'എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് അസന്നിഗ്ദ്ധമായി പറയേണ്ടതില്ല, ജി. സുധാകരൻ യുഡിഎഫും അര ബിജെപിയും' എം.വി ഗോവിന്ദൻ
മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യു ധീരനായ കമ്യൂണിസ്റ്റാണെന്നും, ആ രക്തസാക്ഷിത്വം പാർട്ടി എക്കാലവും ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്നും ഗോവിന്ദൻ പറഞ്ഞു

തൃശൂർ: സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ വലിയ മുന്നേറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്നും, യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽ പോലും ഇത്തവണ ഇടതുപക്ഷം വിജയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.
എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് അസന്നിഗ്ദ്ധമായി പറയേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തയ്യാറാകുമോ എന്നും വെല്ലുവിളിച്ചു. മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യു ധീരനായ കമ്യൂണിസ്റ്റാണെന്നും, ആ രക്തസാക്ഷിത്വം പാർട്ടി എക്കാലവും ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ ഭാഗമായി നിൽക്കാത്ത ആരുമായും തെരഞ്ഞെടുപ്പ് ചർച്ചകൾ നടത്തിയിട്ടില്ല. മന്ത്രി വി. ശിവൻകുട്ടി എസ്ഡിപിഐ നേതാക്കളുമായി ചർച്ച നടത്തിയതായി തനിക്കറിയില്ല. എന്നാൽ, ജമാഅത്തെ ഇസ്‌ലാമിയും വെൽഫെയർ പാർട്ടിയും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും, ആ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട് ചൂരൽമല പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച പണം എവിടെയെന്ന് എം.വി ഗോവിന്ദൻ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലാണ് ഈ പണം ഉള്ളതെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം സമർപ്പിക്കുമ്പോൾ ആ തുക അതിൽ കാണിക്കേണ്ടതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. പണി പൂർത്തിയാക്കിയാൽ കൃത്യം കണക്ക് പറയുമെന്നാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം പറയുന്നത്. ഏതു നൂറ്റാണ്ടിലാണ് ഇവർ കണക്ക് പറയുകയെന്നും അദ്ദേഹം പരിഹസിച്ചു. ഇതുവരെ വീടുകൾ നിർമിക്കാൻ അപേക്ഷ സമർപ്പിക്കുകയോ സമ്മതപത്രം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ബിജെപിയുമായി ഡീൽ ഉണ്ടാക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഏതെങ്കിലും ഒരു സീറ്റിൽ ബിജെപിക്ക് ജയിക്കണമെങ്കിൽ അതിന് കോൺഗ്രസിന്റെ സഹായം അനിവാര്യമാണ്. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കോൺഗ്രസ് നടത്തുന്ന ഇത്തരം വർഗീയ പ്രീണനങ്ങൾക്ക് മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 10 വർഷക്കാലമായി കേരളം വർഗീയ സംഘർഷങ്ങളില്ലാത്ത നാടാണ്. എന്നാൽ സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനവും അനുവദിക്കില്ലെന്ന നിഷേധാത്മക നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ദേശീയ പാതാ വികസനത്തിലടക്കം ഈ നിലപാടാണ് അവർ തുടർന്നത്. സി.വി ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം തള്ളി. ആരോപണം ഉന്നയിക്കുന്നവർ യുഡിഎഫിന് വേണ്ടിയാണ് അത് ചെയ്യുന്നത്. ഇതിനൊന്നും മറുപടി പറയേണ്ട ആവശ്യം സിപിഎമ്മിനില്ല. കുഞ്ഞികൃഷ്ണനും ഗോവിന്ദനും സുധാകരനുമെല്ലാം യുഡിഎഫുകാരാണെന്നും അവർക്ക് മറുപടി കൊടുക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സുധാകരൻ യുഡിഎഫും അര ബിജെപിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളെ കാണാൻ തയ്യാറാകുന്നില്ലെന്ന പ്രചാരണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പത്രസമ്മേളനം നടത്തുകയല്ല, മറിച്ച് സംഘടനാ പ്രവർത്തനമാണ് തന്റെ പ്രധാനപ്പെട്ട കാര്യം. എല്ലാ മണ്ഡലങ്ങളിലും താൻ സഞ്ചരിക്കുന്നുണ്ട്. കമ്മിറ്റികൾ നടക്കുമ്പോൾ പത്രസമ്മേളനത്തിനല്ല മുൻഗണന കൊടുക്കുന്നത്. മുഖ്യമന്ത്രി എല്ലാ ദിവസവും മാധ്യമങ്ങളെ കാണുന്നുണ്ടല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രണ്ടാഴ്ചകൾക്ക് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
Adjust Story Font
16

