മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന് വഴിയൊരുക്കിയത് പ്രിയങ്ക ഗാന്ധിയുടെ നിര്‍ണായക ഇടപെടൽ
വേണുഗാപാലിനെതിരെ സംസ്ഥാനത്തുയര്‍ന്ന ജനരോഷം അടുത്ത തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഗാന്ധി കുടുംബം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അവര്‍ ഗൗരവത്തില്‍ എടുത്തു

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് വഴിയൊരുക്കിയതില്‍ നിര്‍ണായക റോളെടുത്തത് പ്രിയങ്ക ഗാന്ധിയാണ്. സതീശന് അനുകൂലമായി സംസ്ഥാനത്തുണ്ടായ ജനവികാരം സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അറിയിക്കാന്‍ അവര്‍ തയ്യാറായതോടെയാണ് പുനര്‍വിചിന്തനത്തിനുള്ള സാധ്യത ആദ്യം തെളിഞ്ഞത്. കെ.സി വേണുഗോപാലിന്‍റെ സ്വാധീനം തുടര്‍ന്നും തടസങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവസാന ഘട്ടത്തില്‍ രാഹുല്‍ വ്യക്തമായ നിലപാടെടുത്തതോടെ സതീശന് വഴിയൊരുങ്ങി.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവികമെന്നോണം ഹൈക്കമാന്‍ഡ് നിര്‍ദേശിക്കാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്ന ഘട്ടത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലുണ്ടായത്. ജനങ്ങള്‍ പിന്തുണക്കുന്നത് വി.ഡി സതീശനെയാണെന്ന കാര്യം പ്രിയങ്കാ ഗാന്ധി തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു. മറിച്ചുള്ള തീരുമാനം ഗാന്ധി കുടുംബത്തോടുള്ള മലയാളികളുടെ സ്നേഹം ഇല്ലാതാക്കുമെന്നും അവര്‍ മനസിലാക്കി.
വേണുഗാപാലിനെതിരെ സംസ്ഥാനത്തുയര്‍ന്ന ജനരോഷം അടുത്ത തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഗാന്ധി കുടുംബം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അവര്‍ ഗൗരവത്തില്‍ എടുത്തു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുൻ ഖാര്‍ഗെയും കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തീരുമാനിക്കാന്‍ എല്ലാ സാധ്യതയുമുണ്ടായിരുന്ന ഘട്ടത്തിലാണ് പ്രിയങ്ക ഇടപെടുന്നത്.
കേരളത്തിന്‍റെ വികാരം സോണിയ ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തിയ പ്രിയങ്കാഗാന്ധി വിഷയത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും അവസരമൊരുക്കി. സോണിയയും കേരളത്തിലെ സാഹചര്യം പഠിച്ചു. പിന്നീട് സോണിയ ഗാന്ധി എ.കെ ആന്‍റണിയുമായി നടത്തിയ ആശയവിനിമയവും നിര്‍ണായകമായി.
ഡല്‍ഹിയിലേക്ക് ക്ഷണിക്കപ്പെട്ട നേതാക്കളില്‍ വി.എം സുധീരനും കെ.മുരളീധരനും വി.ഡി സതീശന് വേണ്ടി ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ചതോടെ പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍ ഫലപ്രാപ്തിയിലെത്തി. സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനം കോണ്‍ഗ്രസ് നേതാക്കളും അണിനിരന്ന കെ.സി ഗ്രൂപ്പിനെ മറികടക്കല്‍ സാധാരണ രീതിയില്‍ സതീശന് അസാധ്യമാണെന്നിരിക്കെ അത് സാധ്യമാക്കിയത് പ്രിയങ്ക ഗാന്ധിയാണെന്ന് നിസ്സംശയം പറയാം.
Adjust Story Font
16

