'കേന്ദ്രമായാലും സംസ്ഥാനമായാലും നല്ലതാണേൽ പിന്തുണക്കും അല്ലെങ്കിൽ എതിർക്കും'; അതിവേഗ റെയിലിൽ വി.ഡി സതീശൻ
പാരിസ്ഥിതിക ദുരന്തവും സാമ്പത്തിക തകർച്ചയും ഉണ്ടാകുമെന്നതിനാലാണ് സിൽവർ ലൈൻ പദ്ധതിയെ എതിർത്തതെന്നും സതീശൻ പറഞ്ഞു

തിരുവനന്തപുരം: അതിവേഗ റെയിലിന് കോൺഗ്രസ് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാരിസ്ഥിതിക ദുരന്തവും സാമ്പത്തിക തകർച്ചയും ഉണ്ടാകുമെന്നതിനാലാണ് സിൽവർ ലൈൻ പദ്ധതിയെ എതിർത്തത്. കേന്ദ്രം കൊണ്ടുവന്നാലും സംസ്ഥാനം കൊണ്ടുവന്നാലും നല്ലതാണെങ്കിൽ പിന്തുണക്കും അല്ലെങ്കിൽ എതിർക്കുമെന്നും സതീശൻ പറഞ്ഞു.
അതേസമയം, മന്ത്രി വി.ശിവൻകുട്ടിയുമായി ഏറ്റുമുട്ടാനില്ലെന്ന് സതീശൻ. മഹാനായ ശിവൻകുട്ടിയുടെ വെല്ലുവിളി സ്വീകരിക്കാൻ പ്രാപ്തിയില്ല. പറവൂരിൽ ബിജെപിയുമായി ഡീലെന്ന ആരോപണത്തിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. സതീശനെ നേമത്ത് മത്സരിക്കാൻ ശിവൻകുട്ടി ക്ഷണിച്ചിരുന്നു. ബിജെപിയുമായി കച്ചവടം ഉറപ്പിച്ചത് കൊണ്ടാണ് നേമത്ത് മത്സരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞതെന്നായിരുന്നു ശിവൻകുട്ടിയുടെ ആരോപണം.
സപ്രിംഗ്ളർ കേസിൽ താൻ കക്ഷി ചേർന്നിട്ടില്ലെന്നും നടപടിയുമായി സർക്കാർ മുന്നോട്ടു പോയില്ലല്ലോ എന്നും സതീശൻ ചോദിച്ചു. വിവാദങ്ങൾ പുറത്തുവന്നപ്പോൾ കേസ് വേണ്ടെന്ന് വെച്ചത് പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കാൻ പോയപ്പോഴാണ് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള ആളുകൾ അതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചത്. ഒരു കുഴപ്പവുമില്ലെങ്കിൽ എന്തിനാണ് പ്രതിപക്ഷം പറയുമ്പോഴേക്കും ഇട്ടിട്ട് ഓടിയതെന്നും സതീശൻ ചോദിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം വൈകിപ്പിച്ച് പ്രതികൾക്ക് പുറത്തിറങ്ങാനുള്ള വഴികളാണ് ഇപ്പോൾ ഒരുക്കികൊണ്ടിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു. കുറ്റപത്രം സമർപ്പിക്കാൻ വൈകിയാൽ സ്വാഭാവികമായി ജാമ്യം അനുവദിക്കുമെന്ന് കോടതി തന്നെ അന്വേഷണ സംഘത്തെ ഓർമിപ്പിച്ചതാണ്. അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങരുതെന്നും സതീശൻ പറഞ്ഞു.
വ്യവസായി സി.ജെ റോയിയുടെ മരണത്തിൽ അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഏത് തരത്തിലുള്ള ഉപദ്രവമാണ് ഉണ്ടായതെന്ന് വ്യക്തമല്ല. ഇൻകം ടാക്സ് റെയ്ഡ് സാധാരണയായി നടക്കുന്നതാണ്. ഒരു വ്യവസായി ആത്മഹത്യ ചെയ്യുന്നതിലേക്ക് പോയിട്ടുണ്ടെങ്കിൽ അതിനെ കുറിച്ച് ഗൗരവത്തിൽ അന്വേഷിക്കണം. അദ്ദേഹത്തെ പോലെ ഒരാൾ ഇൻകം ടാക്സ് റെയിഡ് നടന്നു എന്നതിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല, ദുരൂഹത കാണുന്നുണ്ട്. സതീശൻ കൂട്ടിച്ചേർത്തു.
Adjust Story Font
16

