മീനാക്ഷി നടരാജന്‍റെ പത്രിക തള്ളിയത് ജനാധിപത്യവിരുദ്ധമായ നടപടി, നടന്നത് സീറ്റ് കൊള്ള: കെ.സി വേണുഗോപാൽ
മീനാക്ഷിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഭരണം പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ട് നിന്നെന്നും കെ.സി

ന്യൂഡൽഹി: മധ്യപ്രദേശിൽ മീനാക്ഷി നടരാജന്‍റെ പത്രിക തള്ളിയത് ജനാധിപത്യവിരുദ്ധ നടപടിയെന്ന് കോൺഗ്രസ്. സീറ്റ് കൊള്ളയാണ് നടന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. മീനാക്ഷിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഭരണം പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ട് നിന്നെന്നും കെ.സി പറഞ്ഞു. കേന്ദ്ര നടപടികൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. കോൺഗ്രസ് അടിയന്തര നേതൃയോഗത്തിന് ശേഷമായിരുന്നു കെ.സിയുടെ പ്രതികരണം.
'ജനാധിപത്യവിരുദ്ധമായ നടപടിയാണ് മധ്യപ്രദേശിൽ നടന്നത്. മീനാക്ഷി നടരാജനെതിരിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ഭരണം പിടിച്ചെടുക്കാൻ വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനും കൂട്ട് നിൽക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ജാർഖണ്ഡിൽ എൻഡിഎ സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക സ്വീകരിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉയർന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും മറുപടി നൽകിയിട്ടില്ല. കമ്മീഷനെതിരെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ തന്നെയാണ് കോൺഗ്രസിന്‍റെ തീരുമാനം. ശുദ്ധമായ സീറ്റ് കൊള്ളയാണ് നടന്നിരിക്കുന്നത്. ശക്തമായി പ്രതിഷേധിക്കും.' കെ.സി വ്യക്തമാക്കി.
'സമീപകാലങ്ങളിൽ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും കോൺഗ്രസ് ചർച്ച ചെയ്തു. രാജ്യത്ത് ഇന്ധനവില കുത്തനെ ഉയർന്നിരിക്കുകയാണ്. ഇത് സാധാരണക്കാർക്ക് താങ്ങാനാവില്ല. തൊഴിലില്ലായ്മ അനുദിവസം രൂക്ഷമായിരിക്കുകയാണ്. ഇതൊന്നും കൂടാതെയാണ് നീറ്റ് പരീക്ഷാക്രമക്കേടും നടന്നിരിക്കുന്നത്. മാധ്യമങ്ങൾ പോലും ഇക്കാര്യങ്ങൾ മറച്ചുവെക്കാനാണ് ശ്രദ്ധ കാണിക്കുന്നത്. പരീക്ഷാ ക്രമക്കേടിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം. കേന്ദ്ര നടപടികൾക്കെതിരെ അതിശക്തമായ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കും'. കെ.സി അറിയിച്ചു. തൃണമൂൽ നേതാവ് മമതയെ കോൺഗ്രസ് ക്ഷണിച്ചെന്ന റിപ്പോർട്ടുകൾ കെ.സി തള്ളുകയും ചെയ്തു. ഇൻഡ്യ സഖ്യവുമായുള്ള ബന്ധം കൊണ്ടാണ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയതെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥിയായ മീനാക്ഷി നടരാജന്‍റെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞത് കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചെന്ന ബിജെപി പരാതിയെ തുടർന്നാണ് പത്രിക തള്ളാൻ തീരുമാനമായത്. മീനാക്ഷി നടരാജന്‍റെ പത്രിക തള്ളിയ സാഹര്യത്തിൽ ബിജെപി സ്ഥാനാർഥി മഹേഷ് കേവതിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.
Adjust Story Font
16

