സണ്ണി എം കപിക്കാട് സ്ഥാനാർഥിയാകണമെന്ന് ആഗ്രഹിച്ചിരുന്നു; സീറ്റ് കൊടുക്കാതിരിക്കാൻ ചിലർ പറയുന്ന കാരണങ്ങൾ അംഗീകരിക്കാൻ കഴിയില്ല: വി.ആർ അനൂപ്
കോൺഗ്രസ് നേതാവ് അജയ് തറയിൽ സണ്ണി എം കപിക്കാടിനെതിരെ നടത്തിയ പരാമർശങ്ങൾ പരോക്ഷമായി സൂചിപ്പിച്ചാണ് അനൂപിന്റെ വിമർശനം

- Published:
19 March 2026 3:07 PM IST

കോഴിക്കോട്: സണ്ണി എം കപിക്കാടിനെപ്പോലെ ഒരാൾ കോൺഗ്രസ് നയിക്കുന്ന സാമൂഹിക മുന്നണിയുടെ സ്ഥാനാർഥിയായി മത്സരരംഗത്ത് ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് കോൺഗ്രസ് വക്താവ് വി.ആർ അനൂപ്. അതിനായി സാധ്യമായ ഇടങ്ങളിൽ സംസാരിക്കുകയും ചെയ്തിരുന്നു. സണ്ണി എം കപിക്കാടിനെ സ്ഥാനാർഥിയാക്കേണ്ടതില്ല എന്ന കോൺഗ്രസ് തീരുമാനം അംഗീകരിക്കുന്നു. എന്നാൽ സീറ്റ് നൽകാതിരിക്കാൻ ചിലർ പറയുന്ന കാരണങ്ങൾ അവർ ആരായാലും അംഗീകരിക്കാനാവില്ലെന്നും അനൂപ് വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് അജയ് തറയിൽ സണ്ണി എം കപിക്കാടിനെതിരെ നടത്തിയ പരാമർശങ്ങൾ പരോക്ഷമായി സൂചിപ്പിച്ചാണ് അനൂപിന്റെ വിമർശനം. എൽഡിഎഫിന്റെ കുത്തക സീറ്റിൽ മത്സരിച്ച് അതിന്റെ പേരിൽ പിരിവ് നടത്തി പണം തട്ടാനാണ് സണ്ണിയുടെ ശ്രമമെന്ന് അജയ് തറയിൽ ആരോപിച്ചിരുന്നു.
ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച സണ്ണി എൽഐസിയിൽ ജോലി കിട്ടാൻ വേണ്ടിയാണ് മതം മാറിയതെന്നും അജയ് തറയിൽ ആക്ഷേപമുന്നയിച്ചിരുന്നു. ഇയാളുടെ മാതാപിതാക്കൾ സാമ്പത്തിക സഹായം കിട്ടാനും മറ്റുമാണ് വർഷങ്ങൾക്ക് ക്രിസ്ത്യൻ മതത്തിൽ ചേർന്നത്. അങ്ങനെ ദലിത് ക്രൈസ്തവനായ സണ്ണി എം കപിക്കാട് ജോലി കിട്ടാൻ ഹിന്ദു മതത്തിൽ ചേരുകയാണുണ്ടായത്. അങ്ങനെയാണ് ദലിത് സമുദായാംഗമായത്.
അദ്ദേഹത്തിന്റെ ആദ്യത്തെ പേര് എം.എം പൈലി എന്നാണ്. എൽഐസിയിൽ ജോലി കിട്ടാൻ പൈലി അനിൽ കുമാറായി രൂപാന്തരം പ്രാപിച്ചു. ദലിത് പ്രവർത്തകനായപ്പോൾ സണ്ണി എം കപിക്കാട് ആയി. പേരുമാറ്റം പോലെയാണ് ഇയാളുടെ രാഷ്ട്രീയവും. ഒരു കാലത്ത് നക്സൽ പ്രസ്ഥാനത്തോടൊപ്പമായിരുന്നു. പിന്നീട് സിപിഎം സഹയാത്രികനായി. അതിന് ശേഷം ജമാത്തെ ഇസ്‌ലാമിയുടെ കോടാലി കൈയായി മാറി. എം.എം പൈലി എന്നയാൾ പിൽക്കാലത്ത് അനിൽകുമാർ എന്ന പേര് സ്വീകരിക്കുകയും പിന്നീട് എഴുതിത്തുടങ്ങിയപ്പോൾ തന്റെ പേരിനെ അനുകരിച്ച് സണ്ണി കപിക്കാട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹം ന്യായീകരിക്കുന്നത്. ഇത് പച്ചക്കള്ളമാണ്. സണ്ണി എം കപിക്കാടിന്റെ തനിനിറം പട്ടിക ജാതി സമൂഹത്തിനു മാത്രമല്ല കേരളത്തിലുള്ള പലർക്കും തിരിച്ചറിയാവുന്നതാണ്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരാൻ സാധ്യതയുണ്ടെന്നും അജയ് തറയിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.
Adjust Story Font
16
