ബൈക്ക് പിന്തുടരുന്നതിനിടെ അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചില്ല; പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
കഴിഞ്ഞ ജൂലൈ 19നാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്

തൃശൂർ: വാഹനം ഇടിച്ച് പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ എത്തിക്കാതെ വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ തൃശൂർ പുതുക്കാട് എസ്എച്ച്ഒ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ. പുതുക്കാട് സബ് ഇൻസ്പെക്ടർ മഹേഷ്, സിപിഒമാരായ ഫൈസൽ, യദുകൃഷ്ണൻ, നവീൻ കുമാർ എന്നിവരെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
തൃശൂർ റേഞ്ച് ഡിഐജിയുടേതാണ് ഈ അച്ചടക്ക നടപടി. ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പെരുമാറ്റവും പൊലീസിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്നതുമായ പ്രവൃത്തിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സസ്പെൻഷൻ ഓർഡറിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂലൈ 19നാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ആമ്പല്ലൂരിലെ ഒരു തട്ടുകടയ്ക്ക് സമീപം അടിപിടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഈ പൊലീസ് ഉദ്യോഗസ്ഥർ അവിടേക്ക് എത്തിയത്. പൊലീസ് എത്തിയതുകണ്ട് അടിപിടിയിൽ ഉൾപ്പെട്ട കല്ലൂർ സ്വദേശികൾ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്നുപോയ പൊലീസിന്റെ വാഹനം പ്രതികൾ സഞ്ചരിച്ച ബൈക്കിൽ ചെന്ന് ഇടിക്കുകയായിരുന്നു.
വാഹനം തട്ടി വീണയുടനെ ബൈക്കിൽ ഉണ്ടായിരുന്ന രണ്ടുപേർ അവിടെനിന്നും ഓടി രക്ഷപ്പെട്ടെങ്കിലും മൂന്നാമത്തെയാൾക്ക് സാരമായി പരിക്കേറ്റിരുന്നു. എന്നാൽ പരിക്കേറ്റ് റോഡിൽ കിടന്ന ഇയാളെ ആശുപത്രിയിൽ എത്തിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം പോലും കാണിക്കാതെ പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നിന്നും മടങ്ങുകയായിരുന്നു.
പിന്നീട് വിവരമറിഞ്ഞ് അവിടെയെത്തിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ മനുഷ്യത്വരഹിതമായ നടപടിയും ഗുരുതരമായ വീഴ്ചയും അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് റേഞ്ച് ഡിഐജി ഇപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.
Adjust Story Font
16

