ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ പങ്കെടുത്ത് മുഹമ്മദ് ഷിയാസ് എംഎൽഎ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി
ശ്രദ്ധയിൽ പെട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

കൊച്ചി: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കൊച്ചി നഗരത്തിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ മുഹമ്മദ് ഷിയാസ് പങ്കെടുത്തത് സ്വാഗതം ചെയ്ത് ഹിന്ദു ഐക്യവേദി. കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫിനൊപ്പമാണ് ഷിയാസ് ഘോഷയാത്രയുടെ ഭാഗമായത്. കൊച്ചി മേയർ വി.കെ മിനിമോളും നഗരത്തിലെ ശോഭായാത്രയിൽ പങ്കെടുത്തിരുന്നു.
മുഹമ്മദ് ഷിയാസിന്റെ സാന്നിധ്യത്തെ പരസ്യമായി അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബുവും സംസ്ഥാന നേതാവ് കെ.പി. ശശികലയും. എംഎൽഎയുടെ നടപടി മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ആർ.വി ബാബു ഫേസ്ബുക്കിൽ കുറിച്ചപ്പോൾ ജനപ്രതിനിധികൾ പിന്തുടരേണ്ട മാതൃകയാണിതെന്ന് കെ.പി ശശികലയും കുറിച്ചു.
സംഘപരിവാർ അനുകൂല സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസിന്റെ മുൻനിര നേതാവും ജനപ്രതിനിധിയുമായ വ്യക്തി പങ്കെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട കോൺഗ്രസ് നേതാക്കൾ ഇത്തരം പരിപാടികളിൽ ഭാഗമാകുന്നത് സംഘപരിവാർ രാഷ്ട്രീയത്തിന് സാധുത നൽകലാണെന്ന തരത്തിലുള്ള വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്ന് ഇതിനോടകം ഉയർന്നു കഴിഞ്ഞു.
വിഷയം രാഷ്ട്രീയ വിവാദമായി വളർന്നിട്ടും വ്യക്തമായ പ്രതികരണം നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. എറണാകുളം ഡിസിസി പ്രസിഡന്റ് ശോഭായാത്രയിൽ പങ്കെടുത്തതിനെക്കുറിച്ചും തുടർന്ന് ഹിന്ദു ഐക്യവേദി നേതാക്കൾ നടത്തിയ പ്രശംസകളെക്കുറിച്ചും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല' എന്നായിരുന്നു കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിന്റെ മറുപടി.
Adjust Story Font
16

