Quantcast

യുജിസി ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യം; ഡല്‍ഹിയില്‍ എസ്എഫ്‌ഐ പ്രതിഷേധം

ദേശീയ അധ്യക്ഷൻ ആദർശ് എം.സജിയടക്കമുള്ള നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Published:

    5 Feb 2026 4:06 PM IST

യുജിസി ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യം; ഡല്‍ഹിയില്‍ എസ്എഫ്‌ഐ പ്രതിഷേധം
X

ന്യൂഡല്‍ഹി: യുജിസി ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ എസ്എഫ്‌ഐ പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാര്‍ച്ച് ചെയ്യാനെത്തിയ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുജിസി ചട്ടം ഭേദഗതി ചെയ്യണമെന്നത് വിദ്യാര്‍ഥികള്‍ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യമാണെന്നും എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാവുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം. മാര്‍ച്ചിന്റെ ഭാഗമാകുന്നതിനായി ദേശീയ അധ്യക്ഷന്‍ ആദര്‍ശ് എം.സജി ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

പ്രതിഷേധത്തിന്‍റെ ഭാഗമായുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാവിലെ മുതല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ പരിസരത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. പ്രതിഷേധത്തിനായി എത്തിച്ചേര്‍ന്ന ചില വിദ്യാര്‍ഥികളെ മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നിന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു.

പ്രവര്‍ത്തകരില്‍ ചിലരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ശേഷിക്കുന്നവർ വിദ്യാഭ്യാസ മന്ത്രാലയത്തിന് നേരെ മുദ്രാവാക്യങ്ങളുമായി ഓടിയടുക്കുകയായിരുന്നു. ഇതിനിടെ ദേശീയ അധ്യക്ഷനെയും ബലംപ്രയോഗിച്ച് വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റി. പെണ്‍കുട്ടികളടക്കം അമ്പതോളം പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനായി തലസ്ഥാനനഗരിയില്‍ തടിച്ചുകൂടിയിരുന്നത്. അറസ്റ്റ് ചെയ്തതുകൊണ്ട് സമരം അവസാനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും നേതാക്കള്‍ പ്രതികരിച്ചു.

TAGS :

Next Story