Quantcast

എക്‌സിറ്റ്‌പോളുകൾ 'പോൾ നീരാളി'യാണോ? ബംഗാളിലെ വിധിയാകുമോ യു.പിയില്‍? ഫലപ്രവചനങ്ങളുടെ കണക്കെടുപ്പ്

കഴിഞ്ഞ വർഷം ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വംഗനാട് പിടിച്ചടക്കുമെന്നായിരുന്നു എക്‌സിറ്റ്‌പോളുകൾ പ്രവചിച്ചത്. ഫലം വന്നപ്പോൾ കണ്ടത് മമതയുടെ തേരോട്ടമായിരുന്നു. 2015നുശേഷമുള്ള ചില സുപ്രധാന തെരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ്‌പോൾ ഫലങ്ങൾക്ക് എന്തു സംഭവിച്ചുവെന്ന് പരിശോധിക്കാം

MediaOne Logo

മുഹമ്മദ് ശഹീര്‍

  • Updated:

    2022-03-08 18:16:34.0

Published:

8 March 2022 6:07 PM GMT

എക്‌സിറ്റ്‌പോളുകൾ പോൾ നീരാളിയാണോ? ബംഗാളിലെ വിധിയാകുമോ യു.പിയില്‍? ഫലപ്രവചനങ്ങളുടെ കണക്കെടുപ്പ്
X

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്നലെ ഉത്തർപ്രദേശിലെ ഏഴാംഘട്ട തെരഞ്ഞെടുപ്പോടെ തിരശ്ശീല വീണിരിക്കുകയാണ്. പിന്നാലെ എക്‌സിറ്റ്‌പോൾ പ്രവചനങ്ങളും പുറത്തുവന്നു. അഖിലേഷ് യാദവിന്റെ പ്രചാരണതന്ത്രങ്ങൾക്കൊടുവിലും ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരം നിലനിർത്തുമെന്നാണ് മിക്ക എക്‌സിറ്റ്‌പോളുകളും പ്രവചിക്കുന്നത്. ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസുമായി ഇഞ്ചോടിഞ്ചു പോരാട്ടമാകുമ്പോഴും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയുമാകും. എന്നാൽ, പഞ്ചാബിൽ കോൺഗ്രസിനെ മറിച്ചിട്ട് ആം ആദ്മി പാർട്ടി ചരിത്രവിജയം നേടുമെന്നും മിക്ക പ്രവചനങ്ങളും സൂചിപ്പിക്കുന്നു.

എന്നാൽ, എക്‌സിറ്റ്‌പോൾ ഫലങ്ങൾ അപ്പടി ആവർത്തിക്കുന്നതല്ല അടുത്ത കാലത്ത് ദേശീയതലത്തിലുണ്ടായ മിക്ക തെരഞ്ഞെടുപ്പ് ഫലങ്ങളും. ഏറ്റവുമൊടുവിൽ കഴിഞ്ഞ വർഷം നടന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വംഗനാട് പിടിച്ചടക്കുമെന്നായിരുന്നു എക്‌സിറ്റ്‌പോളുകൾ പ്രവചിച്ചത്. എന്നാൽ, ഫലം വന്നപ്പോൾ കണ്ടത് മമതയുടെ കൂറ്റൻ ജയമായിരുന്നു.

2015നുശേഷമുള്ള സുപ്രധാനമായ ചില തെരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ്‌പോൾ ഫലങ്ങൾക്ക് എന്തു സംഭവിച്ചുവെന്ന് പരിശോധിക്കാം.

തെരഞ്ഞെടുപ്പ് 'ജ്യോതിഷി'കളുടെ കണ്ണുതള്ളിച്ച ഡൽഹി

ഒന്നര പതിറ്റാണ്ടുകാലത്തെ ഷീലാ ദീക്ഷിത് ഭരണത്തിന് അന്ത്യം കുറിച്ചാണ് 2013ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ബി.ജെ.പിയുടെയും കന്നിയങ്കത്തിനിറങ്ങിയ ആം ആദ്മി പാർട്ടിയുടെയും മുന്നേറ്റം.

