Quantcast

ശ്രീലങ്കയെ തോൽപ്പിച്ച് വിട്ടു; കിവികൾക്കെതിരെയും വിജയയാത്ര തുടരാൻ ഇന്ത്യ

ആദ്യ ഏകദിനം ഇന്ന് ഹൈദരാബാദിൽ

MediaOne Logo

Sports Desk

  • Updated:

    2023-01-18 06:17:52.0

Published:

18 Jan 2023 6:03 AM GMT

ശ്രീലങ്കയെ തോൽപ്പിച്ച് വിട്ടു; കിവികൾക്കെതിരെയും വിജയയാത്ര തുടരാൻ ഇന്ത്യ
X

ഹൈദരാബാദ്: ശ്രീലങ്കക്കെതിരെയുള്ള ഏകദിന, ടി20 പരമ്പരകളിൽ വമ്പൻ വിജയം നേടിയ ഇന്ത്യൻ ടീം വിജയയാത്ര തുടരാൻ ന്യൂസിലൻഡിനെതിരെ ഇന്നുമുതൽ ഇറങ്ങുന്നു. ഹൈദരാബാദിൽ വെച്ചാണ് ഇരുടീമുകളും തമ്മിലുള്ള ആദ്യ ഏകദിനം നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ്‌ മത്സരം. ശ്രീലങ്കക്കെതിരെ കാര്യവട്ടത്ത് കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. ഇക്കഴിഞ്ഞ പരമ്പരയിലെ ജൈത്രയാത്ര വലിയ ആത്മവിശ്വാസമാണ് രോഹിതിനും സംഘത്തിനും നൽകുന്നത്. സൂപ്പർ താരം വിരാട് കോഹ്‌ലി രണ്ടു സെഞ്ച്വറികളുമായി മികച്ച ഫോമിലാണുള്ളത്. എന്നാൽ നായകൻ കെയ്ൻ വില്യംസൺ, സ്പിന്നർ ഇഷ് സോഥി, പേസർമാരായ ടിം സൗത്തി, ട്രെൻഡ് ബോൾട്ട് തുടങ്ങിയ പ്രധാന താരങ്ങളില്ലാതെയാണ് കിവികൾ ഇന്ന് ഇറങ്ങുന്നത്. ടോം ലതാമാണ് ന്യൂസിലൻഡിനെ നയിക്കുന്നത്.

ഇന്ത്യൻ നിരയിലും മാറ്റങ്ങളുണ്ട്. പരിക്കേറ്റ മധ്യനിര ബാറ്റർ ശ്രേയസ് അയ്യരെ ഇന്ത്യൻ സംഘത്തിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. പകരം രജത് പാട്ടിദാറെയാണ് കളിപ്പിക്കുക. ശ്രേയസിന്റെ അഭാവം സൂര്യകുമാർ യാദവിന് അവസരം നൽകിയേക്കും. വ്യക്തിപരമായ കാരണങ്ങളാൽ കെ.എൽ. രാഹുലും ടീമിലില്ല. ഇതോടെ ഇഷാൻ കിഷൻ ടീമിലെത്തിയേക്കും. വിക്കറ്റ് കീപ്പറായെത്തുന്ന ഇഷാനെ മധ്യനിരയിൽ ഇറക്കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ബംഗ്ലാദേശിനെതിരെ നടന്ന പരമ്പരയിൽ ഇരട്ട ശതകം നേടിയിട്ടും ശ്രീലങ്കക്കെതിരായ മത്സരങ്ങളിൽ ഇഷാൻ പുറത്തിരിക്കേണ്ടിവന്നിരുന്നു.

രോഹിതിനൊപ്പം ഇന്നിങ്‌സ് ഓപൺ ചെയ്ത ശുഭ്മൻ ഗിൽ ശതകവും അർധശതകവുമടക്കം മൂന്നു മത്സരങ്ങളിൽ 200ലധികം റൺസ് സ്‌കോർ ചെയ്തതോടെ സ്ഥാനം സുരക്ഷിതമാക്കിയിരിക്കുകയാണ്. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഉമ്രാൻ മാലികും ഉൾപ്പെടുന്ന പേസ് ബൗളിങ് നിരയും സ്പിന്നർ കുൽദീപ് യാദവും മിന്നും ഫോമിലാണ്. അക്‌സർ പട്ടേൽ ടീമിലില്ലാത്തതിനാൽ ഹാർദിക് പാണ്ഡ്യക്കു പുറമെ ഓൾറൗണ്ടറായി വാഷിങ്ടൺ സുന്ദറും ഷഹബാസ് അഹമ്മദും ടീമിൽ ഇടംനേടിയേക്കും. ഹൈദരബാദിലേതിന് പുറമേ ജനുവരി 21ന് റായ്പൂരിലും 24ന് ഇന്ദോറിലും ഏകദിന മത്സരങ്ങൾ നടക്കും. അതിനുശേഷം മൂന്നു മത്സര ട്വന്റി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും.

ടീമുകൾ...

ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, കെ.എസ്. ഭരത്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ ഠാകുർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്.

ന്യൂസിലൻഡ്: ടോം ലതാം (ക്യാപ്റ്റൻ), ഫിൻ അലൻ, ഡഗ് ബ്രേസ്വെൽ, മൈക്കൽ ബ്രേസ്വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ഹെൻറി സോ ഷിപ്ലി, ബ്ലെയർ ടിക്‌നർ.

കാര്യവട്ടത്ത് ശ്രീലങ്കക്കെതിരെ നടന്ന അവസാന മത്സരത്തിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന്റെ റെക്കോർഡ് ടീം ഇന്ത്യ നേടിയിരുന്നു. 2008 ൽ ന്യൂസിലൻറ് അയർലൻറിനെതിരെ നേടിയ 290 റൺസിന്റെ വിജയമായിരുന്നു ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം. ആ റെക്കോർഡാണ് ശ്രീലങ്കക്കെതിരെ നേടിയ 317 റൺസ് വിജയത്തോടെ ഇന്ത്യ പഴങ്കഥയാക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ സമ്പൂർണ വിജയമാണ് ഇന്ത്യൻ പട നേടിയത്. ടി20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

India will face New Zealand today in the first ODI in Hyderabad

TAGS :

Next Story