നേപ്പാൾ: അവരുടേതല്ലാത്ത കാരണത്താൽ ഒഴുകിമായുന്ന മനുഷ്യർ
ഏഷ്യാ വൻകരയിലെ 10 സുപ്രധാന നദികൾക്കെങ്കിലും വെള്ളംകൊടുക്കുന്ന ഹിന്ദുകുഷ് ഹിമ മേഖലയെ ഏഷ്യയുടെ ജല ഗോപുരങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവിടെ സംഭവിക്കുന്ന ഏതുമാറ്റവും അത്യഗാധമായ പ്രത്യാഘാതങ്ങളുണ്ടാക്കും

- Published:
28 Aug 2026 1:51 PM IST

ലോകത്ത് ധ്രുവപ്രദേശം കഴിഞ്ഞാൽ ഏറ്റവും വലിയ ഹിമശേഖരം സ്ഥിതിചെയ്യുന്നത് ഇന്ത്യയും ചൈനയും നേപ്പാളുമടക്കം എട്ടുരാജ്യങ്ങളുൾക്കൊള്ളുന്ന ഹിന്ദുകുഷ് ഹിമാലയ മേഖലയിലാണ്. 55,782 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 63,700ൽ അധികം ഹിമാനികൾ. അഥവ ലോകത്തേറ്റവും അപകടരകവും വിശാലവുമായ ഹിമാനികളുടെ താഴ്‍വരയിൽ ശ്വാസമടക്കിപ്പിടിച്ചു ജീവിക്കുന്ന മനുഷ്യരാണ് നേപ്പാളുകാർ. ഏഷ്യയിലെ പല നദികൾക്കും ജലം നൽകുന്ന ടിബറ്റൻ പീഠഭൂമിയുടെ താഴെ. മുകളിലുണ്ടാകുന്ന ഏത് അപകടവും മഹാദുരന്തമായി വന്നുപതിക്കുന്നത് നേപ്പാളിലാണ്. നേപ്പാളിനെ ഏതുനിമിഷവും കവർന്നെടുക്കാവുന്ന ജല പ്രവാഹം പുറപ്പെടുന്നതാകട്ടെ മറ്റൊരു രാജ്യത്തുനിന്നും.
That family in the green house. I hope they are alive and safe. 🙏🏻 what a nightmare. pic.twitter.com/t2tVR2cFD7
— Pooja Shali (@PoojaShali) August 28, 2026
ഇപ്പോൾ ദുരന്തമുണ്ടായ ഭോട്ടെ കോസി നദിയുടെ ഉത്ഭവം ടിബറ്റിലാണ്. അത് റസുവയിലൂടെ നേപ്പാളിൽ പ്രവേശിക്കും. ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് കൊദാരിയിലൂടെ മറ്റൊരു ഭോട്ടെ കോസി നദിയും നേപ്പാളിലേക്കൊഴുകിയെത്തുന്നുണ്ട്. രണ്ടും കുത്തനെയുള്ള നദികളാണ്. ആഴമേറിയ മലയിടുക്കുകളിലൂടെയും അടിവാരങ്ങളിലൂടെയും സഞ്ചരിക്കുന്നവ. ഇരുനിദകളുടെയും ഇരു തീരങ്ങളും വലിയ ജനവാസ കേന്ദ്രങ്ങളാണ്. ചെറുതും വലുതുമായ നിരവധി ജല വൈദ്യുത പദ്ധതികൾ മുതൽ നേപ്പാളി-ചൈനീസ് വ്യാപരങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പാതകൾ വരെ ഇരുകരകളിലുമുണ്ട്. കഴിഞ്ഞ വർഷവും ഏതാണ്ട് ഇതേ സമയത്ത് ഭോട്ടേ കോസിയിൽ അപ്രതീക്ഷിത പ്രളയമുണ്ടായി. പാലവും ജല പദ്ധതികളും തകർന്നു. 2025-ലെ പ്രളയത്തിന് കാരണം നേപ്പാൾ–ചൈന അതിർത്തിക്കടുത്തുള്ള ലെൻഡെ നദിയുടെ ഉത്ഭവഭാഗത്തുണ്ടായ ഹിമാനി വിസ്ഫോടനമാണ്. ഒരു ഹിമാനിയുടെ ഉപരിതലത്തിലുള്ള തടാകം പൊട്ടിപ്പോയി. കൃത്യം ഒരു വർഷം പിന്നിടുന്പോൾ അതേ ദുരന്തം അതേ പ്രദേശത്ത് ആവർത്തിക്കുന്നു, അതിനേക്കാൾ ഭയാനകമായി. 2015 ഏപ്രിലിൽ മധ്യ നേപ്പാളിനെ പിടിച്ചുകുലുക്കിയ വൻ ഭൂകന്പത്തിനൊപ്പവും വലിയ ഹിമപാതമുണ്ടായി. ലാങ്ടാങ് ഗ്രാമത്തെ അത് വിഴുങ്ങി. ഇവിടെ കുറഞ്ഞത് 300 പേർ മരിച്ചതായാണ് കണക്ക്.