എന്നാൽ ആർക്കും ഭരണം പിടിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചതുമില്ല. ബി.ജെ.പി 31 സീറ്റുമായി വലിയ ഒറ്റകക്ഷിയായി. പിറന്ന് ശൈശവദശയിൽ മാത്രമുണ്ടായിരുന്ന ആം ആദ്മി പാർട്ടി എല്ലാവരെയും ഞെട്ടിച്ച് 28 സീറ്റുമായി രണ്ടാമത്തെ വലിയ കക്ഷിയുമായി. കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിച്ചു. എന്നാൽ, എ.എ.പിക്ക് തങ്ങളുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ജൻ ലോക്പാൽ ബിൽ അവതരിപ്പിക്കാനായില്ല. ആ പേരിൽ ഭരണത്തലേറി 49 ദിവസങ്ങൾക്കുശേഷം കെജ്രിവാൾ രാജിവച്ചിറങ്ങി. തുടർന്ന് രണ്ടുവർഷത്തോളം രാഷ്ട്രപതി ഭരണം.


2015ൽ ഡൽഹി വീണ്ടും പോളിങ്ബൂത്തിലെത്തി. ഭരണാവസരം ലഭിച്ചിട്ടും തുലച്ചുകളഞ്ഞ ആം ആദ്മി പാർട്ടിയെ ജനങ്ങൾ ഇനിയും വിശ്വസിക്കില്ലെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പുറത്തുവന്ന എക്‌സിറ്റ്‌പോളുകൾ വീണ്ടുമൊരു ഭരണാസ്ഥിരത പ്രവചിച്ചു. ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും 31 മുതൽ 39 സീറ്റുകൾവരെ മാത്രമേ അവർ ലഭിക്കൂവെന്നായിരുന്നു പ്രവചനം. 27-35 സീറ്റുമായി ബി.ജെ.പി തൊട്ടുപിന്നിലുണ്ടാകുമെന്നും എക്‌സിറ്റ്‌പോളുകൾ സൂചിപ്പിച്ചു.

എന്നാൽ, എല്ലാ കണക്കുകൂട്ടലുകളും പ്രവചനങ്ങളും അപ്രസക്തമാക്കിക്കൊണ്ടായിരുന്നു ഫലം വന്നത്. വോട്ടെണ്ണിയപ്പോൾ ആകെ 70 സീറ്റിൽ 67ഉം നേടി ആം ആദ്മി പാർട്ടിക്ക് മൃഗീയവിജയം! ഇഞ്ചോടിഞ്ചു പോരാട്ടമാകുമെന്നു പ്രവചിച്ചിടത്ത് ബി.ജെ.പി വെറും മൂന്ന് സീറ്റിൽ ഒതുങ്ങി. കോൺഗ്രസ് സംപൂജ്യരുമായി.

കണക്ക് തെറ്റിച്ച ഹരിയാന

2019ൽ ഹരിയാനയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് മറ്റൊരു ഉദാഹരണം. മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ കൂടുതൽ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന് എല്ലാ എക്‌സിറ്റ്‌പോളുകളും പ്രവചിച്ചു. ആകെ 90 സീറ്റിൽ 70ഉം ബി.ജെ.പി നേടുമെന്നുവരെ പല പ്രവചനങ്ങളും വ്യക്തമാക്കി. കോൺഗ്രസ് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങി നിഷ്പ്രഭമാകുമെന്നും പ്രവചനമുണ്ടായി.

ഫലം വന്നപ്പോൾ അധികാരം പിടിക്കാൻ വേണ്ട ഭൂരിപക്ഷം പോലും ബി.ജെ.പിക്ക് ലഭിച്ചില്ല. ബി.ജെ.പി 40 സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ 31 ഇടത്ത് ജയിച്ച് കോൺഗ്രസ് വൻ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് പത്ത് സീറ്റ് നേടിയ ജൻനായക് ജനതാ പാർട്ടിയുടെയും ഏഴ് സ്വതന്ത്ര എം.എൽ.എമാരുടെയും പിന്തുണ വേണ്ടിവന്നു ബി.ജെ.പിക്ക് അധികാരം നിലനിർത്താൻ.


