Quantcast

കേരളത്തിൽ എൻ.ഡി.എ ഇത്തവണ ഇരട്ടയക്ക സീറ്റ് നേടും: പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് നാനൂറിലധികം സീറ്റ് നേടുമെന്നും ഇത്തവണയും പരാജയപ്പെടുമെന്ന് പ്രതിപക്ഷത്തിന് ഉറപ്പാണെന്നും മോദി

MediaOne Logo

Web Desk

  • Updated:

    2024-02-27 08:17:31.0

Published:

27 Feb 2024 8:13 AM GMT

Prime Minister Narendra Modi said NDA will win more seats in Kerala in this Lok Sabha election
X

തിരുവനന്തപുരം: കേരളത്തിൽ എൻ.ഡി.എ ഇത്തവണ ഇരട്ടയക്ക സീറ്റ് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തുന്ന പദയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ഇത്തവണ പ്രത്യേക ഉത്സാഹവവും 2019-നേക്കാൾ ആവേശവും കാണുന്നുവെന്നും മോദി പറഞ്ഞു. ബിജെപി പക്ഷം രാജ്യത്ത് നാനൂറിലധികം സീറ്റ് നേടുമെന്നും ഇത്തവണയും പരാജയപ്പെടുമെന്ന് പ്രതിപക്ഷത്തിന് ഉറപ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷത്തിന്റെ സമനില തെറ്റിയെന്നും തന്നെ ആക്ഷേപിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും മോദി വിമർശിച്ചു.

'മോദി കി ഗാരന്റി' പ്രയോഗം തിരുവനന്തപുരത്തും പ്രധാനമന്ത്രി ആവർത്തിച്ചു. കേരളത്തിന്റെ സ്വപ്നങ്ങൾ സഫലീകരിക്കുമെന്നും ഇത് മോദിയുടെ ഗാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോട് ഒരിക്കലും വിവേചനം കാണിച്ചിട്ടില്ലെന്നും ഒരു സംസ്ഥാനത്തേയും ബി.ജെ.പി വിവേചനത്തോടെ കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് കേരളത്തിനും ലഭിക്കുന്നുണ്ടെന്നും ജനങ്ങൾക്ക് അതറിയാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് മോശം അവസ്ഥയിലെത്തിച്ചുവെന്നും മോദി കുറ്റപ്പെടുത്തി. ഇനി അഴിമതിക്കാർ അഴിമതി ചെയ്യും മുൻപ് നൂറുവട്ടം ആലോചിക്കേണ്ടി വരുമെന്നും പറഞ്ഞു. മൂന്നാം സർക്കാർ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകുമെന്നും വികസനത്തിൽ കേരളത്തിന് കേന്ദ്രം മുൻഗണന നൽകുന്നുണ്ടെന്നും പറഞ്ഞു.

പദയാത്രയുടെ സമാപന സമ്മേളനത്തിൽ മലയാളത്തിൽ പ്രസംഗിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരം തുടങ്ങിയത്. 'എന്റെ സഹോദരീ സഹോദരന്മാരെ, എല്ലാവർക്കും എന്റെ നമസ്‌കാരം' എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. അനന്തപത്മനാഭനെ നമസ്‌കരിക്കുന്നുവെന്നും കേരളം എന്നും സ്‌നേഹം നൽകിയെന്നും തിരുവനന്തപുരം വരുന്നത് എപ്പോഴും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ പിസി ജോർജിന്റെ കേരള ജനപക്ഷം സെക്കുലർ പാർട്ടി ബി.ജെ.പിയിൽ ലയിക്കും. ഉച്ചയ്ക്ക് 1.20ന് മോദി തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് യാത്രതിരിക്കും. നാളെ ഉച്ചയ്ക്ക് 1.10 ന് തിരുനെൽവേലിയിൽ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15-ന് മഹാരാഷ്ട്രയിലേക്ക് പോകും.

TAGS :

Next Story