ഗുജറാത്തിനെതിരെ കോഹ്‌ലിക്കൊപ്പം ആര് ഓപ്പണറാകും? ഉത്തരവുമായി ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടിദാർ

ധരംശാല: ഐപിഎൽ 2026 ആദ്യ ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടുമ്പോൾ ആരാധകർക്കുള്ള പ്രധാന ചോദ്യം ഇംഗ്ലീഷ് ഓപണർ ഫിൽ സാൾട്ടിനെ കുറിച്ചാകും. പരിക്ക് ഭേദമായി ടീമിനൊപ്പം ചേർന്ന താരം സൺറൈസേഴ്സിനെതിരായ അവസാന ലീഗ് മത്സരത്തിൽ ബെഞ്ചിലുണ്ടായിരുന്നു. എന്നാൽ താരം തിരികെ ഓപ്പണിങ് സ്ലോട്ടിലേക്ക് എത്തുമോ എന്ന ആശങ്കയിലായിരിക്കും ആരാധകർ. മത്സരത്തിന് മുന്നോടിയായി ക്യാപ്റ്റൻ രജത് പാട്ടിദാറിനോട് ഈ ചോദ്യം ചോദിച്ചപ്പോൾ കൃത്യമായ ഉത്തരം നൽകാൻ താരത്തിന് സാധിച്ചില്ല.
"അദ്ദേഹം ഫിറ്റാണ്, കൂടാതെ പരിശീലനവും നടത്തുന്നുണ്ട്, എന്നാൽ ഞങ്ങൾ ഇതുവരെ പ്ലെയിങ് ഇലവനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ല," പാട്ടിദാർ പറഞ്ഞു.
ഏപ്രിൽ 18ന് ഡൽഹി ക്യാപിറ്റേഴ്‌സുമായി നടന്ന മത്സരത്തിൽ ഡൈവ് ചെയ്യുന്നതിനിടെ കൈ വിരലിന് പരിക്കേറ്റ താരം തിരികെ നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീടുള്ള എട്ട് മത്സരങ്ങളിൽ ഇംഗ്ലീഷ് താരം കളിച്ചിട്ടില്ല. നാട്ടുകാരനായ ജേക്കബ് ബെത്തലാണ് സാൾട്ടിന് പകരം ഇറങ്ങിയത് എന്നാൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചില്ല. തുടർന്ന് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബെത്തലിനും പരിക്കേറ്റു. പിന്നീടുള്ള മത്സരത്തിൽ വെങ്കടേഷ് അയ്യരാണ് കൊഹ്‌ലിക്കൊപ്പം ഓപ്പണറായിറങ്ങിയത്. മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചതെങ്കിലും മത്സരത്തിൽ വിജയിക്കാൻ ആർസിബിക്ക് സാധിച്ചില്ല.
കണക്കുകൾ പരിശോധിച്ചാൽ നിലവിലെ സീസണിൽ ഫിൽ സാൾട്ടിന്റെ അസാന്നിധ്യം ടീമിന്റെ വിജയ ശതമാനത്തിന് വലിയ കോട്ടമുണ്ടാക്കിയിട്ടില്ല. സാൾട്ട് കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് നാല് വിജയവും രണ്ട് തോൽവിയും ടീം നേരിട്ടു. അതെ സമയം സാൾട്ട് കളിക്കാതിരുന്ന എട്ട് മത്സരങ്ങളിൽ അഞ്ച് ജയവും മൂന്ന് തോൽവിയുമാണ് നേരിട്ടത്. എന്നാൽ ടോപ് ഓർഡറിൽ സാൾട്ടിന്റെ സ്ഫോനാത്മക ബാറ്റിങ് പ്രകടനം ആർസിബിക്ക് നഷ്ടമായിരുന്നു. ബെത്തൽ നിരാശപെടുത്തിയപ്പോൾ വിരാട് കോഹ്‌ലിയും, ദേവ്‌ദത്ത് പടിക്കലും ചേർന്നാണ് ആർസിബിയെ മുന്നോട്ട് നയിച്ചത്. ബൗളിങ് ഡിപ്പാർട്മെന്റ് ശക്തമായത് ആർസിബിയെ തുണച്ചു.
നിലവിലെ സീസണിൽ ആറ് മത്സരങ്ങളിൽ 168.33 സ്ട്രൈക്ക് റേറ്റിൽ 202 റൺസാണ് ഇംഗ്ലീഷ് താരത്തിന്റെ ബാറ്റിങ് നിന്ന് പിറന്നത്. രണ്ട് അർധ സെഞ്ച്വറികളും താരം കുറിച്ചു. മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡേയിൽ 36 പന്തിൽ നേടിയ 78 റൺസാണ് സാൾട്ടിന്റെ നിലവിലെ സീസണിലെ ടോപ് സ്കോർ. പരിക്ക് മൂലം ജേക്കബ് ബെത്തലിന് സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമായ സ്ഥിതിക്ക് മുന്നോട്ടുള്ള മത്സരങ്ങളിൽ ഇംഗ്ലീഷ് വലങ്കയ്യൻ ബാറ്ററുടെ സാന്നിധ്യം ബെംഗളൂരുവിന് നിർണായകമാകും.
മെയ് 26ന് ധരംശാലയിൽ രാത്രി 7:30നാണ് ബെംഗളൂരു - ഗുജറാത്ത് ആദ്യ ക്വാളിഫയർ പോരാട്ടം.
Adjust Story Font
16

