‘കോണ്‍ഗ്രസിലെ ആ വിധവ അഴിമതി നടത്തി’; മോദിയുടെ ‘വിധവ’ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം
ഒരു പ്രധാനമന്ത്രിയുടെ അന്തസ്സിന് ചേര്‍ന്ന വാക്കുകളല്ല ഇതെന്ന് പ്രതിപക്ഷം പ്രതികരിച്ചു

തെരഞ്ഞെടുപ്പ് റാലിയില്‍ കത്തിക്കയറുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗന്ധിക്കെതിരെ നിന്ദ്യമായ ആക്ഷേപവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി നടത്തുന്ന കോണ്‍ഗ്രസിലെ ‘വിധവ’ എന്ന പരാമര്‍ശവുമായി തെരഞ്ഞെടുപ്പില്‍ പ്രസംഗിച്ച മോദിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിധവാ പരാമര്‍ശം.

ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍, മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേന്ദ്രം ഭരിച്ച യു.പി.എ സര്‍ക്കാറിനെ വിമര്‍ശിക്കുന്നതിനിടെയാണ് മോദി സോണിയെ ഗാന്ധിയെ വ്യക്തിപരമായി ആക്രമിച്ചത്. വളരെ മോശം ഭരണം കാഴ്ച്ച വെച്ച സര്‍ക്കാറാണ് യു.പി.എയുടേത്. വിധവാ പെന്‍ഷന്‍ നല്‍കുന്നതില്‍ വരെ സര്‍ക്കാര്‍ അഴിമതി നടത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ ഏത് വിധവയുടെ കീശിയിലേക്കാണ് വിധവാ പെന്‍ഷന്റെ പണം പോയതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മോദി പറഞ്ഞു.
മോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. വളരെ നിര്‍ഭാഗ്യകരമായ പരാമര്‍ശമായിപ്പോയി മോദിയുടേതെന്നും, ഒരു പ്രധാനമന്ത്രിയുടെ അന്തസ്സിന് ചേര്‍ന്ന വാക്കുകളല്ല ഇതെന്നും പ്രതിപക്ഷം പ്രതികരിച്ചു.
സമൂഹമാധ്യമങ്ങളിലും മോദിക്കെതിരെ വന്‍ വിമര്‍ശനമാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളേയും നിന്ദിക്കുകയാണ് മോദി ചെയ്തിരിക്കുന്നത്. ഒരു രാഷ്ട്രീയക്കാരന് എങ്ങനെയാണ് ഇത്രയുമധികം അധപതിക്കാനാവുകയെന്നും, വിധവാ പരാമര്‍ശത്തോടെ ഈ പാര്‍ട്ടിയുടെ കപടതയാണ് വെളിവായിരിക്കുന്നതെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ കുറിച്ചു.
Adjust Story Font
16

