Quantcast

പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റ്:ചട്ടലംഘനമില്ലെന്ന് കലക്ടർ; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ്

യുഡിഎഫ് സ്ഥാനാർഥി സാമുദായിക പ്രചാരണം നടത്തിയെന്ന പരാതിയിൽ തെളിവ് ലഭിച്ചിട്ടില്ലെന്നും കലക്ടർ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    6 April 2026 7:06 PM IST

പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റ്:ചട്ടലംഘനമില്ലെന്ന് കലക്ടർ; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ്
X

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ എൽഡിഎഫിന്റെ വിവാദ അനൗൺസ്‌മെന്റിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടില്ലെന്ന് ജില്ലാ കലക്ടർ. സ്ഥാനാർഥിയുടെ പേരോ മറ്റ് ഔദ്യോഗിക വിവരങ്ങളോ നേരിട്ട് പരാമർശിക്കാത്തതിനാൽ ഇത് വിഭാഗീയമായ ഒന്നാണെന്ന് പറയാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വരണാധികാരി നിയോഗിച്ച ഫ്ലയിങ് സ്ക്വാഡ് അനൗൺസ്‌മെന്റ് വീഡിയോയും സ്ഥാനാർഥിയുടെ വിശദീകരണവും പരിശോധിച്ച ശേഷമാണ് ഇത്തരമൊരു കണ്ടെത്തലിൽ എത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കും.

അതേസമയം, ജില്ലാ കലക്ടറുടെ റിപ്പോർട്ട് തള്ളിക്കൊണ്ട് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. എൽഡിഎഫിന്റെ അനൗൺസ്‌മെന്റ് ജനങ്ങൾക്കിടയിൽ വിഭജനം ഉണ്ടാക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു. കൂടാതെ, യുഡിഎഫ് സ്ഥാനാർഥി സാമുദായിക പ്രചാരണം നടത്തിയെന്ന പരാതിയിൽ തെളിവ് ലഭിച്ചിട്ടില്ലെന്ന് കലക്ടർ വ്യക്തമാക്കിയ സാഹചര്യത്തിൽ, ആരോപണം ഉന്നയിച്ച എൽഡിഎഫ് പ്രവർത്തകർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ, മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് സംഘർഷ സാധ്യത ഒഴിവാക്കാനായി പേരാമ്പ്ര ടൗണിലെ കൊട്ടിക്കലാശം ഒഴിവാക്കാൻ പൊലീസ് നിർദേശം നൽകി. രാഷ്ട്രീയ മുന്നണികളുടെ യോഗം വിളിച്ചാണ് പൊലീസ് ഈ തീരുമാനമെടുത്തത്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം വൻ ശക്തിപ്രകടനങ്ങൾക്ക് പകരം വാഹന പ്രചാരണ ജാഥകളിലേക്ക് മാത്രമായി ചുരുങ്ങും.


TAGS :

Next Story