സച്ചിൻ ടെണ്ടുൽക്കറുടെ ഏകദിന റെക്കോർഡ് സ്വന്തം പേരിലാക്കാനൊരുങ്ങി വിരാട് കോഹ്ലി

രാജ്കോട്ട്: സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിക്ക് സച്ചിന്റെയും രോഹിതിന്റെയും പേരിലുള്ള റെക്കോർഡ് സ്വന്തം പേരിലാക്കാൻ ഇനി ഒരു അർദ്ധ സെഞ്ച്വറി അകലം മാത്രം. ബുധനാഴ്ച ന്യുസിലാൻഡുമായി നടക്കുന്ന ഏകദിന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടാനായാൽ തുടർച്ചയായ ആറ് മത്സരങ്ങൾ 50 ന് മുകളിൽ റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമാകും വിരാട് കോഹ്ലി. നിലവിൽ അഞ്ച് തുടർച്ചയായ അർദ്ധ സെഞ്ച്വറികളുമായി സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ, അജിങ്കെ രഹാനെ, രാഹുൽ ദ്രാവിഡ് എന്നിവർക്കൊപ്പമാണ് വിരാട്.
ആസ്ട്രേലിയക്കെതിരായ സിഡ്‌നിയിൽ നടന്ന ഏകദിന മത്സരത്തിൽ തുടങ്ങി അവസാനം നടന്ന ന്യുസിലാൻഡുമായുള്ള ആദ്യ ഏകദിനത്തിലും കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ 156.3 ആവറേജിൽ 469 റൺസാണ് താരം അടിച്ച് കൂട്ടിയത്. കഴിഞ്ഞ മത്സരത്തിൽ വിരാട് നേടിയ 93 റൺസാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ഏകദിനത്തിൽ തുടർച്ചയായ മത്സരങ്ങൾ 50 ന് മുകളിൽ റൺസ് നേടുന്ന താരത്തിന്റെ റെക്കോർഡ് നിലവിൽ പാകിസ്ഥാൻ താരം ജാവേദ് മൈൻദാദിന്റെ പേരിലാണ്. തുടർച്ചയായ ഒമ്പത് മത്സരങ്ങളിലാണ് പാക് താരം അർദ്ധ സെഞ്ച്വറികൾ നേടിയത്. തൊട്ട് പുറകിൽ ഏഴ് തുടർച്ചയായ മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറിയുമായി ഇമാം ഉൽ ഹക്കാനുള്ളത്.
തുടർച്ചയായ ആറ് മത്സരങ്ങളിൽ 50 ന് മുകളിൽ റൺസുമായി കെയ്ൻ വില്യംസൺ, ബാബർ അസം, ഷായി ഹോപ്, ക്രിസ് ഗെയ്ൽ, റോസ് ടെയ്‌ലർ, പോൾ സ്റ്റിർലിങ് എന്നിവരാണുള്ളത്. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ തകർപ്പൻ ഫോമിൽ തുടരുന്ന വിരാട് കോഹ്‌ലിയുടെ ചിറകിലേറി പറക്കാനായിരിക്കും ഇന്ത്യയുടെ പ്രതീക്ഷ. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് 1:30 നാണ് മത്സരം.
Adjust Story Font
16

