Quantcast

ഏകദിന ലോകകപ്പ് സെമി ലൈനപ്പായി; ആദ്യ പോരാട്ടം ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ

പാകിസ്താൻ തകർന്നടിഞ്ഞ സാഹചര്യത്തിലാണ് കിവികൾ അടുത്ത ഘട്ടത്തിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-11-11 17:55:17.0

Published:

11 Nov 2023 3:26 PM GMT

ODI World Cup Semi Line-up; The first match is between India and New Zealand
X

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ സെമിഫൈനൽ ലൈനപ്പായി. ഇന്ത്യ, ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സെമിബെർത്ത് ഉറപ്പിച്ചത്. ആദ്യ സെമി നവംബർ 15 മുംബൈ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ വെച്ചാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും. നവംബർ 16ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ ആസ്‌ത്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടം. കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ ഈ മത്സരവും ഉച്ചയ്ക്ക് രണ്ട് മണിക്കാണ്.

ആകെ കളിച്ച എട്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനം നേടിയത്. ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാമതും അവരുടെ സെമി എതിരാളികളായ ആസ്‌ത്രേലിയ മൂന്നാമതുമാണ്. ഇന്ത്യയുടെ എതിരാളികളായ ന്യൂസിലൻഡ് നാലാം സ്ഥാനത്തായാണ് സെമിയിലെത്തിയത്.

സെമി ഫൈനലിൽ ഇടം നേടാൻ കൂറ്റൻ വിജയം വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ പാകിസ്താൻ തകർന്നടിഞ്ഞ സാഹചര്യത്തിലാണ് കിവികൾ അടുത്ത ഘട്ടത്തിലെത്തിയത്. തുടർച്ചയായ അഞ്ചാം തവണയാണ് അവർ സെമി ഫൈനലിലെത്തുന്നത്.

ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ പാകിസ്താന് 338 റൺസായിരുന്നു വിജയലക്ഷ്യം. എന്നാൽ പാകിസ്താൻ 43.3 ഓവറിൽ 244 റൺസിന് ഓൾഔട്ടായി. മൂന്നു വിക്കറ്റ് നേടിയ ഡേവിഡ് വില്ലിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദ്, ഗസ് അറ്റ്കിൻസൺ, മുഈൻ അലി എന്നിവരാണ് പാക് പടയുടെ സെമി സ്വപ്‌നം തല്ലിക്കെടുത്തിയത്. ക്രിസ് വോക്‌സ് ഒരു വിക്കറ്റും നേടി. അർധ സെഞ്ച്വറി നേടിയ സൽമാൻ അലി ആഗ(51) ടീമിന്റെ ടോപ് സ്‌കോററർ. അവസാനത്തിൽ മൂന്നു വീതം സിക്‌സറും ഫോറുമടിച്ച് ഹാരിസ് റഊഫും ഒരു സിക്‌സറും മൂന്നു ഫോറുമടിച്ച് ഷഹീൻ അഫ്രീദിയും പൊരുതി, പക്ഷേ വിജയിപ്പിക്കാനായില്ല. മറുപടി ബാറ്റിംഗ് തുടങ്ങിയ പാകിസ്താന് ആദ്യ മൂന്നോവർ കഴിയുന്നതിന് മുമ്പേ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. അബ്ദുല്ല ഷഫീഖ് (0), ഫഖർ സമാൻ (1) എന്നിവരുടെ വിക്കറ്റാണ് ആദ്യം വീണത്. ഡേവിഡ് വില്ലിയാണ് രണ്ടുപേരെയും പറഞ്ഞയച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബെൻ സ്റ്റോക്സ് (84), ജോ റൂട്ട് (60), ജോണി ബെയർസ്റ്റോ (59) എന്നിവരുടെ അർധസെഞ്ച്വറി മികവിലാണ് ടീം 337 റൺസ് നേടിയത്. എന്നാൽ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി. ഓപ്പണർ ഡേവിഡ് മലാനും(31) ഹാരി ബ്രൂക്കും(30) നായകൻ ജോസ് ബട്ലറും (27) ടീം സ്‌കോറിലേക്ക് ചെറിയ സംഭാവന നൽകി.

എട്ട് മത്സരങ്ങളിൽ നാല് വിജയങ്ങളുള്ള പാകിസ്താന് ഇന്ന് ഇംഗ്ലണ്ടിനെതിരെ വിജയം നേടിയാലും സെമിയിലേക്ക് മുന്നേറുക അപ്രാപ്യമായിരുന്നു. ന്യൂസിലൻഡിനെ മറികടന്ന് സെമിയിലെത്തണമെങ്കിൽ പാകിസ്താന് 287 റൺസിനോ 284 പന്ത് ശേഷിക്കെയോ വിജയിക്കണമായിരുന്നു. ഇത്തവണകൂടി സെമിയിൽ എത്താനാകാത്ത ടീമിന് തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് സെമി കാണാതെ പുറത്തുപോകേണ്ടി വരുന്നത്. ഇത്തവണത്തെ ലോകകപ്പ് ഓർക്കാൻ ഇംഗ്ലണ്ടും ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാകില്ല. നിലവിലെ ചാമ്പ്യൻമാരായി എത്തിയ ഇംഗ്ലീഷ് സംഘത്തിന് പാകിസ്താന് മുമ്പ് നെതർലൻഡ്സിനെതിരെയും ബംഗ്ലാദേശിനെതിരെയും മാത്രമാണ് വിജയം നേടാനായത്. ലോകക്രിക്കറ്റിലെ വമ്പൻമാർ ഒപ്പമുണ്ടായിട്ടും ദയനീയപ്രകടനമാണ് പല മത്സരങ്ങളിലും ടീം പുറത്തെടുത്തത്.



ODI World Cup Semi Line-up; The first match is between India and New Zealand

TAGS :

Next Story