Quantcast

അച്ചടക്കമില്ലാത്ത പ്രസ്താവനകളും ഉത്തരവാദിത്തമില്ലാത്ത നേതൃത്വവും കൊണ്ട് എത്രകാലം നിലനിൽക്കുമെന്ന് സമസ്ത ചിന്തിക്കണം: ഉമർഫൈസിയുടെ വിവാദ പ്രസ്താവനക്കെതിരെ ഷുക്കൂർ സ്വലാഹി

ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനകൾ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരണമെന്നും ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ

MediaOne Logo

Web Desk

  • Updated:

    2026-03-29 13:42:41.0

Published:

29 March 2026 7:05 PM IST

അച്ചടക്കമില്ലാത്ത പ്രസ്താവനകളും ഉത്തരവാദിത്തമില്ലാത്ത നേതൃത്വവും കൊണ്ട് എത്രകാലം നിലനിൽക്കുമെന്ന് സമസ്ത ചിന്തിക്കണം: ഉമർഫൈസിയുടെ വിവാദ പ്രസ്താവനക്കെതിരെ ഷുക്കൂർ സ്വലാഹി
X

കോഴിക്കോട്: ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനകൾ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരണമെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സലാഹി. അച്ചടക്കമില്ലാത്ത പ്രസ്താവനകളും ഉത്തരവാദിത്തമില്ലാത്ത നേതൃത്വവും കൊണ്ട് എത്രകാലം നിലനിൽക്കുമെന്ന് സമസ്ത ചിന്തിക്കേണ്ടതുണ്ടെന്നും സമൂഹം മുന്നേറുമ്പോൾ ആ മുന്നേറ്റത്തെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നവരെ സമുദായം പിടിച്ചുകെട്ടുമെന്നത് തീർച്ചയാണെന്നും ഷുക്കൂർ സലാഹി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മുസ്‌ലിം ലീഗ് ജനറൽ സീറ്റിൽ വനിതകളെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഉമർ ഫൈസിയുടെ പ്രതികരണം. മത്സരിക്കാൻ യോഗ്യരായ പുരുഷൻമാരുള്ളപ്പോൾ സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല. സംവരണ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കാനാണ് സമസ്ത അനുമതി നൽകിയിരുന്നത്. ജനറൽ സീറ്റിൽ മത്സരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ഉമർ ഫൈസി പറഞ്ഞിരുന്നു.

പോസ്റ്റിന്റെ പൂർണരൂപം;

എന്തൊരു ദുരവസ്ഥയാണ് സമസ്ത ഇദ്ദേഹത്തെ കൊണ്ട് അനുഭവിക്കുന്നത്. പലപ്പോഴും ഇവരിൽ നിന്ന് ഉണ്ടാകുന്ന പ്രസ്താവനകൾ കേൾക്കുമ്പോൾ ഇവർ സമുദായത്തെ മുന്നോട്ടാണോ പിന്നോട്ടാണോ നയിക്കുന്നത് എന്ന ആശയക്കുഴപ്പം തോന്നുന്നു.

സ്ത്രീ വിരുദ്ധ നിലപാടുകൾ ആവർത്തിച്ചു കൊണ്ടിരിക്കുക എന്നത് ഇവർക്കൊരു ശീലമായി മാറിയിരിക്കുന്നു. കാലം മാറിയിട്ടും ചിന്ത മാറാത്തത് അതിലേറെ ഗുരുതരമാണ്. സമൂഹം മുന്നേറുമ്പോൾ ആ മുന്നേറ്റത്തെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നവരെ സമുദായം പിടിച്ചു കെട്ടും എന്നത് തീർച്ചയാണ്.

“രാഷ്ട്രീയം ഇല്ല” എന്ന് ആവർത്തിക്കുമ്പോഴും സ്ത്രീവിരുദ്ധതയും പിന്തിരിപ്പൻ നിലപാടും ലീഗിനെതിരെ മാത്രം ആവർത്തിക്കുന്നവരുടെ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല. വക്കഫ് ബോർഡിൽ കയറിയതിന്റെ പേരിൽ മാത്രം ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സമുദായവിരുദ്ധ നിലപാട് സ്വീകരിക്കുന്നതിന് ചരിത്രം ഒരിക്കലും മാപ്പ് തരില്ല.

പണം, സ്വാധീനം, അധികാരം ഇവയുടെ സ്വാധീനത്താൽ മാത്രം രൂപപ്പെടുന്ന നിലപാടുകൾക്ക് സമൂഹം യാതൊരു വിലയും തരില്ല. മതത്തിന്റെ പേരിൽ അവയെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് മതത്തെ തന്നെ അപമാനിക്കുന്നതാണ്.

അച്ചടക്കമില്ലാത്ത പ്രസ്താവനകളും ഉത്തരവാദിത്വമില്ലാത്ത നേതൃത്ത്വവും കൊണ്ട് എത്രകാലം നിലനിൽക്കുമെന്ന് അവർ തന്നെ ചിന്തിക്കട്ടെ. മുക്കം ഫൈസിയെ നിലക്ക് നിർത്താൻ സമസ്ത തയ്യാറാവുക.

TAGS :

Next Story