'വിമാന അപകടമുണ്ടായ ഉടൻ പ്രധാനമന്ത്രി രാജിവെക്കുമോ'; രാജി ആവശ്യം തള്ളി വി.എൻ വാസവൻ
കള്ളന്മാരെ എല്ലാം പിടിച്ച് ജയിലിടുമെന്നും സ്വർണം തിരിച്ച് അയ്യപ്പന് കൊടുക്കുമെന്നും വി.എൻ വാസവൻ പറഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തൻ്റെ രാജി പ്രതിപക്ഷം മുന്നേ ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി വി.എൻ വാസവൻ. വിമാന അപകടമുണ്ടായ ഉടൻ പ്രധാനമന്ത്രി രാജിവെക്കുമോയെന്നും മന്ത്രി ചോദിച്ചു. കള്ളന്മാരെ എല്ലാം പിടിച്ച് ജയിലിടുമെന്നും സ്വർണം തിരിച്ച് അയ്യപ്പന് കൊടുക്കുമെന്നും വി.എൻ വാസവൻ പറഞ്ഞു. കർണാടകയിൽ ഗാലറി തകർന്ന് വീണ് പത്ത് പേർ മരിച്ച സംഭവത്തിൽ ആ മന്ത്രി രാജിവെച്ചിട്ടില്ലല്ലോ എന്നും മന്ത്രി ചോദിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളിയെ അറസ്റ്റ് ചെയ്യണമെന്നും ഇപ്പോഴത്തെ മന്ത്രി വാസവൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭയിൽ പ്രതിഷേധിച്ചു. സഭ നടപടികളുമായി അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭ വിട്ടതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി ഭരണപക്ഷവും സഭവിട്ടു.
പ്രത്യേക അന്വേഷണസംഘത്തിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദമുണ്ടെന്നും സഭ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് ഭയമെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. സോണിയ ഗാന്ധിയെയും അടൂർ പ്രകാശിനെയും ലക്ഷ്യംവെച്ചായിരുന്നു പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷിന്റെ മറുപടി. സോണിയ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
Adjust Story Font
16