ഏഷ്യാ വൻകരയിലെ 10 സുപ്രധാന നദികൾക്കെങ്കിലും വെള്ളംകൊടുക്കുന്ന ഹിന്ദുകുഷ് ഹിമ മേഖലയെ ഏഷ്യയുടെ ജല ഗോപുരങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവിടെ സംഭവിക്കുന്ന ഏതുമാറ്റവും അത്യഗാധമായ പ്രത്യാഘാതങ്ങളുണ്ടാക്കും. 200 കോടി മനുഷ്യരെ ഇത് ബാധിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. 2025ൽ പുറത്തുവന്ന ഒരു പഠന പ്രകാരം 28 ഹിമാനി തടാകങ്ങൾ ജി.എൽ.ഒ.എഫ് (ഹിമാനി തടാക വിസ്ഫോടന പ്രളയം) സാധ്യതയുള്ളവയാണ്. ലോക ഹിമാനി ദിനത്തോടനുബന്ധിച്ച് 2026 മാർച്ചിൽ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD) ഈ മേഖലയെക്കുറിച്ച് രണ്ട് പഠന റിപ്പോർട്ടുകൾ പുറത്തിറക്കി. അത്യന്തം അപടകരമായ മുന്നറിയിപ്പുകൾ നൽകുന്നതാണ് ഈ പഠനങ്ങൾ. 1990 നും 2020നും ഇടയിൽ എച്ച് കെ എച്ച് മേഖലയിലുണ്ടായ മാറ്റങ്ങളെക്കുറിച്ചാണ് ഒരു റിപ്പോർട്ട്. മറ്റൊന്ന് കഴിഞ്ഞ 50 വർഷത്തെ ഹിമാലയൻ ഹിമാനി നിരീക്ഷണത്തിന്റെ കണ്ടെത്തലുകളും. ഹിമാനികൾ അതിവേഗം ഉരുകുന്നുവെന്നും 2000 മുതൽ ഉരുകലിന്റെ തോത് മുൻ കാലത്തേക്കാൾ ഇരട്ടിയായിയെന്നും ഈ പഠനങ്ങൾ പറയുന്നു. 1975 ആയി താരതമ്യം ചെയ്താൽ ഐസിന്റെ കനം 27 മീറ്റർ കുറഞ്ഞു. 1990 മുതൽ 2020 വരെയുള്ള കാലയളവിൽ ഹിമ പ്രദേശത്തിന്റെ വ്യാപ്തി ഏകദേശം 12 ശതമാനം നഷ്ടമായി. ഹിമശേഖരത്തിന്റെ പ്രതീക്ഷിച്ചിരുന്ന അളവിൽ 9 ശതമാനത്തിന്റെ കുറവും സംഭവിച്ചു. പ്രളയം മാത്രമല്ല, ജലലഭ്യതയിൽ അതി കഠിനമായ പ്രതിസന്ധികൂടി പ്രതീക്ഷിക്കേണ്ടതുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഉയരം കൂടുന്നതിനനുസരിച്ച് വർധിക്കുന്ന താപനിലയുടെ ആഘാതമേൽക്കുന്ന ഘടനയിലാണ് ഹിമാനി പ്രദേശത്തിന്റെ ഏകദേശം 78 ശതമാനവും സ്ഥിതിചെയ്യുന്നത്. ഇതാണ് ഓരോ സീസണിലും വലിയ ദുരന്തത്തിന് വഴിയൊരുക്കുന്നത്. ഈ ദുരന്തങ്ങൾക്കെല്ലാം ഏറ്റവുമധികം ഇരയാകുന്നതാകട്ടെ നേപ്പാളും അവിടത്തെ മനുഷ്യരുമാണ്. നേപ്പാളിൽ വലിയ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചിട്ടില്ലാത്ത മൺസൂൺ സീസൺ സമീപകാലത്തൊന്നും കഴിഞ്ഞുപോയിട്ടില്ല. എല്ലാം സാമാന്യം വലിയ ദുരന്തങ്ങൾതന്നെ. ടിബറ്റൻ പീഠഭൂമിയിലെ ഇത്തരം ദുരന്തങ്ങളൊന്നും ഭൂചലനവുമായി ബന്ധപ്പെട്ട് സംഭവിച്ചതുമല്ല. 2021ലെ ചമോലി, മെലംചി, 2023ലെ സിക്കിം, 2024ലെ താം, 2025ലെ ഭോട്ടെ കോസി തുടങ്ങിയവക്കെല്ലാം സമാന സ്വഭാവമാണ്. ഏതാണ്ടെല്ലാം സംഭവിച്ചത് മൺസൂൺ കാലത്തുതന്നെ. ഹിമാലയൻ മലനിരകളെ ബാധിച്ച കാലാവസ്ഥാ മാറ്റത്തിന്റെ നേരിട്ടുള്ള ഇരകളായി മാറുകയാണ് ഈ മനുഷ്യർ.
