കൊല്ലത്തെ കൊലപാതകങ്ങൾക്ക് പിന്നിൽ സീരിയൽ കില്ലർ?; പ്രതി തമിഴ്നാട് സ്വദേശിയെന്ന് സംശയം
പ്രതിക്കായി കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല

കൊല്ലം: കൊല്ലം നഗരത്തിലെ കൊലപാതകത്തിൽ പ്രതി സീരിയൽ കില്ലറെന്ന നിഗമനത്തിൽ പൊലീസ്. കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങൾ ഒരേ രീതിയിലാണ് നടന്നത്. പ്രതി തമിഴ്നാട് സ്വദേശിയാണെന്നാണ് സംശയം.
ഏപ്രിൽ 19-നാണ് പാരിപ്പള്ളിയിൽ ആദ്യ കൊലപാതകം നടക്കുന്നത്. അതിനുപിന്നാലെ മേയ് 25-ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് വെറും 100 മീറ്റർ മാത്രം അകലെ രണ്ടാമത്തെ കൊലപാതകവും നടന്നു. ഈ രണ്ട് കൊലപാതകങ്ങളും നടത്തിയത് ഒരേ വ്യക്തി തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിക്കായി കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം, നഗരത്തിൽ കുറ്റകൃത്യങ്ങൾ തുടർക്കഥ ആകുമ്പോൾ പ്രതികളെ പിടികൂടാൻ ആകാതെ പൊലീസ്. സിറ്റി പൊലീസ് പരിധിയിൽ കൊലപാതകവും കവർച്ചകളും കവർച്ചാ ശ്രമങ്ങളും നടന്നെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല. തെരഞ്ഞെടുപ്പ് കാലത്ത് ട്രാൻസ്ഫറായി വന്ന ഉദ്യോഗസ്ഥർ അന്വേഷണത്തിൽ അനാസ്ഥ കാട്ടുന്നു എന്നതാണ് ഉയരുന്ന ആക്ഷേപം.
ജില്ല ആശുപത്രിക്ക് സമീപത്തെ സ്റ്റെയിൻ ട്രേഡിങ് കമ്പനിയിൽ നിന്ന് 23 ലക്ഷം രൂപയാണ് ഏപ്രിൽ 27ന് മോഷണം പോയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. നഗരത്തിൽ മുൻപ് മോഷണം നടത്തിയ സംഘത്തിൽ പെട്ട ആൾ ഉൾപ്പടെ ആണ് കടയിൽ കയറിയത് എന്ന് കണ്ടെത്തി. പ്രതികളെ പിടികൂടാൻ ആകാതെ സിറ്റി പൊലീസ് ഇരുട്ടിൽ തപ്പുന്നു.
ജനുവരി 27 ആയിരുന്നു രണ്ടിടത്തെയും മോഷണശ്രമം. മുഖം മറച്ച് മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം. പണം ലഭിക്കാതെ വന്നതോടെ മടങ്ങി. പ്രൊഫഷണൽ രീതിയിൽ കവർച്ച നടത്തുന്ന ഇതര സംസ്ഥാന മോഷണ സംഘം ആണ് പിന്നിൽ എന്നതാണ് പൊലീസിന്റെ ഏക കണ്ടെത്തൽ. നഗര ഹൃദയത്തിൽ കുറ്റവാളികൾ അഴിഞ്ഞാടുമ്പോൾ സിറ്റി പൊലീസിന്റെ രാത്രികാല പെട്രോളിങ് ഉൾപ്പെടെ എത്രമാത്രം കാര്യക്ഷമമാണ് എന്ന സംശയം ഉയരുന്നു.
Adjust Story Font
16

