Quantcast

'ഖാർഗെ പ്രസിഡന്റായാൽ അഭിമാനം, തരൂർ മത്സരിക്കുന്നതിൽ തെറ്റില്ല'; നിലപാട് വ്യക്തമാക്കി വി.ഡി സതീശൻ

സിപിഎമ്മിലോ ബിജെപിയിലോ ഇത്തരം മത്സരങ്ങൾ നടക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2022-10-01 09:55:52.0

Published:

1 Oct 2022 9:22 AM GMT

ഖാർഗെ പ്രസിഡന്റായാൽ അഭിമാനം, തരൂർ മത്സരിക്കുന്നതിൽ തെറ്റില്ല; നിലപാട് വ്യക്തമാക്കി വി.ഡി സതീശൻ
X

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷ പദവി തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പിന്തുണക്കുമെന്നും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വളരെ പരിചയസമ്പന്നനായ, അനുഭവസമ്പത്തുള്ള കോൺഗ്രസ് നേതാവാണ് ഖാർഗെ. അസംബ്ലിയിലും പാർലമെന്റിന്റെ ഇരുസഭകളിലും അദ്ദേഹം തന്റെ നേതൃപാടവം തെളിയിച്ചിട്ടുള്ളതുമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

കൂടാതെ, ദലിത് വിഭാഗത്തിൽ നിന്നുള്ള ഒരാൾ പ്രസിഡന്റ് ആകുന്ന അഭിമാനകരമായ നിമിഷത്തിന് വേണ്ടിയാണ് തങ്ങൾ കാത്തിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. മുതിർന്ന നേതാക്കൾ കൂടിയാലോചിച്ചാണ് ഖാർഗെയുടെ സ്ഥാനാർത്ഥിത്വം തീരുമാനിച്ചത്. അതിനാൽ തന്നെ അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുന്നുവെന്നും സതീശൻ ആവർത്തിച്ചു.

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. അതുകൊണ്ട് തന്നെ ശശി തരൂർ മത്സരിക്കുന്നതിൽ തെറ്റില്ല. സിപിഎമ്മിലോ ബിജെപിയിലോ ഇത്തരം മത്സരങ്ങൾ നടക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗ്യതയുള്ള ആർക്ക് വേണമെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞത്. പലയിടങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും പാർട്ടിക്കുള്ളിലുള്ള മത്സരമായതിനാൽ ചേരിതിരിവ് ഉണ്ടാകില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

നേരത്തെ ഖാർഗെക്ക് പിന്തുണ പ്രഖ്യാപിച്ച് കൊടിക്കുന്നിൽ സുരേഷും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എന്തുകൊണ്ടും യോഗ്യൻ മല്ലികാർജുന ഖാർഗെയാണെന്നും ശശി തരൂർ മത്സരത്തിൽ നിന്ന് പിന്മാറണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തിരുത്തല്‍വാദികളായ ജി23 നേതാക്കളുടെ പിന്തുണയും മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് തന്നെയാണ്.

2005ൽ കർണാടക പിസിസി അധ്യക്ഷനായിരുന്നു ഖാർഗെ. കർണാടക നിയമസഭയിൽ പിന്നീട് പ്രതിപക്ഷ നേതാവായി. 2009ൽ ആദ്യമായി ലോക്സഭാ അംഗം. പിന്നീട് പ്രവർത്തന മേഖല ഡൽഹിയിൽ. യു.പി.എ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. റെയിൽ മന്ത്രാലയത്തിന്റെ അധിക ചുമതലയും വഹിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ച് കോൺഗ്രസ് സഭാ കക്ഷി നേതാവായി. ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് മത്സരിക്കുന്നത്.

TAGS :

Next Story