ഇന്ത്യയെന്ന വീടിന്റെ ഒരു മുറിയാണ് പാക് അധീന കശ്മീർ, അത് തിരിച്ച് പിടിക്കേണ്ടിയിരിക്കുന്നു: മോഹന്‍ ഭാഗവത്
പാക് അധീന കശ്മീരിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ആർഎസ്എസ് മേധാവിയുടെ പരാമർശം

Photo | Special Arrangement
ന്യൂഡൽഹി: പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും തിരികെ ഇന്ത്യയിലേക്ക് ചേർക്കേണ്ടതുണ്ടെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയെ ഒരു വീടായി കരുതുകയാണെങ്കിൽ പാക് അധിനിവേശ കശ്മീർ ആ വീട്ടിലെ ഒരു മുറിയാണെന്നും അവിടെ ചില അപരിചിതർ കയറിയിരിക്കുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ആ മുറി തിരികെ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ സത്‌നയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
'ഇവിടെ ഒട്ടേറെ സിന്ധി സഹോദരന്മാർ ഇരിക്കുന്നുണ്ട്. എനിക്ക് വളരെ സന്തോഷമുണ്ട്. അവർ പാകിസ്താനിലേക്കല്ല പോയത്, അവർ അവിഭക്ത ഇന്ത്യയിലേക്കാണ് പോയത്. സാഹചര്യങ്ങൾ ഞങ്ങളെ ആ വീട്ടിൽ നിന്ന് ഇവിടേക്ക് അയച്ചു, കാരണം ആ വീടും ഈ വീടും വ്യത്യസ്തമല്ല. സാഹചര്യങ്ങളാണ് നമ്മളെ ഇന്നത്തെ ഇന്ത്യയിലേക്ക് എത്തിച്ചത്. ഇന്ത്യ ഒരു വീടാണ്. എന്നാൽ ആരോ നമ്മുടെ വീട്ടിലെ ഒരു മുറി എടുത്തുമാറ്റിയിരിക്കുന്നു. അവിടെ എൻ്റെ മേശയും കസേരയും വസ്ത്രങ്ങളും എല്ലാം സൂക്ഷിച്ചിരുന്നതാണ്. അവർ അത് കയ്യേറിയിരിക്കുകയാണ്. വൈകാതെ എനിക്കത് തിരിച്ചെടുക്കണം'- മോഹന്‍ ഭാഗവത് പറഞ്ഞു.
പാക് അധിനിവേശ കശ്മീരിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്നതിനിടെയായിരുന്നു ആർഎസ്എസ് മേധാവിയുടെ പരാമർശം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പാക് സൈന്യം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് 10 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

