ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തിന് കാരണം SFI ക്രിമിനലുകൾ: ജി. സുധാകരൻ
ഭുവനേശ്വരൻ സ്വയം കൊല്ലപ്പെട്ടതല്ലെന്നും എസ്എഫ്ഐ ഗുണ്ടകൾ സൃഷ്ടിച്ച സാഹചര്യമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നുമാണ് സുധാകരൻ പറഞ്ഞു

അമ്പലപ്പുഴ: ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തിന് പിന്നിൽ എസ്എഫ്ഐ ക്രിമിനലുകളാണെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ. ഭുവനേശ്വരൻ സ്വയം കൊല്ലപ്പെട്ടതല്ലെന്നും എസ്എഫ്ഐ ഗുണ്ടകൾ സൃഷ്ടിച്ച സാഹചര്യമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നുമാണ് സുധാകരൻ പറഞ്ഞു. തന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വർഷങ്ങളായി സിപിഎം പ്രചരിപ്പിച്ചിരുന്ന ചരിത്രത്തെ പൂർണമായും തള്ളിക്കൊണ്ടാണ് മുൻ പാർട്ടി നേതാവ് കൂടിയായ സുധാകരൻ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്.
ഭുവനേശ്വരനെ നിർബന്ധിച്ച് കോളജിലേക്ക് അയച്ചത് സിപിഎം നേതാക്കളാണെന്ന് സുധാകരൻ തുറന്നടിച്ചു. അന്നത്തെ സംഘർഷാവസ്ഥയിൽ കോളജിൽ പോകരുതെന്ന് താൻ വിലക്കിയിരുന്നെങ്കിലും, പി.കെ. കുമാരൻ പൊന്നപ്പൻ, ആചാര്യ സാർ തുടങ്ങിയ നേതാക്കളുടെ നിർബന്ധപ്രകാരമാണ് അവൻ പോയതെന്ന് അദ്ദേഹം പറഞ്ഞു. അക്രമി സംഘമായ എസ്എഫ്ഐക്കാർ ഓടിച്ചെന്നത് ഭുവനേശ്വരന്റെ മുറിയിലേക്കാണെന്നും ആ നിമിഷത്തിലെ സാഹചര്യങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും സുധാകരൻ പറഞ്ഞു. മുൻപ് നായർ ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സുധാകരൻ പറഞ്ഞത്.
അതേസമയം, സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി സിപിഎം നേതൃത്വം. ഭുവനേശ്വരന്റെ കൊലപാതകത്തിൽ എസ്എഫ്ഐക്ക് പങ്കുണ്ടെന്ന വാദം പാർട്ടി പൂർണമായും തള്ളി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണ് സുധാകരനെക്കൊണ്ട് ഇത്തരത്തിൽ സംസാരിപ്പിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. രാഷ്ട്രീയ ലാഭത്തിനായി സ്വന്തം സഹോദരന്റെ മരണം പോലും സുധാകരൻ വിവാദമാക്കുകയാണെന്നാണ് പാർട്ടിയുടെ നിലപാട്. രണ്ട് ചാനൽ സർവേകളിൽ പരാജയപ്പെടുമെന്ന് പ്രവചിച്ചതോടെ സുധാകരന്റെ സമനില തെറ്റിയെന്നും, പത്ത് വോട്ടിന് വേണ്ടി ചരിത്രത്തെ വളച്ചൊട്ടിക്കാൻ അദ്ദേഹം ശ്രമിക്കുകയാണെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.
Adjust Story Font
16

