Quantcast

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യാഗസ്ഥർ ഇന്ന് സ്‌കൂളിൽ പരിശോധന നടത്തും

സംഘർഷ സാധ്യത കണക്കിലെടുത്ത് സ്‌കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്

MediaOne Logo

Web Desk

  • Updated:

    2025-07-18 04:37:36.0

Published:

18 July 2025 6:14 AM IST

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യാഗസ്ഥർ ഇന്ന് സ്‌കൂളിൽ പരിശോധന നടത്തും
X

കൊല്ലം:ഷോക്കേറ്റ് വിദ്യാർഥി മരിച്ച കൊല്ലം തേവലക്കര ബോയ്സ് സ്‌കൂളിൽ വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തും. വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച മിഥുന്റെ അമ്മ നാളെ നാട്ടിലെത്തും. അമ്മ എത്തിയ ശേഷമാകും സംസ്‌കാരം നടത്തുക.

മിഥുൻ ഷോക്കറ്റ് മരിച്ച സ്ഥലം സന്ദർശിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അപകടം സംബന്ധിച്ച് പ്രാഥമികമായി ശേഖരിച്ച വിവരങ്ങൾ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സ്‌കൂളിലെത്തി വിശദമായ പരിശോധന നടത്തും. ശാസ്താംകോട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്‌കൂൾ അധികൃതരുടെ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

അസ്വഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. സ്‌കൂളിൽ ബാലവകാശ കമ്മീഷനും സന്ദർശനം നടത്തും. അപകട മരണത്തിന് കാരണം അധികൃതരുടെ അനാസ്ഥ ആണെന്ന് ആരോപിച്ച് കെഎസ്‌യുവിന്റെയും ആർവൈഎഫിന്റെയും നേതൃത്വത്തിൽ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്‌കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്. സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്‌യു, എബിവിപി, ഫ്രറ്റേർണിറ്റി മൂവ്‌മെന്റ് എന്നിവർ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മിഥുന്റെ അമ്മ നാളെ നാട്ടിലെത്തും. ഇന്ന് വൈകിട്ട് തുർക്കിയിൽ നിന്ന് കുവൈത്തിലെത്തുന്ന സുജ നാളെ രാവിലെയാകും തിരുവനന്തപുരത്ത് എത്തുക.

TAGS :

Next Story