'തെറ്റുചെയ്തുവെന്ന് ദൈവം പറഞ്ഞാലും വിശ്വസിക്കില്ല': ശ്രീശാന്തിന്റെ ജയിൽ ഓർമകൾ പങ്കുവെച്ച് ഭാര്യ
മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് അത്ര എളുപ്പത്തിൽ മറക്കാനാവാത്ത പേരാണ് ശ്രീശാന്തിന്റേത്

- Updated:
2026-02-02 10:17:34.0

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് അത്ര എളുപ്പത്തിൽ മറക്കാനാവാത്ത പേരാണ് ശ്രീശാന്തിന്റേത്. റിക്കി പോണ്ടിങ്, മാത്യു ഹൈഡൻ, ആൻഡ്രൂ സൈമണ്ട്സ് ത്രയങ്ങൾ ബൗളർമാരെ വിറപ്പിച്ചിരുന്ന കാലത്ത് അവരോട് മുട്ടിനിൽക്കാൻ പ്രാപ്തമായി വളർന്നുവന്ന 'തന്റേടിയായിരുന്നു' ശ്രീശാന്ത്. എന്നാൽ 2013 ഐപിഎൽ സീസണിലെ വാതുവെപ്പ് കേസ് അദ്ദേഹത്തിന്റെ കരിയറിൽ നിഴൽ വീഴ്ത്തി. വാതുവെപ്പ് വിവാദത്തെ തുടർന്ന് ശ്രീശാന്തിനെ ആജീവനന്തമായി വിലക്കിയെങ്കിലും പിന്നീട് റദ്ദാക്കി.
2013 മെയ് 16ന് വാതുവെപ്പ് കുറ്റത്തിന് ശ്രീശാന്തിനെയും രാജസ്ഥാൻ റോയൽസ് ടീമംഗങ്ങളായ അജിത് ചൻഡിലയെയും അങ്കിത് ചവാനെയും ഡൽഹി പൊലീസ് മുംബൈയിൽ അറസ്റ്റ് ചെയ്തു. തുടർന്ന് 27 ഓളം ദിവസം അദ്ദേഹം തിഹാർ ജയിലിൽ കഴിഞ്ഞു. 2013ലെ വാതുവെപ്പ് കേസിൽ അറസ്റ്റിലായ ശ്രീശാന്തിന്റെ കഠിനമായ ദിവസങ്ങൾ ഓർമിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ ഭുവന്വേശരി കുമാരി.
ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുമ്പോൾ അവർ തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്ന സമയമായിരുന്നു. ഈ കാലയളവിൽ ശ്രീശാന്തിന്റെ കഷ്ടപ്പാട് പങ്കിടാൻ ഭുവനേശ്വരി തറയിലാണ് ഉറങ്ങിയതെന്ന് ദി ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ അവർ പറഞ്ഞു. ശ്രീശാന്ത് അറസ്റ്റിലായ വാർത്ത അറിയുമ്പോൾ താൻ ഹൈദരാബാദിൽ ആയിരുന്നെന്നും ഭൂമി പിളർന്ന് താഴേക്ക് പതിച്ചിരുന്നെങ്കിൽ എന്നാണ് ആഗ്രഹിച്ചതെന്നും ഭുവനേശ്വരി പറഞ്ഞു. 'ദൈവം തന്നെ വന്ന് ശ്രീശാന്ത് ഇത് ചെയ്തു എന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല.' അവർ കൂട്ടിച്ചേർത്തു.
ആ സമയത്ത് ആത്മഹത്യയുടെ വക്കിലെത്തിയിരുന്നുവെന്നും എന്നാൽ ഭുവനേശ്വരിയുടെയും അവരുടെ കുടുംബത്തിന്റെയും പിന്തുണയാണ് തന്നെ രക്ഷിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം 2013 ഡിസംബറിൽ ഇരുവരും വിവാഹിതരായി. ഭുവനേശ്വരി രാജസ്ഥാനിലെ അൽവാറിലെ ദിവാൻപുര രാജകുടുംബാംഗമാണ്. ഭുവനേശ്വരിയുടെ അച്ഛനെ കോടതിയിലാണ് ശ്രീശാന്ത് ആദ്യമായി കണ്ടുമുട്ടിയത്. അവിടെ അദ്ദേഹം ധൈര്യം പകർന്നു കൊടുത്തു. തന്റെ മോശം കാലത്ത് കൂടെ നിന്ന ഭാര്യ കുടുംബത്തെ ഇപ്പോഴും ശ്രീശാന്ത് നന്ദിയോടെയാണ് ഓർക്കുന്നത്.
Adjust Story Font
16
