ആറ് മാസത്തിനകം കെ.സി വേണുഗോപാലിന് ജി.സുധാകരനെ തള്ളിപ്പറയേണ്ടിവരും: സജി ചെറിയാൻ
ഏതെങ്കിലും രീതിയിൽ തങ്ങളെ ആക്രമിക്കാൻ വന്നാൽ ജി.സുധാകരന് എതിരെയുള്ള കാര്യങ്ങൾ ഒന്നായി പുറത്തു പറയും. ഇനി നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു

- Published:
10 April 2026 3:55 PM IST

ആലപ്പുഴ: ജി.സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. ജി.സുധാകരൻ തന്നെ മാഫിയ എന്ന് വിളിച്ചു. മുസ്‌ലിം വിരുദ്ധനാണെന്ന് വരെ പ്രചരിപ്പിച്ചു. രാഷ്ട്രീയരംഗത്ത് കാത്തുസൂക്ഷിക്കേണ്ടത് വ്യക്തത്വമാണ്. പ്രമുഖ നേതാക്കൾ വിട്ടുപോയിട്ടും സിപിഎം ആരെയും ആക്രമിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയ ജി.സുധാകരൻ പാർട്ടിയെ ചതിച്ചു. 24 മണിക്കൂർകൊണ്ട് അദ്ദേഹം വലതുപക്ഷക്കാരനായി. ആരിഫിനെ തോൽപ്പിക്കാൻ കെ.സി വേണുഗോപാലിന് ജി.സുധാകരൻ പിന്തുണ നൽകി എന്നാണ് മനസിലാക്കുന്നത്.
അഞ്ചു രൂപ കിട്ടിയാൽ പോക്കറ്റിൽ ഇട്ടു കൊണ്ടുപോകുന്ന ആളാണ് ജി.സുധാകരൻ. അതല്ല സജി ചെറിയാൻ. ഏതെങ്കിലും മാഫിയക്കാരന്റെ അടുത്തുനിന്ന് ചായ വാങ്ങി കുടിച്ചു എന്ന് സുധാകരന് തെളിയിക്കാനായാൽ ഞാൻ പാർട്ടി വിടും. ഞങ്ങൾ അന്തസായി പൊതുപ്രവർത്തനം നടത്തുന്നവരാണ്. സുധാകരന്റെ ബാങ്ക് ബാലൻസ് എടുത്തു പരിശോധിക്കണം. ഞങ്ങളെപ്പറ്റി വ്യക്തിപരമായ ആക്ഷേപം നടക്കുന്നത് പോലെ ഞങ്ങൾ തിരിച്ചു തുടങ്ങിയാൽ സുധാകരന് പുറത്തിറങ്ങാൻ കഴിയില്ല.
ജില്ലാ സെക്രട്ടറിയെ സംബന്ധിച്ച് സുധാകരൻ നാറിയ വർത്തമാനമാണ് പറഞ്ഞത്. ആർ.നാസർ ഈഴവനോ മുസ്‌ലിമോ എന്ന ചർച്ച ഉണ്ടാക്കി. ഈഴവനായ നാസറിനെ പരിഗണിച്ചില്ല എന്ന ധ്വനി ഉണ്ടാക്കാനായിരുന്നു ഇത്. ഏതെങ്കിലും രീതിയിൽ തങ്ങളെ ആക്രമിക്കാൻ വന്നാൽ ജി.സുധാകരന് എതിരെയുള്ള കാര്യങ്ങൾ ഒന്നായി പുറത്തു പറയും. ഇനി നഷ്ടപ്പെടാൻ ഒന്നുമില്ല.
കൃഷ്ണപിള്ള സ്മാരകം തകർത്തതിൽ തനിക്ക് പങ്കുണ്ടെന്ന ജി.സുധാകരന്റെ ആരോപണം സജി ചെറിയാൻ തള്ളി. തകർക്കാൻ പോയിട്ടുണ്ടെങ്കിൽ തങ്ങൾ ഒരുമിച്ചേ പോകൂ. താൻ സുധാകരന്റെ നിഴലായി നിന്ന കാലമാണത്. മര്യാദകെട്ട വർത്തമാനമാണത്. ജി.സുധാകരനാണ് സ്മാരകം കത്തിക്കാൻ പോയതെന്ന് താൻ പറഞ്ഞാലോ. ആറുമാസത്തിനകം സുധാകരനെ തള്ളിപ്പറഞ്ഞില്ലെങ്കിൽ കെ.സി വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാവും. ജി.സുധാകരൻ ജയിച്ചാലും തോറ്റാലും കെ.സി വേണുഗോപാലിന്റെ അന്ത്യമാണെന്നും സജി ചെറിയാൻ പറഞ്ഞു.
Adjust Story Font
16
