Quantcast

ഇസ്രായേലിന് യു.എസിന്റെ മുന്നറിയിപ്പ്, അൽജസീറ ലേഖകന് ഭീഷണി, സലാർ ട്രെയിലർ ഉടൻ; അറിയാം ഇന്നത്തെ എക്സ് ട്രെൻഡിങ്

ഗസ്സ മുനമ്പിലെ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കേണ്ടതെന്നാണ് ജോ ബൈഡന്റെ സൈനിക ഉപദേഷ്ടാവ് ജനറൽ ചാൾസ് ക്യു ബ്രൗൺ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    9 Nov 2023 3:16 PM GMT

ഇസ്രായേലിന് യു.എസിന്റെ മുന്നറിയിപ്പ്, അൽജസീറ ലേഖകന് ഭീഷണി, സലാർ ട്രെയിലർ ഉടൻ; അറിയാം ഇന്നത്തെ എക്സ് ട്രെൻഡിങ്
X

'ശിവരാജ് സിങ് ചൗഹാൻ കംസനെപ്പോലുള്ള അമ്മാവൻ'

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പരിഹസിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അദ്ദേഹം സ്വയം അമ്മാവൻ ചമയുകയാണ്. കംസനും ഒരു അമ്മാവനായിരുന്നു. 18 വർഷം സംസ്ഥാനം ഭരിച്ചത് കംസനെപ്പോലെയാണ്. ചിത്രകൂടിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രിയങ്ക പറഞ്ഞു. 18 വർഷം ഭരിച്ചിട്ടും സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ശിവരാജ് സിങ് ചൗഹാന് സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അദ്ദേഹം സ്ത്രീകളുടെ അഭ്യുദയകാംക്ഷിയായി അഭിനയിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു.

മൂക്കുംകുത്തി വീണ് ബി.ആർ.എസ്. നേതാക്കൾ

പ്രചാരണ വാഹനത്തിൽനിന്ന് മൂക്കുംകുത്തി വീണ് ബി.ആർ.എസ് നേതാക്കൾ. നിസാമാബാദ് ജില്ലയിലെ അർമൂരിൽ പ്രചാരണം നടത്തുന്നതിനിടെയാണ് കെ.ടി രാമറാവു അടക്കമുള്ള നേതാക്കൾ വാഹനത്തിൽനിന്ന് വീണത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രത്യേക തയ്യാറാക്കിയ ട്രാവലറിന്റെ മുകളിലായിരുന്നു നേതാക്കൾ നിന്നിരുന്നത്. വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ താഴേക്ക് വീഴുകയായിരുന്നു.

ബിഹാറിൽ ജാതി സംവരണം 65 ശതമാനമാക്കി ഉയർത്തി

ബിഹാറിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണം 65 ശതമാനമായി വർധിപ്പിക്കുന്ന ബിൽ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. മുന്നാക്ക സംവരണം ഉൾപ്പെടെ സംസ്ഥാനത്തെ ആകെ സംവരണം ഇതോടെ 75 ശതമാനമാകും. സംസ്ഥാനത്ത് പിന്നാക്കക്കാർക്ക് സർക്കാർ സർവിസിലും വിദ്യാഭ്യാസത്തിലും ജനസംഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് അടുത്തിടെ നടന്ന ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിൽ വ്യക്തമായിരുന്നു. തുടർന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംവരണത്തോത് വർധിപ്പിക്കാൻ നിർദ്ദേശിച്ചത്. ഒബിസി, ഇബിഎസ് ക്വാട്ട 30ൽ നിന്ന് 43 ശതമാനമായും പട്ടികജാതി വിഹിതം 16ൽ നിന്ന് 20 ശതമാനമായും പട്ടികവർഗ വിഹിതം ഒന്നിൽ നിന്ന് രണ്ട് ശതമാനമായുമാണ് വർധിപ്പിച്ചത്.

ശീതകാല പാർലമെന്റ് സമ്മേളനം ഡിസംബർ നാലു മുതൽ

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ നാലു മുതൽ 22 വരെ നടക്കും. 19ദിവസങ്ങളിലായി 15സിറ്റിങ്ങുകളാണ് ഉണ്ടാവുക. ഐ.പി.സി, സി.ആർ.പി.സി, എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരം വയ്ക്കാൻ ശ്രമിക്കുന്ന മൂന്ന് പ്രധാന ബില്ലുകൾ സെഷനിൽ പരിഗണിക്കാൻ സാധ്യതയുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച ബില്ലും ഈ സമ്മേളനത്തിൽ വന്നേക്കും.

ഇസ്രായേലിന് അമേരിക്കയുടെ മുന്നറിയിപ്പ്

ഗസ്സ മുനമ്പിലെ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കേണ്ടതെന്നും ഹമാസിനെ പൂർണമായി നശിപ്പിക്കുക എന്നത് എളുപ്പമല്ലെന്നും ഇസ്രായേലിനോട് യു.എസ് പ്രസിഡണ്ട് ജോ ബൈഡന്റെ സൈനിക ഉപദേഷ്ടാവ് ജനറൽ ചാൾസ് ക്യു ബ്രൗൺ.