ചത്തീസ്ഗഢിലെയും ജാർഖണ്ഡിലെയും അനുഭവങ്ങൾ

2018ലെ ചത്തീസ്ഗഢ് തെരഞ്ഞെടുപ്പും 2019ലെ ജാർഖണ്ഡ് തെരഞ്ഞെടുപ്പും എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ എങ്ങനെ തെറ്റാമെന്നതിന്റെ മറ്റൊരു അടയാളമാണ്. ചത്തീസ്ഗഢിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടമായിരിക്കുമെന്നാണ് മിക്ക എക്‌സിറ്റ്‌പോളുകളും പ്രവചിച്ചത്.

എന്നാൽ, ഫലം വന്നപ്പോൾ കണക്കൂകൂട്ടലുകളെല്ലാം പാളി. ആകെ 90 സീറ്റിൽ 68ഉം ജയിച്ച് കോൺഗ്രസിന് കണ്ണഞ്ചിപ്പിക്കുന്ന വിജയം. രമൺ സിങ് ഭരണയുഗത്തിന് അന്ത്യംകുറിക്കുകയും ചെയ്തു കോൺഗ്രസ്. ബി.ജെ.പി 15 സീറ്റിലേക്ക് ചുരുങ്ങി.

2019ൽ ജാർഖണ്ഡിൽ സംഭവിച്ചത് വേറൊരു രീതിയിലായിരുന്നു. നാല് എക്‌സിറ്റ്‌പോളിൽ രണ്ടെണ്ണം യു.പി.എ സർക്കാരിന് നേരിയ ഭൂരിപക്ഷമാണ് പ്രവചിച്ചത്. ഒരു പോളിൽ ബി.ജെ.പിക്ക് നേരിയ മുൻതൂക്കവും മറ്റൊന്നിൽ തൂക്കുകക്ഷി സർക്കാരും. ഫലം വന്നപ്പോൾ ജാർഖണ്ഡ് മുക്തിമോർച്ചയും കോൺഗ്രസും രാഷ്ട്രീയ ജനതാദളും അടങ്ങുന്ന മുന്നണി 81 അംഗ സഭയിൽ 47 സീറ്റുമായി ഭരണം പിടിച്ചു.

പ്രവചനങ്ങളെ അടപടലം പറത്തി മമത

ഏറ്റവുമൊടുവിൽ ബംഗാളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രവചന പണ്ഡിറ്റുകളെയെല്ലാം ശരിക്കും തോൽപിച്ചുകളഞ്ഞത്. ബംഗാൾ പിടിച്ചടക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ പ്രചണ്ഡമായ പ്രചാരണങ്ങളുമായി ബംഗാളിൽ ബി.ജെപി നിറഞ്ഞുനിൽക്കുകയായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടങ്ങുന്ന വി.ഐ.പികളുടെയും ദേശീയനേതൃത്വത്തിന്റെയും വലിയൊരു താരപ്പട നിരന്തര കാംപയിനിങ്ങുകളുമായി സംസ്ഥാനത്തുതന്നെയായിരുന്നു. ബി.ജെ.പിയുടെ കൊണ്ടുപിടിച്ച പ്രചാരണതന്ത്രൾ വിജയം കാണുമെന്നു തന്നെ പലരും ഉറപ്പിച്ചു. തുടർച്ചയായ മമതാഭരണത്തിനെതിരെ ജനവിരുദ്ധവികാരം അലയടിക്കുമെന്നും എല്ലാവരും പ്രതീക്ഷിച്ചു.


