Quantcast

ഗെയിം കളിക്കുന്നത് തടഞ്ഞു: മാലിദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ മർദനം

ചെങ്ങന്നൂർ സ്വദേശിനിയായ സ്മിതയ്ക്കാണ് വിദ്യാർഥിയിൽ നിന്നും മർദ്ദനമേറ്റത്

MediaOne Logo

Web Desk

  • Published:

    14 April 2026 5:25 PM IST

ഗെയിം കളിക്കുന്നത് തടഞ്ഞു: മാലിദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ മർദനം
X

മാലിദ്വീപ്: ക്ലാസ്സിൽ ഗെയിം കളിക്കുന്നത് തടഞ്ഞതിനെ തുടർന്ന് മാലിദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂരമർദ്ദനം. ചെങ്ങന്നൂർ സ്വദേശിനിയായ സ്മിതയ്ക്കാണ് വിദ്യാർഥിയിൽ നിന്നും മർദ്ദനമേറ്റത്. വിദ്യാർഥിയുടെ ഇടിയേറ്റ് അധ്യാപികയുടെ മൂക്കെല്ലിന് പൊട്ടലേറ്റു. സാരമായി പരിക്കേറ്റ അധ്യാപികയ്ക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

എട്ടാം ക്ലാസ് വിദ്യാർഥികളെ കമ്പ്യൂട്ടർ ലാബിൽ പഠിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഒരു വിദ്യാർഥി കമ്പ്യൂട്ടറിൽ ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക ഇത് വിലക്കുകയും മോണിറ്റർ ഓഫ് ചെയ്യുകയും ചെയ്തു. വീണ്ടും ഇതാവർത്തിച്ചപ്പോൾ, വീഡിയോ എടുത്ത് മറ്റ് അധ്യാപകരെയും സ്കൂൾ അധികൃതരെയും അറിയിക്കുമെന്ന് സ്മിത താക്കീത് നൽകി. ഇതിൽ പ്രകോപിതനായ വിദ്യാർഥി അധ്യാപികയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ദൂരേക്ക് എറിയുകയായിരുന്നു.

ഫോൺ താഴെ വീണ് പൊട്ടിയോ എന്ന് നോക്കുന്നതിനിടെ വിദ്യാർഥി അധ്യാപികയുടെ മുഖത്ത് തുടരെത്തുടരെ ഇടിക്കുകയായിരുന്നു. മൂക്കിന് മൂന്നാല് തവണ ഇടി കിട്ടിയെന്നും, പെട്ടെന്ന് തിരിഞ്ഞപ്പോൾ മുടിക്ക് കുത്തിപ്പിടിച്ച് തലയുടെ പിന്നിലും മർദ്ദിച്ചുവെന്ന് സ്മിത പറയുന്നു. ലാബിലുണ്ടായിരുന്ന മറ്റ് നാല് അധ്യാപകർ ചേർന്നാണ് സ്മിതയെ വലിച്ചുമാറ്റി രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. പരിക്കേറ്റ അധ്യാപികയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയിൽ എക്സ്-റേയിലും സിടി സ്കാനിലും മൂക്കെല്ലിന് പൊട്ടലും വ്യതിയാനവും കണ്ടെത്തിയതിനെ തുടർന്ന് പത്ത് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്താനാണ് നിർദേശം.

കഴിഞ്ഞ ഒരു വർഷമായി മാലിദ്വീപിൽ കമ്പ്യൂട്ടർ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. ഫെബ്രുവരി ഒന്നിന് തന്നെ ജോലി രാജി വെച്ചിരുന്ന ഇവർ, മൂന്ന് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തിയാക്കി ഏപ്രിൽ 30ന് മടങ്ങാനിരിക്കെയാണ് സംഭവം നടക്കുന്നത്. തനിക്ക് നേരിട്ട ശാരീരിക-മാനസിക ആഘാതത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും സഹായവും നീതിയും ലഭിക്കണമെന്നും, ഇനി മറ്റൊരു അധ്യാപകർക്കും ഈ ദുരവസ്ഥ ഉണ്ടാകരുതെന്നും അവർ പ്രതികരിച്ചു. എന്നാൽ സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിമർശനം ഉയരുന്നുണ്ട്.

TAGS :

Next Story