ഒരേസ്വഭാവത്തിൽ, ഒരേ പ്രദേശങ്ങളിൽ അടിക്കടി ആവർത്തിക്കുന്ന ദുരന്തങ്ങൾ പുനർനിർമാണംപോലും പ്രയാസകരമാക്കുംവിധത്തിൽ കടുത്ത പ്രതിസന്ധിയിലേക്കാണ് ആ രാജ്യത്തെ തള്ളിവിടുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നാശനഷ്ടമുണ്ടായ പല റോഡുകളും പാലങ്ങളും ഇന്നലെയും തകർന്നു, പലതും ഒഴുകിപ്പോയി. കാലാവസ്ഥാ പ്രതിസന്ധിയുടെ സാന്പത്തിക ആഘാതവുമായി ബന്ധപ്പെട്ട് നേപ്പാൾ ഉന്നയിക്കുന്ന ആശങ്കകളെ ഇത് ബലപ്പെടുത്തുന്നു. കാലാവസ്ഥാ മാറ്റത്തിന് മുഖ്യ കാരണക്കാരാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ നേപ്പാൾ തീരെ താഴെയാണ്. ഒന്നാമത് നിൽക്കുന്നതാകട്ടെ തൊട്ടയൽക്കാരനായ ചൈനയും. കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന കാരണങ്ങളിലന്നായി പരിഗണിക്കുന്ന കാർബൺ എമിഷനിൽ 2025ലെ ഗ്ലോബൽ കാർബൺ ബഡ്ജറ്റിന്റെ കണക്കുപ്രകാരം ആദ്യ മൂന്നു സ്ഥാനക്കാർ ചൈനയും (32%) അമേരിക്കയും (13%) ഇന്ത്യ (8%)യുമാണ്. ഇക്കാര്യത്തിൽ നേപ്പാളിന്റെ സംഭാവന വെറും 0.05 ശതമാനം മാത്രം. നേപ്പാളിനേക്കാൾ 200 ഇരട്ടിയാണ് ഇന്ത്യയുടെ സംഭാവന. ഇത് ചൈനയുമായി താരതമ്യം ചെയ്താൽ 770 ഇരട്ടിവരും. കാലവസ്ഥാ മാറ്റത്തിന് കാരണമാകുന്ന മറ്റെല്ലാ ഘടകങ്ങളെയും താരതമ്യം ചെയ്താലും ഇതേ പ്രവണത തന്നെയാണ് കാണാനാകുക. മാത്രമല്ല നേപ്പാളിന്റെ ഈ കുറഞ്ഞയളവിലുള്ള സംഭവാനപോലും കൃഷി, കാലിവളർത്തൽ, ബയോഗ്യാസ് തുടങ്ങി അവിടത്തെ സാധാരണ മനുഷ്യരുടെ നിത്യജീവിത വ്യവഹാരങ്ങളിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്നവ മാത്രമാണ്. ഇന്ത്യയും ചൈനയുമാകട്ടെ വ്യവസായവത്കരണത്തിന്റെ ഭാഗമായാണ് കൂടുതലും പുറന്തള്ളുന്നത്. നിത്യജീവിതാവശ്യങ്ങൾക്കുവേണ്ട് പെടാപാടുപെടുന്ന ഒരു രാജ്യത്തെയും അവിടത്തെ മനുഷ്യരെയും മഹാദുരന്തങ്ങളിലേക്ക് തള്ളിവിടുന്നത് വൻകിട രാഷ്ട്രങ്ങൾചേർന്നാണ്. അതിൽ നേപ്പാളിന്റെ തൊട്ടയൽക്കാരായ ഇന്ത്യയും ചൈനയും നൽകുന്ന സംഭാവന സവിശേഷ ശ്രദ്ധയർഹിക്കുന്നതുമാണ്.
കാലാവസ്ഥാ മാറ്റത്തിന് കാരണക്കാരാകുന്നതിൽ ഏറ്റവും കുറവ് പങ്കുവഹിക്കുന്ന നേപ്പാൾ പോലുള്ള പർവത രാജ്യങ്ങളാണ് അതിന്റെ പ്രത്യാഘാതാങ്ങൾക്ക് ഏറ്റവുമേറെ ഇരയാകുന്നത്. അവരുടേതല്ലാത്ത കാരണങ്ങളാൽ, അവരുടെ രാജ്യത്തിന് പുറത്തുസംഭവിക്കുന്ന അപകടങ്ങളാൽ മഹാദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നുവെന്നതാണ് നേപ്പാളിന്റെ ദുർവിധി. അതിനെ അവർക്കൊറ്റക്ക് നേരിടാനോ തടയാനോ കഴിയുകയുമില്ല. കാലാവസ്ഥാ മാറ്റങ്ങളാലുണ്ടാകുന്ന മഹാദുരന്തങ്ങളെ നേരിടാൻ അന്താരാഷ്ട്ര സഹകരണവും ആഗോള പദ്ധതികളും അനിവാര്യമാണ്. മാത്രമല്ല, ഇക്കാര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്തപൂർണമായ സമീപനങ്ങൾ സ്വീകരിക്കേണ്ടതുമുണ്ട്.
Adjust Story Font
16