ഇതിന്റെ തുടർച്ചയായി ബി.ജെ.പിയുടെ സർവസന്നാഹങ്ങളോടെയുള്ള പ്രചാരണങ്ങൾ ബംഗാൾ ജനത വിശ്വാസത്തിലെടുക്കുമെന്നായിരുന്നു എക്‌സിറ്റ്‌പോളുകളും പ്രവചിച്ചത്. ആകെ 294 അംഗ സഭയിൽ 162 മുതൽ 185 വരെ സീറ്റുകൾ നേടി ബംഗാളിൽ മോദി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് മിക്ക എക്‌സിറ്റ്‌പോളുകളും വെളിപ്പെടുത്തി. മമതയുടെ തൃണമൂൽ കോൺഗ്രസ് 104-121 സീറ്റിലേക്ക് ചുരുങ്ങുമെന്നും കണക്ക് വന്നു. ബംഗാളിൽ പുതിയ ബി.ജെ.പി യുഗം ആരംഭിക്കുകയാണെന്ന അവലോകനങ്ങളും പിന്നാലെ കൊഴുത്തു.

എന്നാൽ, ഫലം വന്നപ്പോൾ രാഷ്ട്രീയപണ്ഡിറ്റുകളെ മുതൽ എതിരാളികളെയും അനുഭാവികളെയടക്കം ശരിക്കും ഞെട്ടിച്ചു മമത. 213 സീറ്റുമായി മമത എല്ലാ വിരുദ്ധ പ്രചാരണങ്ങളെയും കടപുഴക്കിക്കളഞ്ഞു. കൂടുതൽ കരുത്തോടെ ബംഗാളിൽ മമതയ്ക്ക് മൂന്നാമൂഴം.

ഒരു പഴയ വാജ്‌പേയ് കഥ

2003 ഡിസംബറിൽ മധ്യപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാൻ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി മിന്നുന്ന വിജയം നേടുന്നു. ഫലം കേന്ദ്രസർക്കാരിന്റെ പ്രകടനങ്ങൾക്കുള്ള വിധിയെഴുത്തായാണ് കേന്ദ്രത്തിലുണ്ടായിരുന്ന അടൽ ബിഹാരി വാജ്‌പേയ് സർക്കാർ വിലയിരുത്തിയത്. രാജ്യത്ത് സർക്കാർ അനുകൂല തരംഗമാണെന്ന് വാജ്‌പേയും ബി.ജെ.പിയും ധരിച്ചു. ഇന്ത്യ ഷൈനിങ്(ഇന്ത്യ തിളങ്ങുന്നു) എന്ന മുദ്രാവാക്യത്തിൽ രാജ്യവ്യാപകമായി വൻ പ്രചാരണഘോഷങ്ങൾക്കു തുടക്കംകുറിച്ചു. ഒരുപടികൂടി കടന്ന് കാലാവധി തീരുംമുൻപ് പാർലമെന്റ് പിരിച്ചുവിട്ടു കേന്ദ്രം. രാജ്യം നേരത്തെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങി.

അത്യധികം ആത്മവിശ്വാസത്തിലായിരുന്നു എൻ.ഡി.എ. ആ ആത്മവിശ്വാസം ശരിവയ്ക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞു പുറത്തുവന്ന എക്‌സിറ്റ്‌പോൾ പ്രവചനങ്ങളും. 240 മുതൽ 250 വരെ സീറ്റുമായി എൻ.ഡി.എ അധികാരം നിലനിർത്തുമെന്നായിരുന്നു എക്‌സിറ്റ്‌പോൾ ഫലങ്ങൾ. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ മുന്നണി 170 സീറ്റ് വരെ നേടുമെന്നും പ്രവചനങ്ങൾ സൂചിപ്പിച്ചു.


എന്നാൽ, ഒരേസമയം വാജ്‌പേയുടെ അതിമോഹങ്ങളും ബി.ജെ.പിയുടെ സ്വപ്‌നങ്ങളും പ്രവചന വിദഗ്ധരുടെ കണക്കുകൂട്ടലുകളുമെല്ലാം തട്ടിത്തകർത്ത് യു.പി.എയ്ക്ക് ജയം. 216 സീറ്റ് നേടിയ കോൺഗ്രസ് മുന്നണി സി.പി.എം അടക്കമുള്ള കക്ഷികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഭരണം പിടിക്കുകയായിരുന്നു ഉണ്ടായത്.

Summary: How reliable are exit polls? Evaluating the exit poll results of some of the most important elections in the country since 2015

TAGS :

Next Story