ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ബഹ്റൈൻ പാർലമെൻ്റംഗം
ബഹ്‌റൈനിലേക്ക് വരുന്ന ആറുവയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നു. ബഹ്‌റൈൻ പാർലമെന്റ് ഫസ്റ്റ് ഡെപ്യൂട്ടി അബ്ദുൽ നബി സൽമാനാണ് ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയിൽനിന്ന് നേരിട്ടോ ട്രാൻസിറ്റ് വിമാനങ്ങളിലോ വരുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തണമെന്നാണ് ആവശ്യം. തിരികെ വരുന്ന പൗരൻമാർക്ക് മാത്രം ഇളവ് നൽകണം. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നിർദേശമെന്നും പാർലമെന്റ് ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും അബ്ദുൽ നബി സൽമാൻ പറഞ്ഞു.
അതേസമയം, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിൽ ബഹ്‌റൈനിലേക്ക് വരുന്ന ആറുവയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. എയർ ഇന്ത്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, കുട്ടികളടക്കമുള്ള യാത്രക്കാർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന നിബന്ധനയിൽ ഗൾഫ് എയർ ഇളവ് നൽകിയിട്ടില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റിൽ ക്യൂആർ കോഡും ഉണ്ടായിരിക്കണം.
Adjust Story Font
16

