'നിന്റെ അവസരം വരും'; രോഹിത് അന്ന് പറഞ്ഞത് വെറുതെയായില്ല, ആ ദിനം വരുക തന്നെ ചെയ്തു.

കൊൽക്കത്ത: ടി20 ലോകകപ്പിൽ വിൻഡീസിനെതിരായ മാച്ച് വിന്നർ പെർഫോമൻസിലൂടെ ഇന്ത്യക്കാരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. 50 പന്തിൽ 97 റൺസ് സ്കോർ ചെയ്ത് മിന്നും പ്രകടനത്തോടെ ഇന്ത്യൻ ടീമിനെ സെമിയിലേക്ക് നയിച്ച സഞ്ജു ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. തനിക്ക് കിട്ടിയ അവസരം ഭംഗിയായി ഉപയോഗിച്ച് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാനും മലയാളി താരത്തിന് ഈ പ്രകടനത്തോടെ സാധിച്ചു. അതിന് പിന്നാലെ സഞ്ജുവിനോട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ലോകകപ്പിന് മുമ്ബ് പറഞ്ഞു വെച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്.
ശുഭ്മാൻ ഗില്ലിനെ പിന്തള്ളി ലോകകപ്പിൽ ഓപ്പണിങ് റോളിലും ഫസ്റ്റ് വിക്കറ്റ് കീപ്പറായും സ്ഥാനപുറപ്പിച്ച സഞ്ജുവിന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. ന്യൂസിലന്റിനെതിരായ ടി20 സീരീസിലെ മോശം പ്രകടനവും ഇഷാൻ കിഷന്റെ തകർപ്പൻ ഫോമും കൂടിയായപ്പോൾ ലോകകപ്പിലേക്ക് എത്തിയപ്പോഴേക്കും ആദ്യ ഇലവനിൽ സഞ്ജുവിന്റെ സ്ഥാനം തെറിച്ചു. അങ്ങനെയിരിക്കെ യുഎസ്എക്കെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിൽ വെച്ച് രോഹിത് സഞ്ജുവിനെ കണ്ടപ്പോൾ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
'നിരാശപ്പെടേണ്ട ഇതൊരു നീണ്ട ടൂർണമെന്റാണ് നിന്റെ അവസരം വരും' എന്നായിരുന്നു രോഹിത് പറഞ്ഞുവെച്ചത്. ആറ് മത്സരങ്ങൾക്ക് ശേഷം ആ അവസരം വന്നെത്തി സിംബാബ്‌വെക്കെതിരെ ചെന്നൈയിൽ. വലിയ സ്കോർ നേടാൻ സാധിച്ചില്ലെങ്കിലും ടീമിന് നല്ലൊരു തുടക്കം നൽകാൻ താരത്തിനായി. ഇതോടെ വിഡീസിനെതിരെയുള്ള ടീമിലും തന്റെ സ്ഥാനമുറപ്പിച്ച സഞ്ജു ഈഡൻ ഗാർഡൻസിൽ ആ രാത്രി തന്റേതാക്കുകയായിരുന്നു. 197 റൺസെന്ന കൂറ്റൻ സ്കോർ മുന്നിലേക്ക് വെച്ചുതന്ന വിൻഡീസ് തുടക്കത്തിൽ തന്നെ അഭിഷേകിനെയും ഇഷാൻ കിഷനെയും പുറത്താക്കി. വൈകാതെ സൂര്യകുമാറും പവലിയനിലേക്ക് മടങ്ങി. പക്ഷെ ഇന്ത്യക്കാർക്ക് പ്രതീക്ഷയേകി സഞ്ജു ബാറ്റുമേന്തി മറുപുറത്ത് പൊരുതി നിൽക്കുന്നുണ്ടായിരുന്നു. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം ക്രീസിൽ തുടർന്ന സഞ്ജു തന്റെ രാജ്യത്തെ ക്ലാസ് പ്രെഫോമൻസിലൂടെ വിജയത്തിലേക്ക് നയിച്ചു.
മാർച്ച് 5 വ്യാഴാഴ്ചയാണ് ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ സെമി ഫൈനൽ പോരാട്ടം. രാത്രീ ഏഴിന് മുംബയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
Adjust Story Font
16

