 5 ശതമാനം പേരും കെ.സി വേണുഗോപാലിനെയും 7 ശതമാനം പി.കെ കുഞ്ഞാലിക്കുട്ടിയെയും പിന്തുണക്കുന്നു.




പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം പുതിയൊരു നേതൃത്വത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടിയിലെ ഗ്രൂപ്പ് അതിപ്രസരത്തേക്കാൾ പ്രവർത്തന മികവിനാണ് ജനങ്ങൾ വോട്ട് നൽകുന്നത് എന്ന് ഈ പോളുകൾ അടിവരയിടുന്നതായും അവർ വ്യക്തമാക്കുന്നു.

​മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഹൈക്കമാൻഡിന് ഈ ജനപിന്തുണ അവഗണിക്കാൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എംഎൽഎമാരുടെ എണ്ണത്തിൽ കെ.സി. വേണുഗോപാൽ പക്ഷം അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും, സോഷ്യൽ മീഡിയയിലൂടെ പ്രകടമാകുന്ന ഈ 'മാസ് സപ്പോർട്ട്' സതീശന് അനുകൂലമായ സമ്മർദ്ദ തന്ത്രമായി മാറും. അതിനിടയിൽ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച വിവിധ സാമുദായിക സംഘടനകൾ മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയതിനെതിരെ കോൺഗ്രസ്സ് പ്രവർത്തകർ രൂക്ഷമായ രീതിയിലാണ് സോഷ്യൽ മീഡിയയിൽ കൈകാര്യം ചെയ്യുന്നത്.

അതേസമയം, വി.ഡി സതീശനെ അനുകൂലിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ വിവിധ ജില്ലകളിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സതീശൻ അനുകൂല പോസ്റ്ററുകളും ഫ്ലക്സുകളും നിറയുകയാണ്. പ്രകടനങ്ങൾ നിരോധിച്ചുള്ള കെപിസിസിയുടെ വിലക്ക് ലംഘിച്ചും വി.ഡി സതീശനായി തെരുവിലിറങ്ങുകയാണ് പ്രവർത്തകർ. ഇന്നലെ രാത്രിയിലും വിവിധയിടങ്ങളിൽ പ്രകടനം നടന്നു.

മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ച ഡൽഹിയിൽ തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ,മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും . കേരളത്തിലെത്തിയ നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്‌ജുന ഖാർഗേയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ചർച്ച രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.

TAGS :

Next Story