"ദൈർഘ്യമേറുന്നതിനനുസരിച്ച് കാര്യങ്ങൾ കൂടുതൽ കഠിനമാവുകയാണ് ചെയ്യുക.' - ജപ്പാൻ സന്ദർശിക്കാനെത്തിയ ചാൾസ് ക്യു ബ്രൗൺ, ഇസ്രായേലിന്റെ ​ഗസ്സ അധിനിവേശം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. യു.എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായി ഒരു മാസം മുമ്പ് ചുമതലയേറ്റ ജനറൽ ചാൾസ് ഇതാദ്യമായാണ് ഗസ്സ അധിനിവേശത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്നത്.

അൽ ജസീറ ലേഖകന് ഇസ്രായേൽ ഫോൺ കോൾ

പ്രമുഖ ചാനലായ അൽജസീറയുടെ ലേഖകൻ മുഹമ്മദ് റഫീഖ് മെഹാവിഷിന് ഇസ്രായേലിൽ നിന്ന് ഭീഷണി സന്ദേശം. ‘നിന്റെ വീട് ബോംബിട്ട് തകർക്കാൻ പോകുകയാണ്. 20 മിനിറ്റിനുള്ളിൽ സാമഗ്രികളെല്ലാം എടുത്ത് ഒഴിയണം. ഇനിയൊരിക്കലും നീ നിന്റെ വീട്ടിലേക്ക് മടങ്ങരുത്’ എന്നായിരുന്നു ഫോണ്‍ കോൾ. ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഒരാൾ ഫോണ്‍ ചെയ്തത്. 30 ഓളം അംഗങ്ങളാണ് മെഹാവിഷിന്റെ കുടുംബത്തിലുള്ളത്. ഇവരുമായി വീട് ഒഴിയാൻ 20 മിനിറ്റ് സമയമാണ് ആ​കെ അനുവദിച്ചത്. ഗസ്സ സിറ്റിയിൽ നിന്ന് അൽ ജസീറയ്‌ക്കുവേണ്ടി റിപ്പോർട്ട് ചെയ്യുന്ന മെഹാവിഷിനെ ഭയപ്പെടുത്താനും നിശ്ശബ്ദമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഇസ്രായേൽ നീക്കമെന്ന് അൽ ജസീറ റി​പ്പോർട്ട് ചെയ്തു.

സലാർ ട്രെയിലർ ഉടൻ

പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഡിസംബര്‍ ഒന്നിന് പ്രഭാസിന്റെ സലാറിന്റെ ട്രെയിലര്‍ പുറത്തുവിടും എന്നതാണ് പുതിയ അപ്‍ഡേറ്റ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേതെന്നത് റെക്കോര്‍ഡുമാണ്.

ഇനി 'ഫിഫ സന്തോഷ് ട്രോഫി'

ഇനി 'ഫിഫ സന്തോഷ് ട്രോഫി'. ടൂർണമെൻറിന്റെ നടത്തിപ്പിൽ ഫിഫയുടെ സഹകരണം ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഉറപ്പിച്ചു. ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫന്റീനോ സന്തോഷ് ട്രോഫി ഫൈനലിന് എത്തും. ഇന്ന് ഡൽഹിയിൽ ചേർ എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പ്രസിഡൻറ് കല്യാൺ ചൗബേ ഇക്കാര്യം അറിയിച്ചത്. അരുണാചൽ പ്രദേശിൽ നടക്കുന്ന ഫൈനൽ റൗണ്ടിന് ഫിഫ ഉദ്യോഗസ്ഥരെത്തും.

'ആഘോഷത്തിന് മുമ്പ് നമുക്ക് ഒരു നിമിഷം ഗസ്സക്ക് വേണ്ടി പ്രാർഥിക്കാം'

വിജയത്തിന് പിന്നാലെ ഗസ്സയിലെ ജനങ്ങൾക്കായി പ്രാർഥിച്ച് ലോക ഹെവിവെയിറ്റ് കിക്‌ബോക്‌സിങ് ചാമ്പ്യനായ ഡച്ച് താരം റികോ വെർഹൂവൻ. മത്സരത്തിന് ശേഷം വെർഹൂവൻ തന്നെയാണ് ആഘോഷത്തിന് മുമ്പ് ഗസ്സയെ ഓർക്കണമെന്നും എല്ലാവരും ലോക സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി ഒരു നിമിഷം പ്രാർഥിക്കണമെന്നും പറയുന്നത്. കാണികൾ കയ്യടിയോടെയാണ് വെർഹൂവന്റെ വാക്കുകൾ സ്വാഗതം ചെയ്തത്.


TAGS :

Next Story